നിരൂപണത്തിന്റെ പുതിയ മുഖം

അതിഥി വായന
Posted on: March 3, 2019 10:37 am | Last updated: March 3, 2019 at 10:37 am

ആധുനിക സാഹിത്യ നിരൂപണം മലയാളത്തില്‍ പിറവിയെടുത്തത് എഴുപതുകള്‍ക്ക് ശേഷം മലയാള സാഹിത്യത്തെ കീഴടക്കിയ ആധുനിക പ്രവണതകളെ തുടര്‍ന്നാണ്. സാമ്പ്രദായിക നിരൂപണരീതിയുടെ വാരിയെല്ലുകള്‍ തകര്‍ത്തുകൊണ്ട് കെ പി അപ്പന്‍ എന്ന ഒറ്റയാനാണ് നവീന നിരൂപണത്തിന് മലയാളത്തില്‍ അടിത്തറ പാകിയത്. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം മലയാളത്തിലെ നാഴികക്കല്ലായ നോവലാണ്. അമ്പത് വര്‍ഷം കഴിഞ്ഞിട്ടും ഖസാക്കിന്റെ ഇതിഹാസം ആകാശത്തിന്റെ അനന്തതയില്‍ പറക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വിശ്വസാഹിത്യത്തെ പിടിച്ചുകുലുക്കിയ “കാഫ്കാസ്‌ക്’ (kafkaesque) സാഹിത്യം മലയാളത്തിലും ചലനങ്ങള്‍ സൃഷ്ടിച്ചു. ആകസ്മിക ഭീതിയും കത്തിമുനയിലൂടെ തെന്നിനീങ്ങുന്ന ജീവിതവും നിറപ്പകിട്ടില്ലാതെ ചിത്രീകരിച്ച ജര്‍മന്‍ എഴുത്തുകാരന്‍ കാഫ്കയുടെ ശൈലിയാണ് കാഫ്കാസ്‌ക്. ഭാവദൗര്‍ബല്യത്തിന്റെ പൂര്‍ണനിരാസം ആധുനിക മലയാള നോവല്‍, കഥാ സാഹിത്യത്തില്‍ കാണാന്‍ സാധിക്കും. ആധുനിക കാലത്ത് എഴുതപ്പെട്ട ആള്‍ക്കൂട്ടം (ആനന്ദ്), പാണ്ഡവപുരം (സേതു), മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (എം മുകുന്ദന്‍), ഉഷ്ണമേഖല (കാക്കനാടന്‍) തുടങ്ങിയ രചനകളെ മറികടക്കുന്നവ മലയാളത്തില്‍ രചിക്കപ്പെട്ടിട്ടില്ല. ബഷീറില്‍ നിന്നാണ് ആധുനികതയുടെ തുടക്കമെന്ന് വാദിക്കുന്ന മലയാളി നിരൂപകരുമുണ്ട്. ഭാഷയിലും ശൈലിയിലും ദര്‍ശനത്തിലും ഒ വി വിജയനും കാക്കനാടനും ആനന്ദും പുനത്തില്‍ കുഞ്ഞബ്ദുല്ലയും ടി ആറും ജയനാരായണനും സൃഷ്ടിച്ച വിപ്ലവാത്മക സമീപനങ്ങള്‍ പഠനവിധേയമാക്കുന്ന റഷീദ് പാനൂരിന്റെ “ആത്മാവില്‍ മുറിവേറ്റ മാലാഖമാര്‍’, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മലയാള നിരൂപണ സാഹിത്യത്തിലുണ്ടായ മികച്ച ഗ്രന്ഥങ്ങളിലൊന്നായാണ് സ്വകാര്യ വായനയില്‍ അനുഭവപ്പെട്ടത്.

ഒ വി വിജയന്റെ നോവലുകളും കഥകളും വിലയിരുത്തുന്നതില്‍ എഴുത്തുകാരന്‍ കാണിക്കുന്ന വൈഭവം അനിതരസാധാരണമാണ്. ഗഹനമായ അസ്തിത്വ പ്രശ്‌നങ്ങളും ദുഃഖവും ഫലിതവും കൂടിക്കലര്‍ത്തുന്ന ദര്‍ശനവും അവതരിപ്പിച്ച ഒ വി വിജയന്‍ മലയാളത്തിലെ ആധുനികതയുടെ ശിരസ്സില്‍ കയറിയിരുന്ന എഴുത്തുകാരനാണ്. ലൈംഗികതയെയും ആത്മീയതയെയും രസകരമാം വിധത്തില്‍ കൂട്ടിക്കലര്‍ത്തുന്ന ഒ വി വിജയന്‍ ചരിത്രാനുഭവങ്ങളെയും സംയോജിപ്പിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അനുഭാവിയായി രംഗത്തുവന്ന അദ്ദേഹത്തിന്റെ ആത്മീയതയിലേക്കുള്ള യാത്രയാണ് ഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നത്. പ്രവാചകന്റെ വഴി, മധുരം ഗായത്രി തുടങ്ങിയ നോവലുകളെ ആത്മീയ ദര്‍ശനത്തിന്റെ കണ്ണട വെച്ച് വിലയിരുത്തുന്നു.

