Connect with us

Ongoing News

തമിഴകത്ത്‌ വന്മരങ്ങളില്ല, മഹാസഖ്യങ്ങൾ മാത്രം

Published

|

Last Updated

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡി എം കെ നേതാവ് എം കെ സ്റ്റാലിനും പൊതുപരിപാടിക്കിടെ

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസും ബി ജെ പിയുമെന്നപോലെ തമിഴ് രാഷ്ട്രീയം എന്നും രണ്ട് ദ്രാവിഡ പാർട്ടികൾക്ക് ചുറ്റുമാണ്. കാൽനൂറ്റാണ്ട് കാലത്തെ സംസ്ഥാനത്തെ തുടർച്ചയായ ഭരണമാറ്റത്തിന് അവസാനം കുറിച്ചാണ് തമിഴ്‌നാട് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് വർഷമാകുമ്പോൾ രാഷ്ട്രീയ സാഹചര്യങ്ങളും സഖ്യ സമവാക്യങ്ങളും പാടെ മാറിയിരിക്കുന്നു. ജയലളിതയില്ലാതെ എ ഐ എ ഡി എം കെയും കരുണാനിധിയില്ലാതെ ഡി എം കെയും തിരഞ്ഞടുപ്പിനെ നേരിടുന്നു. ഡി എം കെയും എ ഐ എ ഡി എം കെയും മുന്നണിയായി കളത്തിലിറങ്ങുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെയാണ് എ ഐ എ ഡി എം കെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുൻ വർഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന കോൺഗ്രസിനെ മാറ്റിനിർത്താൻ ഡി എം കെയും ശ്രമിച്ചു. ഇത്തവണ കാര്യങ്ങൾ അത്ര നിസ്സാരമല്ലെന്ന് ഇരു കക്ഷികളും തിരിച്ചറിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിൽ 37ഉം നേടിയത് എ ഐ എ ഡി എം കെയായിരുന്നു. സഖ്യമായി മത്സരിച്ച ബി ജെ പിയും പി എം കെയും ഓരോ സീറ്റ് നേടി. ഇതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 134 സീറ്റ് നേടിയാണ് എ ഐ എ ഡി എം കെ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തിയത്. മുഖ്യ പ്രതിപക്ഷമായ ഡി എം കെക്ക് 89 സീറ്റാണ് ലഭിച്ചത്.

പിളർപ്പും സഖ്യവും

ഭരണകക്ഷിയായ എ ഐ എ ഡി എം കെയും ബി ജെ പിയും തമ്മിലാണ് ആദ്യം സഖ്യം പ്രഖ്യാപിച്ചത്. ജയലളിതയുടെ മരണവും തുടർന്നുണ്ടായ പാർട്ടിയിലെ പിളർപ്പും വഴി സഖ്യത്തിന്റെ ആവശ്യം ഏറ്റവും അനിവാര്യമായിരുന്നത് എ ഐ എ ഡി എം കെക്കാണ്. ഒപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കുകയെന്ന ബി ജെ പി ലക്ഷ്യവും ഒത്തുചേർന്നപ്പോൾ പ്രതീക്ഷിത സഖ്യം നിലവിൽ വന്നു. എസ് രാമദോസിന്റെ നേതൃത്വത്തിലുള്ള പട്ടാളി മക്കൾ കച്ചിയും (പി എം കെ), എൻ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എൻ ആർ കോൺഗ്രസും സഖ്യത്തിലുണ്ട്. നടൻ വിജയകാന്തിന്റെ ഡി എം ഡി കെയെ ഒപ്പം നിർത്താൻ ബി ജെ പി ശ്രമിക്കുന്നുണ്ടെങ്കിലും സീറ്റ് ചർച്ചയിൽ തട്ടി നിൽക്കുകയാണ്. പി എം കെക്ക് നൽകിയതുപോലെ ഏഴ് സീറ്റും ഒരു രാജ്യസഭാ സീറ്റുമാണ് വിജയകാന്ത് മുന്നോട്ടുവെക്കുന്നത്. ഇക്കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡി എം കെക്കൊപ്പമായിരിക്കും ക്യാപ്റ്റൻ നിലയുറപ്പിക്കുക. 2004ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് മുമ്പ് ബി ജെ പിയുമായി എ ഐ എ ഡി എം കെ സഖ്യമായത്. അന്ന് ഒരു സീറ്റിൽ പോലും വിജയിക്കാൻ ഇരു കക്ഷികൾക്കും സാധിച്ചിരുന്നില്ല.

കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ
പീയുഷ് ഗോയൽ എ ഐ എ ഡി എം കെ സഖ്യം പ്രഖ്യാപിക്കുന്നു

വണ്ണിയാർ സമുദായത്തിന്റെ ശക്തമായ വോട്ട് ബേങ്കുള്ള പി എം കെയെ ഒപ്പംനിർത്താനായതാണ് പ്രധാന നേട്ടം. വടക്കൻ തമിഴ്‌നാട്ടിലെ ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളിൽ നിർണായക ശക്തിയാണ് പി എം കെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം നിന്ന് ഒരു സീറ്റ് മാത്രമേ പി എം കെക്ക് നേടാനായിരുന്നുള്ളൂ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉൾപ്പെടെ ആറ് മന്ത്രിമാർ ഉൾപ്പെടുന്ന ഗൗണ്ടർ സമുദായത്തിന്റെ വോട്ടും സഖ്യം ലക്ഷ്യമിടുന്നു. ജയലളിതക്ക് ശേഷം പൊതുസമ്മതനായ നേതൃത്വം ഇല്ലാത്തത് എ ഐ എ ഡി എം കെയെ വലക്കുന്നുണ്ട്.

ഡി എം കെക്ക് ജയിക്കണം, കോൺഗ്രസിനും

രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി സഖ്യമായി മത്സരിച്ച എം കെ സ്റ്റാലിന്റെ ഡി എം കെയും കോൺഗ്രസും കഴിഞ്ഞ തവണയാണ് വേർപെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യോജിച്ചെങ്കിലും ജയലളിത ഭരണം അവസാനിപ്പിക്കാൻ ആ കൂട്ടുകെട്ടിന് സാധിച്ചില്ല. കോൺഗ്രസിന് പുറമെ വൈകോയുടെ എം ഡി എം കെ, തിരുമാവളവന്റെ വി സി കെ, മുസ്‌ലിം ലീഗ്, ഇടതു പാർട്ടികൾ എന്നിവയും ഡി എം കെക്കൊപ്പമുണ്ട്. ദളിത്, മുസ്‌ലിം, ക്രിസ്‌ത്യൻ വോട്ടുകൾ ഏകീകരിക്കാൻ മുന്നണിക്ക് സാധിച്ചേക്കും. ഇതിന് പുറമെ ബി ജെ പിയുമായി അണ്ണാ ഡി എം കെ സഖ്യം പ്രഖ്യാപിച്ചത് വഴി ലഭിക്കുന്ന പിന്നാക്ക വോട്ടുകളും കൂടുതൽ മണ്ഡലങ്ങളിലെ ജയസാധ്യത ഉറപ്പിക്കുന്നതായി ഡി എം കെ പ്രതീക്ഷിക്കുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ ഉയരുന്ന ഭരണവിരുദ്ധ വികാരവും എ ഐ എ ഡി എം കെ പിളർത്തി അമ്മ മക്കൾ മുന്നേറ്റ കഴകവുമായി (എ എം എം കെ) തിരഞ്ഞെടുപ്പിനെ നേരിടുന്ന ടി ടി വി ദിനകരനും തുണയാകുമെന്നും ഡി എം കെയും കോൺഗ്രസും പ്രതീക്ഷിക്കുന്നു. കൊങ്കുനാടു മക്കൾ ദേശീയ കച്ചി ജനറൽ സെക്രട്ടറി ഇ ആർ ഈശ്വരൻ വഴി ഗൗണ്ടർ സമുദായ വോട്ടും സഖ്യം ലക്ഷ്യമിടുന്നുണ്ട്.

പ്ലാൻ ദിനകരൻ

എ ഐ എ ഡി എം കെയുടെ കണ്ണിലെ കരടും ഡി എം കെയുടെ പ്രതീക്ഷയുമാണ് എ എം എം കെയുമായി മുഴുവൻ മണ്ഡലങ്ങളിലും ജനവിധി തേടാനൊരുങ്ങുന്ന ദിനകരൻ. സംസ്ഥാനത്തെ 21 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും 2021ൽ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുമാണ് ദിനകരൻ ലക്ഷ്യമിടുന്നത്. ജയലളിതക്ക് ലഭിച്ച ന്യൂനപക്ഷ, പിന്നാക്ക വോട്ടുകൾ ദിനകരന് ലഭിച്ചേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന്റെ ആത്മവിശ്വാസവും ദിനകരനുണ്ട്.

തലൈവരില്ല, കൂട്ടില്ലാതെ കമൽ

രാഷ്ട്രീയ പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ച രജനികാന്ത് ഇത്തവണ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പലതവണ പിന്തുണക്കുകയും ഇടക്കിടെ മാറ്റിപ്പറയുകയും ചെയ്ത രജനിയുടെ ലക്ഷ്യവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ്. മക്കൾ നീതി മയ്യവുമായി 39 മണ്ഡലങ്ങളിലും ഇറങ്ങുമെന്നാണ് കമൽഹാസൻ വ്യക്തമാക്കിയത്. രണ്ട് പ്രധാന ദ്രാവിഡ പാർട്ടികളും സഖ്യമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ നടൻ കമൽഹാസന് കാര്യമായ ചലനങ്ങളുണ്ടാക്കാനായേക്കില്ല.

Latest