Connect with us

Prathivaram

ഈ ജീവിതം ഒരു വിളക്കുമാടം

Published

|

Last Updated

കണ്ണുകളിൽ കാഴ്ചയുടെ തിരിവെട്ടമില്ല എന്നത് മലപ്പുറം ആലത്തൂർ പടിയിലെ സ്വാദിഖിനെയോ അദ്ദേഹത്തിന്റെ മാതാപിതാക്കളെയോ ഒരിക്കൽ പോലും നിരാശയുടെ ഇരുളിലേക്ക് തള്ളിവിട്ടിട്ടില്ല. ഓരോ സൃഷ്ടിക്കുമുണ്ടല്ലൊ എന്തെങ്കിലുമൊരു അതിജീവന കഴിവ്. പ്രത്യക്ഷത്തിൽ കാണുന്ന ഒരു മാനകവുമായിരിക്കില്ല അതിജീവനത്തിന്റെ അടിസ്ഥാനം. ഈയൊരു ജീവിത ഉൾക്കാഴ്ചയാണ് അവരെ ഉയരങ്ങൾ കീഴടക്കാൻ പര്യാപ്തമാക്കിയത്. കാഴ്ചശക്തി തീരെയില്ലാത്ത ഇരുപത്തിയൊമ്പതുകാരനായ സ്വാദിഖ് ഇന്ന് ഡൽഹി യൂനിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ പി എച്ച് ഡി പൂർത്തിയാക്കാനിരിക്കുകയാണ്. തിരുവനന്തപുരം കെ എൻ എം ആർട്‌സ് ആൻഡ് സയൻസസ് കോളജിലെ ലെക്ചററുമാണ്. ഇല്ലായ്മകളെ മറന്ന് ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടിയുള്ള മുന്നേറ്റം കാഴ്ച വെച്ചാലെ ജീവിതം ദീപ്തമാകൂ എന്നാണ് സ്വാദിഖിന്റെ ജീവിതം നമ്മോട് പറയുന്നത്.

രാജൻ സാറിന്റെ അന്വേഷണം ചെന്നെത്തിയത്…
ജനിച്ചപ്പോൾ തന്നെ കുട്ടി കണ്ണുതുറക്കാത്തതിൽ സങ്കടവും അതോടൊപ്പം ആശങ്കയുമുണ്ടായിരുന്നു മാതാപിതാക്കൾക്ക്. മകന് കണ്ണുകാണില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ നിമിഷം സ്വാദിഖിന്റെ മാതാപിതാക്കൾ നിരാശരാകാതെ പരിഹാര മാർഗങ്ങളിലേക്ക് കടന്നു. രണ്ട് വർഷം പല ചികിത്സകൾ ചെയ്‌തെങ്കിലും ഒരിക്കലും മകന് ഉപ്പയെയും ഉമ്മയെയും ഈ ലോകത്തെയും കാണാനാകില്ലെന്ന അന്തിമ വിധിയെഴുത്തായിരുന്നു ലഭിച്ചത്. പക്ഷെ മകനെ അന്ധനെന്ന് തീറെഴുതി മൂലക്കിരുത്താൻ മാതാപിതാക്കൾ ഒരുക്കമല്ലായിരുന്നു. ജീവിതത്തിന്റെ വിഹായസ്സിലേക്ക് സ്വാദിഖിനെ പറത്തണം. അതിനുള്ള പ്രചോദനാത്മക ശ്രമങ്ങളാണ് ഇനി വേണ്ടതെന്ന ബോധം മാതാപിതാക്കൾക്കുണ്ടായി. കാഴ്ചയില്ലാത്തവരെ എങ്ങനെ വളർത്തണമെന്നും ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന ആശങ്ക മാതാപിതാക്കൾക്കുണ്ടായിരുന്നു. കാഴ്ചയില്ലാത്തവർക്കുള്ള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ധാരണയില്ലാത്തതാണ് ആശങ്കക്കുള്ള പ്രധാന കാരണം.
മങ്കട വള്ളിക്കാപ്പറ്റയിലെ കേരള സ്‌കൂൾ ഫോർ ബ്ലൈൻഡ് എന്ന സ്ഥാപനത്തിലേക്ക് കുട്ടികളെ അന്വേഷിച്ചിറങ്ങിയ രാജൻ സാർ, സ്വാദിഖിന്റെ ഉമ്മയുടെ വീട്ടിലുമെത്തി. ഉപ്പ ഗൾഫിലായത് കൊണ്ട് അക്കാലത്ത് സ്വാദിഖ് ഉമ്മയുടെ വീട്ടിലായിരുന്നു. അമ്മാവന്മാർക്ക് പ്രത്യേക സ്‌നേഹവും പരിഗണനയും സ്വാദിഖിനോട് ഉണ്ടായിരുന്നു. കാഴ്ചയില്ലാത്തവർക്കുള്ള വിദ്യാഭ്യാസത്തെ കുറിച്ച് രാജൻ സാർ അമ്മാവൻ അബ്ദുർറഹ്മാന് വിവരിച്ചുകൊടുത്തു. അങ്ങനെ സ്‌പെഷ്യൽ സ്‌കൂളിനെ കുറിച്ച് അറിഞ്ഞു. ആ അഞ്ച് വയസ്സുകാരനെ സ്‌കൂളിലേക്ക് അയക്കാൻ അവർ തീരുമാനിച്ചു. ഇത്ര ചെറുപ്പത്തിൽ ഹോസ്റ്റൽ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിൽ ഉമ്മക്ക് സങ്കടമുണ്ടായിരുന്നു. സ്വന്തമായി കുളിക്കാനും അലക്കാനുമൊക്കെയുള്ള പ്രയാസം ചിന്തിച്ചിട്ടായിരിക്കാം ഉമ്മ സങ്കടപ്പെട്ടത്. മകന്റെ പുരോഗതിക്ക് തടസ്സമാകരുതെന്ന അതിയായ ആഗ്രഹം, പക്ഷേ വാത്സല്യത്തെ അതിജയിച്ചു.

