Connect with us

Kerala

ചിതറയിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കോണ്‍ഗ്രസ്; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്ന് ചെന്നിത്തല

Published

|

Last Updated

കൊച്ചി: കൊല്ലം ചിതറയിലെ സിപിഎം പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് കോണ്‍ഗ്രസ്. പെരിയ കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സിപിഎം കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ഏത് അന്വേഷണവും നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. നിജസ്ഥിതി അന്വേഷിക്കാന്‍ സിപിഎം പ്രതിനിധി സംഘത്തെ അയക്കാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസ് സൗകര്യമൊരുക്കാമെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ചിതറയിലെ സിപിഎം പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയാണ് ചിതറയിലുണ്ടായതെന്നും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ വ്യക്തി തര്‍ക്കമാക്കുന്നതായും കോടിയേരി പറഞ്ഞു. പെരിയ കൊലപാതകത്തിന് തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയിരുന്നു. കൊലക്കത്തി താഴെവയ്ക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. ചിതറ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. തിരിച്ചടിക്കരുതെന്നും കോടിയേരി പറഞ്ഞു.

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീറാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലക്കു കാരണമെന്നാണു പോലീസ് പറയുന്നത്. ബഷീര്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടാകുകയും ഇതിന് പിന്നാലെ ഷാജഹാന്‍ ബഷീറിനെ വീട്ടിലെത്തി കുത്തിയെന്നുമാണ് പോലീസ് അറിയിച്ചത്.