Connect with us

Wayanad

കായികമേഖലയുടെ സമഗ്ര വികസനം സർക്കാർ ലക്ഷ്യം: ഇ പി ജയരാജൻ

Published

|

Last Updated

കൽപ്പറ്റ: കായികമേഖലയുടെ സമഗ്രവികസനം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് വ്യവസായ, കായിക യുവജനക്ഷേമ മന്ത്രി ഇ പി ജയരാജൻ. കൽപ്പറ്റ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കായികരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനായി 700 കോടി രൂപയാണ് ഇതിനകം സർക്കാർ അനുവദിച്ചത്. ഇതുപയോഗിച്ച് 14 ജില്ലകളിലും സ്റ്റേഡിയങ്ങളുടേതടക്കം പ്രവൃത്തി നടന്നു വരികയാണ്. 54 ഇൻഡോർ സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. കായികമേഖലയുടെ വികസനത്തിന് മറ്റെന്തെല്ലാം സാധ്യതകളുണ്ടെന്നതും പരിശോധിച്ചു വരികയാണ്. കുട്ടികൾക്കും യുവജനങ്ങൾക്കും കളിച്ചുപഠിച്ച് വളരാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്പോർട്സ് സ്‌കൂൾ സ്ഥാപിക്കും.

കൽപ്പറ്റ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം നിർമാണോദ്ഘാടനം
മന്ത്രി ഇ പി ജയരാജൻ നിർവഹിക്കുന്നു

എല്ലാ കായിക വിനോദങ്ങളും പ്രോൽസാഹിപ്പിക്കുകയെന്നതാണ് സർക്കാർ നയം. കായികപ്രതിഭകളെ വളർത്തിയെടുക്കാൻ നിരവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മികച്ച പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. 2024 ഒളിംപിക്സിൽ മെഡൽ നേട്ടമെന്ന ലക്ഷ്യത്തോടെ 11 ഇനങ്ങൾ തിരഞ്ഞെടുത്ത് കായിക താരങ്ങൾക്ക് പ്രത്യേക കേന്ദ്രങ്ങളിൽ പരിശീലനം നൽകിവരുന്നു. ഇതിൽ അമ്പെയ്ത്ത് പരിശീലനകേന്ദ്രം പുൽപ്പള്ളിയിലാണ്. കായികതാരങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ഇതര സാമ്പത്തിക സഹായങ്ങളും നൽകിവരുന്നുണ്ട്. മുണ്ടേരി മരവയൽ സ്റ്റേഡിയത്തിൽ എട്ടുവരി സിന്തറ്റിക് ട്രാക്ക് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സി കെ ശശീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.

മേപ്പിൾ വുഡ് ഫ്ളോറിങ്, ഗ്യാലറി, വിഐപി ലോഞ്ച്, ഗസ്റ്റ് റൂം, ഓഫിസ് മുറി, മെഡിക്കൽ റൂം, കളിക്കാർക്ക് കായിക ഉപകരണങ്ങൾ സൂക്ഷിക്കാനുമുള്ള മുറികൾ, കഫറ്റേരിയ, ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ സ്റ്റേഡിയത്തിൽ ഉണ്ടാകും. നീന്തൽക്കുളം, പരിശീലനക്കുളം, ഓഫിസ് ബ്ലോക്ക്, മഴവെള്ള സംഭരണി എന്നിവയുമുണ്ടാവും. സനിതാ ജഗദീഷ്, ഉഷാ തമ്പി, ആർ രാധാകൃഷ്ണൻ, സഞ്ജയൻ കുമാർ പങ്കെടുത്തു.