ഒരു വർഷം വള്ളിക്കാപ്പറ്റയിലും രണ്ട് മുതൽ ഏഴാം തരം വരെ കോഴിക്കോട് റഹ്മാനിയ്യ സ്‌കൂൾ ഫോർ ബ്ലൈൻഡിലുമായിരുന്നു പഠനം. റഹ്മാനിയ്യയിലെ പഠന കാലയളവിലാണ് ബ്രെയിൽ ലിപി, പരസഹായം കൂടാതെയുള്ള യാത്രകൾ, ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങി അന്ധന് വേണ്ട അടിസ്ഥാന ശേഷികൾ സ്വായത്തമാക്കിയത്. ഹൈസ്‌കൂൾ മുതൽ പി എച്ച് ഡി വരെ സാധാരണ വിദ്യാർഥികളോട് കൂടെയായിരുന്നു പഠനം. ഹൈസ്‌കൂൾ മോങ്ങം ഉമ്മുൽഖുറയിലും പ്ലസ്ടു കാലിക്കറ്റ് ഹൈസ്‌കൂളിലും ബിരുദപഠനം ഫാറൂഖ് കോളജിലും ബിരുദാനന്തര ബിരുദം ജെ എൻ യുവിലും പി എച്ച് ഡി ഡൽഹി യൂനിവേഴ്‌സിറ്റിയിലുമായിരുന്നു. ജെ എൻ യുവിൽ പഠിക്കുന്ന സമയത്ത് പഠനോപകരണങ്ങൾ വാങ്ങാൻ മഅ്ദിൻ നൽകിയ സാമ്പത്തിക സഹായം ഏറെ ഗുണപ്രദമായി. 1970- 90 കാലഘട്ടങ്ങളിൽ കാഴ്ച ഇല്ലാത്ത ആളുകൾ സ്‌കൂളിലോ മറ്റോ ചേരുന്നത് പത്തോ പതിനഞ്ചോ വയസ്സാകുമ്പോഴാണ്. എന്നാൽ, തനിക്ക് സാധാരണ വിദ്യാർഥിപ്രായത്തിൽ തന്നെ പഠിക്കാനായതിലൂടെ ഒരുപാട് വർഷങ്ങൾ ലാഭിക്കാനായെന്ന് സ്വാദിഖ് പറയുന്നു.

