ബിജെപി എം പി. സാവിത്രി ഭായ് ഫൂലെ, എസ് പി നേതാവ് രാകേഷ് സച്ചന്‍ കോണ്‍ഗ്രസില്‍

Posted on: March 3, 2019 1:26 pm | Last updated: March 3, 2019 at 3:08 pm

ന്യൂഡല്‍ഹി: കിഴക്കന്‍ യു പിയിലെ ബഹ്‌റായിച്ചില്‍ നിന്നുള്ള ബി ജെ പി എം പി. സാവിത്രി ഭായ് ഫൂലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബി ജെ പി നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ചു വരികയായിരുന്നു ഫൂലെ. സമാജ് വാദി പാര്‍ട്ടി നേതാവും ഫത്തേഹ്പൂര്‍ മുന്‍ എം പിയുമായ രാകേഷ് സച്ചനും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യഥാക്രമം കിഴക്ക്, പടിഞ്ഞാറ് യുപിയുടെ ഉത്തരവാദിത്തമുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശനിയാഴ്ച വൈകിട്ട് ഇരുവരുടെയും പാര്‍ട്ടി പ്രവേശം.

ബി ജെ പി ധ്രുവീകരണ രാഷ്ട്രീയം
കളിക്കുകയാണെന്നും ക്ഷേത്രങ്ങളും പ്രതിമകളും നിര്‍മിക്കാന്‍ വേണ്ടി പണം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും മറ്റും ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫൂലെ ബി ജെ പിയില്‍ നിന്നു രാജിവച്ചിരുന്നു. ഫൂലെയുടെ രംഗപ്രവേശത്തോടെ കിഴക്കന്‍ യുപിയില്‍ ശക്തമായ ദളിത് വേരുകളുള്ള നേതാവിനെയാണ് കോണ്‍ഗ്രസിനു ലഭിച്ചിരിക്കുന്നത്. ബഹ്‌റായിച്ച് മേഖലയില്‍ വന്‍ റാലികള്‍ സംഘടിപ്പിക്കുന്നതിനും ജനക്കൂട്ടത്തെ എത്തിക്കുന്നതിനുമുള്ള ഫൂലെയുടെ പ്രാപ്തി രാഷ്ട്രീയ വൃത്തങ്ങളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

‘ബാബ ഭീംറാവു അംബേദ്കര്‍ രൂപവത്കരിച്ച ഭരണഘടനയുടെ ഭാഗമായാണ് ഞാന്‍ പാര്‍ലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ബി ജെ പി ഭരണത്തില്‍ ആ ഭരണഘടന ഭീഷണി നേരിടുകയാണ്. സംവരണം അട്ടിമറിക്കാനും ബി ജെ പി ശ്രമിക്കുന്നു. ദേശീയ തലത്തില്‍ ബി ജെ പിയെ തടയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് ബി ജെ പിക്കു മാത്രമാണ്. അതിനാല്‍ത്തന്നെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്.’-സണ്‍ഡേ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ ഫൂലെ പറഞ്ഞു.

ദളിത്-പിന്നാക്ക ജാതി വിരോധ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.  ബി ജെ പി എം എല്‍ എ അവതാര്‍ സിംഗ് ബദാനയും കഴിഞ്ഞ മാസം പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ഫത്തേഹ്പൂരില്‍ നിന്നു തന്നെ വീണ്ടും ജനവിധി തേടാന്‍ രാകേഷ് സച്ചന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എസ് പി-ബി എസ് പി സഖ്യം രൂപപ്പെട്ടതിന്റെ ഭാഗമായി ആ സീറ്റ് ബി ജെ പിക്കു പോയി. അതിനു ശേഷം മറ്റു വഴികള്‍ തേടുകയായിരുന്നു സച്ചനെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നു.