സൂഫിയായ ബഷീര്‍ ഈ പുസ്തകത്തിലെ ശ്രദ്ധേയമായ ഒരു ലേഖനമാണ്. സ്രഷ്ടാവിന്റെ മാഹാത്മ്യത്തെ കുറിച്ച് ഓരോ വാക്കിലും സൂചിപ്പിക്കുന്ന ബഷീറിന്റെ പ്രപഞ്ച വീക്ഷണം തീര്‍ത്തും മാനുഷികവും ആത്മീയപരവും ആയിരുന്നെന്ന് റഷീദ് അടിവരയിടുന്നു. അങ്ങനെ ബഷീര്‍ രചനകളുടെ ആത്മാവിലേക്ക് അദ്ദേഹം ഇറങ്ങിച്ചെല്ലുന്നു.

കമലാ സുരയ്യയുടെ സ്‌നേഹത്തിന് വേണ്ടിയുള്ള ദാഹവും അവരുടെ കൃതികളിലെ സ്ത്രീ സങ്കല്‍പ്പവും വിലയിരുത്തുന്ന രതിയുടെയും മൃതിയുടെയും കല എന്ന ലേഖനവും കേരളം ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ. ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ വിശ്വസാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ കാരണവും റഷീദ് വിശദമായി ചര്‍ച്ച ചെയ്യുന്നു. ഫാന്റസിയില്‍ നിന്ന് മാജിക്കല്‍ റിയലിസത്തിലേക്കുള്ള വികാസവും അറബിക്കഥയില്‍ നിന്ന് ആധുനിക ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിലേക്കുള്ള ദൂരവും ചര്‍ച്ച ചെയ്യുന്നു. സേതു തന്റെ മാസ്റ്റര്‍പീസ് നോവലായ പാണ്ഡവപുരം എഴുതുമ്പോള്‍ അദ്ദേഹത്തെ സ്വാധീനിച്ച ഗാര്‍സിയാ മാര്‍കേസ് ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ രചനാരീതിയും സേതുവിന്റെ രീതിയും ചര്‍ച്ച ചെയ്യുന്നു.
മാര്‍ക്‌സിയന്‍ നിരൂപണരീതിയുടെ പരിമിതികള്‍ എടുത്തുകാണിക്കുന്ന ലേഖനവും ഈ കൃതിയിലുണ്ട്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കാന്‍ ഉദ്ധരിക്കുന്ന സാഹിത്യവും കലയും പുരോഗമനം എന്ന് പറയുന്ന രീതി വങ്കത്തമാണെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. പുനത്തില്‍, ആനന്ദ്, കാക്കനാടന്‍, എം സുകുമാരന്‍ തുടങ്ങിയവരുടെ കൃതികള്‍ തീര്‍ത്തും നവീനമായ രീതിയിലാണ് വിലയിരുത്തുന്നത്.

വിശ്വസാഹിത്യത്തിലെ ആധുനികതയുടെ മാഗ്നറ്റിക് പ്രഭാവമായ സാമുല്‍ ബക്കറ്റ്, യൂജീന്‍ ഓ നീല്‍ തുടങ്ങിയവരുടെ രചനകളിലൂടെ നടത്തുന്ന യാത്രകള്‍ വായനക്കാര്‍ക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നു. അമേരിക്കന്‍ നാടകവേദിക്ക് ഓ നീലിന്റെ സംഭാവനയും സ്പാനിഷ് സാഹിത്യത്തില്‍ ആധുനിക കാലത്ത് പാവ്‌ലോ നെരൂദയുടെ സംഭാവനയും ഗ്രന്ഥകാരന്‍ ആഴത്തില്‍ പഠിച്ചതിന്റെ തെളിവാണ് ഈ പുസ്തകം. കെ പി അപ്പന്‍, വി രാജകൃഷ്ണന്‍, ആഷാ മേനോന്‍ തുടങ്ങിയ നവീന നിരൂപകരുടെ ഭാഷാ കാവ്യാത്മകത നുകര്‍ന്ന കേരളത്തിലെ വായനക്കാര്‍ക്ക് പുതിയ അനുഭവമാകും റഷീദ് പാനൂരിന്റെ ഭാഷയവും ആശയവും. യെസ് പ്രസ് ബുക്‌സ് ആണ് പ്രസാധകര്‍. വില. 150 രൂപ
.