വിരൽത്തുമ്പ് കൈവിടാതെ
കണക്കെടുപ്പ് സമയത്ത് ചില കുടുംബങ്ങൾ വികലാംഗരുടെ കാര്യം മറച്ചുവെക്കാറുണ്ട്. വിവാഹാലോചന പോലുള്ളവയിൽ ഭംഗം വരുമെന്ന മിഥ്യാധാരണയാണ് ഇതിന് പിന്നിൽ. എന്നാൽ, സ്വാദിഖിന് വീട്ടിൽ നിന്ന് ലഭിച്ചത് പൂർണ പ്രോത്സാഹനമായിരുന്നു. എല്ലാവരുടെയും മുമ്പിൽ തന്നെ പരിചയപ്പെടുത്താനും എല്ലായിടത്തും കൊണ്ടുപോകാനും ഉപ്പ ശ്രദ്ധിച്ചു. പ്രസംഗിക്കാനും ക്ലാസെടുക്കാനുമൊക്കെയുള്ള അവസരങ്ങൾ രക്ഷിതാക്കളൊരുക്കി തന്നിട്ടുണ്ട്. അത് സ്വാദിഖിന്റെ വ്യക്തിവികാസത്തെ ഏറെ സ്വാധീനിച്ചു. വൈകല്യം മറച്ചു വെക്കാതെ അവസരങ്ങൾ നൽകുകയും നല്ല രീതിയിൽ തന്നെ വളർത്തിയെടുക്കുകയും ചെയ്ത് സമൂഹത്തിന് മികച്ച സന്ദേശമാണ് രക്ഷിതാക്കൾ നൽകിയതെന്ന് അദ്ദേഹം സാഭിമാനം പറയുന്നു.
വിദ്യാഭ്യാസ ജീവിതത്തിൽ സ്വാദിഖിനെ സ്വാധീനിച്ച മറ്റൊരു ഘടകമാണ് കൂട്ടുകാർ. കാഴ്ചയുള്ളവരുടെ കൂടെ പഠിക്കുമ്പോഴാണ് അവരുടെ സഹായം കൂടുതൽ ആവശ്യം. നോട്ടുകളും പുസ്തകങ്ങളുമൊക്കെ വായിച്ചുതരാനും പല സ്ഥലങ്ങളിൽ കൊണ്ടുപോകാനും അവർ സഹായിച്ചു. അധ്യാപകർ പറയുന്ന നോട്ടുകൾ ബ്രെയിൽ ലിപിയിൽ എഴുതിയെടുക്കുമ്പോൾ വേഗത കുറവായിരിക്കും. ഈ സമയത്ത് നഷ്ടമാകുന്ന നോട്ടുകൾ വായിച്ചു തരികയോ അല്ലെങ്കിൽ അവരെ കൊണ്ട് പറയിപ്പിച്ച് റെക്കോർഡ് ചെയ്ത് കേൾക്കുകയോ ചെയ്യും. കാഴ്ച ഇല്ലാത്തതിന്റെ പേരിൽ അടിച്ചമർത്തലുകളോ പരിഹാസങ്ങളോ നേരിടേണ്ടി വന്നിട്ടില്ല. കൂട്ടുകാരുടെ പ്രചോദനം ഉയരാനുള്ള ഊർജമായി.

