Connect with us

Palakkad

പുതിയ പദ്ധതികളൊന്നുമില്ലാതെ നഗരസഭാ ബജറ്റ്

Published

|

Last Updated

പാലക്കാട്‌: നഗരസഭാ ബജറ്റ് യു ഡി എഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ പാലക്കാട് നഗരസഭബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നതിനിടെയാണ് യു ഡി എഫ് പാര്‍ലിമെന്റ് പാര്‍ട്ടി നേതാവ് കെ ഭവദാസിന്റെ നേതൃത്വത്തില്‍ 18 അംഗങ്ങള്‍ ചെയര്‍പേഴ്‌സണനും വൈസ് ചെയര്‍മാനും അര്‍ഹതയില്ലെന്നാരോപിച്ച് മുദ്രവാക്യം ഉയര്‍ത്തി പ്രകടനത്തോടെ പുറത്ത് പോയത്. കല്‍പാത്തി ഉപതിരെഞ്ഞടുപ്പില്‍ യു ഡി എഫിന് ലഭിച്ച വിജയം ബി ജെപിക്കുള്ള പിന്തുണ നഷ്ടപ്പെട്ടതിന് തെളിവാണെന്നും അഴിമതിയില്‍ മുങ്ങി കുളിച്ച ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷം ബജറ്റ് അവതരിപ്പിക്കുന്നതിലും ബജറ്റ് കോപ്പി നല്‍കുന്നത് വൈകിയതിലും പ്രതിഷേധിച്ചാണ് യു ഡി എഫ് യോഗം ബഹിഷ്‌കരിച്ചത്.

യു ഡി എഫ് അംഗങ്ങള്‍ ഇറങ്ങിപോയെങ്കിലും ഇടത്് കൗണ്‍സിലര്‍മാര്‍ സഹകരിച്ചതിനെ തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു. 362,72,27,797 രൂപ വരവും 341,54,24,924 രൂപ ചെലവും 21,18,02,873 രൂപ ബാക്കിയിരിപ്പുമാണ് ബജറ്റിലുള്ളത്.

ബജറ്റില്‍ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തുടര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന പ്രഖ്യാപനം മാത്രമാണുള്ളത്. പ്രളയവും തുടര്‍ന്ന് സെപ്തംബര്‍ മുതല്‍ ഫ്രെബ്രുവരിവരെയുള്ള കൗണ്‍സില്‍ യോഗ സ്തംഭനം വികസന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും പ്രതിപക്ഷം സഹകരിച്ചാല്‍മാത്രമേ തുടങ്ങിവെച്ചതും ആരംഭിക്കാനിരിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയൂവെന്നും വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.
നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുമുള്ള അമൃത പദ്ധതിയുടെ 14 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനും 39 പ്രവര്‍ത്തികള്‍ ആരംഭിക്കാനും കഴിഞ്ഞു. നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്ന അമൃത്പദ്ധതിലുള്‍പ്പെട്ട 195.50 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പുരോഗമിക്കുകയാണെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. നഗരത്തിലെ പ്രധാന പാതകളിലെ നടപ്പാതകളുടെയും പ്രധാന സ്‌കൂളുകള്‍ക്ക് മുന്നില്‍ വരുന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജുകളിലൂടെയും ടെണ്ടര്‍ പണി പൂര്‍ത്തീകരിച്ചു. തെക്കേ ഇന്ത്യയിലെ ആദ്യത്തെ പൊതു നിരത്തിലുള്ള യന്ത്ര ഗോവണിയുടെ റെയില്‍വേ വകുപ്പ് ചെയ്യേണ്ട പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച് കരാര്‍ നല്‍കി നിര്‍മാണത്തിന് അനുമതി കാത്തിരിക്കുകയാണ്. നഗരത്തിലെ തീരാശാപമായ മാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരണത്തിന് സംസ്ഥാന സര്‍ക്കാറും ശുചിത്വമിഷനും സഹകരിക്കാത്തത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് പറഞ്ഞ് തുടര്‍നടപടികളെക്കുറിച്ചൊന്നും പ്രഖ്യാപിച്ചിട്ടില്ല,. അമൃതപദ്ധതിയുടെ പ്രവര്‍ത്തികള്‍ , പി എം എ വൈ, നാലു ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിന് മുന്‍ഗണനനല്‍കേണ്ടതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാറും എം പി, എം എല്‍ എ ജനപ്രതിനിധികളും മണ്ഡലം വികസനത്തിനുള്ള ഫണ്ട് നല്‍കാത്തത് മൂലം വികസനപ്രവര്‍ത്തനത്തിനും പുതിയ പദ്ധതികള്‍ക്ക് തടസ്സമായി നില്‍ക്കുന്നുവെന്നും ഈ സമീപനത്തിന് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി. അതേ സമയം വികസന പ്രവര്‍ത്തനം നടക്കുന്നതിന് തടസ്സമാകാതെയിരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയുമാണ് യു ഡി എഫ് ഇറങ്ങിപോയിട്ടും സഹകരിക്കാന്‍ തയാറായതെന്ന് സി പി എം കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.

ബജറ്റില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ വെറും തട്ടിപ്പ് മാത്രമാണെന്നും സി പി എം കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. അതേസമയം അവിശ്വാസ പ്രമേയം വരുകയാണെങ്കില്‍ ഭരണത്തില്‍ നിന്ന് പുറത്താകുമെന്ന ആശങ്കയിലാണ് പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാത്താതെന്നും സൂചനയുണ്ട്.

---- facebook comment plugin here -----

Latest