ജമ്മു കശ്മീര്‍ അവിഭാജ്യ ഘടകം, രാജ്യത്തിന്റെ മാത്രം വിഷയം; ഒ ഐ സി പ്രമേയത്തിന് ഇന്ത്യയുടെ മറുപടി

Posted on: March 3, 2019 12:36 pm | Last updated: March 3, 2019 at 4:50 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇക്കാര്യം രാജ്യത്തിന്റെ മാത്രം വിഷയമാണെന്നും ഇന്ത്യ. കശ്മീര്‍ ജനതയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെ (ഒ ഐ സി) രാഷ്ട്രീയ പ്രമേയത്തിനുള്ള മറുപടിയായാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സുവ്യക്തമാണെന്നും അതില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങളോട് അതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടണമെന്ന് ഒ ഐ സി സമ്മേളനത്തില്‍ വിദേശ വകുപ്പു മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.