അതിപ്രധാനം സാങ്കേതിക വിദ്യ
കാഴ്ചയില്ലാത്തവരുടെ പഠന/ കരിയർ വികാസത്തിൽ സാങ്കേതികവിദ്യക്ക് പരമപ്രധാന ഇടമാണുള്ളത്. ഡിഗ്രി കാലം മുതലാണ് സാങ്കേതികവിദ്യയോട് സ്വാദിഖ് കൂടുതൽ അടുത്തത്. ഓഡിയോ കൺവെർട്ട് ചെയ്യുന്ന job aceess with speech jaws പോലെയുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ടെക്സ്റ്റുകളൊക്കെ റീഡ് ചെയ്തുതരും. മൊബൈലിലും ഇത് ലഭ്യമാണ്. അതിലൂടെ അസൈൻമെന്റുകളും പ്രൊജക്ടുകളും ചെയ്യാനായി. സാങ്കേതികവിദ്യ വഴിതെറ്റിപ്പിക്കുന്ന കാലഘട്ടത്തിൽ സ്വാദിഖിന് പറയാനുള്ളത്, രക്ഷിതാക്കൾ സാങ്കേതികവിദ്യയെ ഗുണാത്മകമായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണമെന്നാണ്.
കഴിഞ്ഞ ജൂൺ ആറിനാണ് അധ്യാപന ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. കേരളത്തിന്റെ തെക്കേയറ്റത്ത് നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ കെ എൻ എം ആർട്‌സ് ആൻഡ് സയൻസസ് കോളജാണ് കർമ മണ്ഡലം. ടെക്‌സ്റ്റ് ബുക്കുകളൊക്കെ കമ്പ്യൂട്ടർ സഹായത്തോടെ വായിക്കും. അധ്യാപന മേഖലയിൽ കാഴ്ചയില്ലാത്തവർ സാധാരണ നേരിടുന്ന പ്രയാസം ബ്ലാക്ക് ബോർഡിൽ പോയിന്റുകൾ എഴുതി കൊടുക്കുന്നതിലാണ്. പവർ പോയിന്റിൽ ചെയ്ത് എൽ സി ഡിയിൽ പ്രദർശിപ്പിക്കലാണ് അതിനു പകരമായി അദ്ദേഹം ചെയ്യുന്നത്. നോട്ട്‌സ് ടൈപ് ചെയ്ത് കൊടുക്കും. ഭാര്യയുടെ സഹായത്താലാണ് മൂല്യനിർണയം. ഡിഗ്രി, പി ജി തലങ്ങളിലുള്ള വിദ്യാർഥികൾക്കാണ് ക്ലാസെടുക്കാറുള്ളത്. കാഴ്ചയില്ലാത്തവർ സാങ്കേതികവിദ്യയെ നന്നായി “ചൂഷണം” ചെയ്യണമെന്ന് സ്വാദിഖ് പറയുന്നു.
മർകസ് സമ്മേളന തിരക്കായിട്ടു പോലും തന്റെ നിക്കാഹിന് കാർമികത്വം വഹിച്ചത് കാഴ്ചയില്ലാത്തവരോടുള്ള ഖലീൽ തങ്ങളുടെ സമീപന രീതിയുടെ ആവിഷ്‌കാരമാണെന്ന് സ്വാദിഖ് അഭിപ്രായപ്പെടുന്നു. സുന്നി മാനേജ്‌മെന്റിന് കീഴിൽ ഇത്രയും സുശക്തമായി പ്രവർത്തിക്കുന്ന ബ്ലൈൻഡ് സ്‌കൂൾ കേരളത്തിലെവിടെയുമില്ല. സമൂഹത്തിന്റെ എല്ലാ വിഭാഗക്കാരോടും മഅ്ദിനും തങ്ങളുസ്താദും കാണിക്കുന്ന നീതിപൂർവമായ പരിഗണന ശ്ലാഘനീയമാണെന്ന് അദ്ദേഹം പറയുന്നു. മഅ്ദിൻ ചെയ്യുന്നത് പോലെ ഏത് മേഖലയിലെയും അവസാനത്തെ ആളുകളെ പരിഗണിക്കണമെന്നാണ് സ്വാദിഖിന് അഭ്യർഥിക്കാനുള്ളത്. വ്യത്യസ്ത കഴിവുള്ളവരുണ്ടാകും, അവ കണ്ടെത്തി പ്രചോദിപ്പിക്കണം. അതിലൂടെ സാമൂഹിക ശാക്തീകരണവും രാഷ്ട്ര നിർമാണവും എളുപ്പമാകും.
എന്റെ മകൻ/ മകൾ ഇന്നതായിരിക്കണമെന്ന ശക്തമായ തീരുമാനം രക്ഷിതാക്കൾക്കുണ്ടായിരിക്കണം. വിദ്യാർഥികൾക്ക് ഒരിക്കലും പൂർണ തീരുമാനം വിടരുത്. കുട്ടികൾ എങ്ങനെയായിരിക്കണമെന്ന തീരുമാനം ഉണ്ടാവുന്നതോട് കൂടെ തന്നെ അത് സമർഥമായി നടപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയും പ്രവർത്തിക്കുകയും വേണം. കുട്ടികളേക്കാളുപരി രക്ഷിതാക്കൾക്ക് കരിയർ ഗൈഡൻസ് നൽകണം. നല്ല കുട്ടികളെ വാർത്തെടുക്കുന്നതിനുള്ള ഉറച്ച തീരുമാനം ഇതിലൂടെ അവർക്ക് ലഭിക്കുന്നു.
.

afsaladany@gmail.com

Latest