കൂമൻകുന്ന്

കവിത
Posted on: March 3, 2019 10:39 am | Last updated: March 3, 2019 at 10:39 am

കൂമൻകുന്നിനപ്പുറം
അന്തി സൂര്യനിറങ്ങുമ്പോൾ
ചിന്തകളിൽ ഗതകാല ഗന്ധം
പടർന്നുകയറും
അകലെ ആകാശപ്പരപ്പിലെ
വിചിത്ര ചിത്രങ്ങളിൽ
നീട്ടിക്കരഞ്ഞ് കൂടണയുന്ന
ഇറ്റിറ്റിപ്പുള്ളിന്റെ
നിശ്ചലരൂപങ്ങൾ
മൂകരാവിന് സന്ധ്യ
വഴിമാറി നിൽക്കേ
മുന്നിൽ കരിമ്പുക തുപ്പി
ചെങ്കണ്ണുരുട്ടി മണ്ണെണ്ണ വിളക്ക്
അക്ഷരങ്ങളെ പരതിപ്പരതി
ഇമ തളരുമ്പോൾ
പാതിരാപ്പക്ഷിയുടെ
ദീനസ്വരത്തോടൊപ്പം
കുന്നുമ്പുറത്ത് നിന്ന്
ലഹരിയിൽ കുതിർന്ന
“മക്കളേ’ വിളിയുയരുന്നു
ബഹളയാമങ്ങളായി
വെളുക്കുവോളം