Connect with us

Health

ലഹരിയിൽ മയങ്ങി സ്ത്രീകളും

Published

|

Last Updated

ആണിനെ പോലെ പെണ്ണും ജോലി ചെയ്യുന്നു, പണം സമ്പാദിക്കുന്നു, സ്വന്തം കാലിൽ നിൽക്കുന്നു. ഇരുവരും തുല്യരാണ് എന്ന ചിന്താരീതി നിർഭാഗ്യവശാൽ മദ്യപാനമടക്കമുള്ള ലഹരി ഉപയോഗത്തിലേക്ക് എത്തിയിരിക്കുന്നു. സോഷ്യൽ ഡ്രിങ്കിംഗ് സാമൂഹിക പദവിയുടെ തന്നെ ഭാഗമായ ഇക്കാലത്ത് സ്ത്രീകളും മദ്യം രുചിക്കുന്നു. കേരളത്തിലെ സ്ത്രീകളിൽ 3.5 ശതമാനം ലഹരിശീലക്കാരാണ്. പത്ത് വർഷത്തിനിടെ നാലിരട്ടിയായാണ് മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചത്.

സ്ത്രീകളുടെ മദ്യപാനരോഗം
സ്ത്രീകളെ വലിയ തോതിലുള്ള മദ്യപാനത്തിലേക്ക് നയിക്കാതിരിക്കാൻ രണ്ട് കാരണങ്ങളുണ്ട്. സ്ത്രീകൾക്ക് മദ്യം സുലഭമായി കിട്ടാനുള്ള പ്രയാസമാണ് ഒന്ന്. രണ്ടാമത്, തുടർച്ചയായി കുടിക്കാനുള്ള സാഹചര്യം സ്ത്രീകൾക്ക് ലഭിക്കാറില്ല. കേരളത്തിലെ സാമൂഹികബോധമാണ് ഈ വിലക്കിന് കാരണം. പക്ഷേ, ഈ വിലക്ക് ക്രമേണ അപ്രത്യക്ഷമാകുകയാണ്. പുരുഷൻ തന്നെ വേണ്ടപോലെ സ്‌നേഹിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്ന തോന്നലും കുടുംബബന്ധത്തിലുള്ള തകർച്ചയും വലിയൊരു വിഭാഗം സ്ത്രീകളെ മദ്യപാനത്തിലേക്ക് നയിക്കുന്നുണ്ട്. ന്യൂജൻ സിനിമകളിൽ സ്ത്രീകൾ പരസ്യമായിരുന്ന് മദ്യപിക്കുന്നത് കാണാം. പല വീടുകളിലും മദ്യക്കുപ്പികൾ അലങ്കരിച്ച് വെച്ച് ഫാമിലി ബാർ തന്നെ സംവിധാനിക്കുന്നത് സാമൂഹിക പദവിയുടെ അടയാളമായി മാറി. കോളജ് വിദ്യാർഥികൾ, പ്രൊഫഷനലുകൾ, വീട്ടമ്മമാർ എന്നിവരൊക്കെ സ്ത്രീ മദ്യപാനികളുടെ വിഭാഗത്തിലുണ്ട്. ഹോസ്റ്റലുകളിലും വാടകവീടുകളിലും താമസിക്കുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥവനിതകളുമൊക്കെ സംഘ മദ്യപാനത്തിന്റെ പാതയിലാണ്.

ഐ ടി പാർക്കുകളുടെ വരവാണ് പാർട്ടി ഡ്രിങ്കുകൾ യുവത്വത്തെ പരിചയപ്പെടുത്തിയത്. ചെറുപ്രായവും ആവശ്യത്തിലധികം പണവും ഐ ടി മേഖലയിലെ ഏതൊരു കൊച്ചു പരിപാടിയും മദ്യത്തിൽ കുതിർന്ന ആഘോഷമാക്കുന്നു. ഈ അവസരം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാൻ യുവതികളും പങ്കുചേരുന്നു. ഐ ടി തൊഴിൽ മേഖലയിലെ സംഘർഷങ്ങളിൽ നിന്ന് സ്വസ്ഥമാകാൻ മദ്യപിച്ച് തുടങ്ങുന്ന യുവതികളെയും കാണാം.
ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലും ജലാംശം കുറവുമായതിനാൽ മദ്യം സ്ത്രീകളിൽ വേഗത്തിലും തീവ്രമായും പ്രവർത്തിക്കും. അതുകൊണ്ട് ചെറിയ തോതിൽ മദ്യപിച്ചാൽ പോലും സ്ത്രീകൾ എളുപ്പം അതിന് അടിമയാകാം. അമ്മമാരുടെ മദ്യപാനം കുട്ടികളെയാണ് പ്രതികൂലമായി ബാധിക്കുക. അച്ഛൻ കുടിയനാണെങ്കിൽ മകൻ വഴിതെറ്റാതെ നോക്കേണ്ട അമ്മമാർ അതേ പാത തിരഞ്ഞെടുക്കുമ്പോൾ ദിശാബോധം നഷ്ടപ്പെടുന്നത് ഭാവി തലമുറക്കായിരിക്കും. സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുത്ത് മദ്യം കഴിച്ച് കൂട്ടബലാത്സംഗത്തിന് വിധേയരായ യുവതികളും നമുക്ക് ചുറ്റിലുമുണ്ട്.

ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം
ഗർഭിണിയായ അമ്മമാർ മദ്യപിച്ചാൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്‌നങ്ങളാണ് ഫീറ്റൽ ആൽക്കഹോൾ സിൻഡ്രോം. അമ്മയുടെ ശരീരത്തിലെത്തുന്ന മദ്യം പ്ലാസന്റ വഴി ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിലെത്തുകയും തലച്ചോറിന്റെയും നാഡീവ്യവസ്ഥകളുടെയും വളർച്ച തകരാറിലാക്കുകയും ചെയ്യുന്നു. ശിശുവിന്റെ ശരീരത്തിലേക്കുള്ള ഓക്‌സിജൻ പ്രവാഹത്തെ മദ്യം തടസ്സപ്പെടുത്തുകയും കുഞ്ഞിനാവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നു. ഇതുമൂലം കുഞ്ഞിന് തൂക്കക്കുറവ്, വളർച്ച മുരടിപ്പ്, തല ചെറുതാകുക, ബുദ്ധിക്കുറവ് തുടങ്ങിയ മാരക പ്രത്യാഘാതങ്ങൾ സംഭവിക്കാം.
മദ്യപാനം മൂലമുള്ള കരൾ രോഗങ്ങൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലാണ്. പുരുഷന്മാരിൽ ഗുരുതര രോഗം ഉണ്ടാകാൻ പ്രതിദിനം 60 മുതൽ 80 വരെ ഗ്രാം ഉപയോഗിക്കണമെങ്കിൽ സ്ത്രീകളിൽ 20 മുതൽ 40 വരെ ഗ്രാം മതിയാകും. ഈസ്ട്രജൻ ഉൾപ്പെടെയുള്ള സ്ത്രീ ഹോർമോണുകളുടെ സ്വാധീനവും മദ്യത്തിന്റെ ഉപചയ പ്രക്രിയയിലെ വ്യതിയാനങ്ങളുമാണ് സ്ത്രീകളെ കൂടുതൽ അപകട സാധ്യതയുള്ളവരാക്കുന്നത്. സ്തനാർബുദത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. മദ്യപാനം മൂലം സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ അളവ് വർധിക്കുന്നതാണ് കാരണം.
മദ്യലഹരിയിൽ സ്ത്രീകൾ ലൈംഗിക ബന്ധത്തിന്റെ ആരംഭത്തിൽ കൂടുതൽ താത്പര്യം കാണിച്ചേക്കാം. എന്നാൽ, ഇവരുടെ ശാരീരികാവസ്ഥ ഈ മാനസികാവസ്ഥയെ പിന്തുണക്കുന്ന രീതിയിലായിരിക്കില്ല. മദ്യം സ്ത്രീകൾക്ക് രതിമൂർച്ചയിൽ എത്താനുള്ള കഴിവ് ഇല്ലാതാക്കുന്നു. ലൈംഗിക സംതൃപ്തി നഷ്ടപ്പെടുത്തുന്നു. അമിത മദ്യപാനം പുരുഷന്മാരിലെന്നപോലെ സ്ത്രീകളിലും വന്ധ്യതയുണ്ടാക്കാം. ഗർഭവും പ്രസവവും ദുഷ്‌കരമാകും.

ചികിത്സ തേടുന്നവർ
കഴിഞ്ഞ എട്ട്- പത്ത് വർഷമായി മദ്യപാനശീലത്തെ രോഗമായി കണക്കാക്കിയത് മുതൽ മദ്യവിമുക്തി ചികിത്സ തേടുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പക്ഷേ മിക്ക സ്ത്രീകളും രഹസ്യമായാണ് ചികിത്സ തേടുന്നത്. 35- 45 വയസ്സിന് ഇടക്കുള്ള സ്ത്രീകളാണ് കൂടുതലും ചികിത്സ തേടി വരുന്നത്. മദ്യാസക്തിക്ക് ചികിത്സ തേടുന്നത് മാനക്കേടാണെന്നതും പുറത്തറിഞ്ഞാൽ സമൂഹമെങ്ങനെ പ്രതികരിക്കുമെന്നുമുള്ള തോന്നലാണ് ചികിത്സയിൽ നിന്നും പുറകോട്ടു വലിക്കുന്നത്. അതിനാൽ, ഇവരെ കുറിച്ചുള്ള വ്യക്തമായ കണക്കുകൾ ലഭ്യമല്ല.
മദ്യപാനത്തിന് അനൂകൂലമായ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ട് ഒഴിഞ്ഞുമാറുകയാണ് പ്രധാന പ്രതിരോധമാർഗം. മദ്യത്തിന്റെ അളവ് കൂടിത്തുടങ്ങുക, ഒളിപ്പിച്ച് കുടിക്കാൻ തുടങ്ങുക, കുടിക്കുന്നതിനെ ന്യായീകരിക്കുക, വീട്ടുജോലികളിൽ നിന്ന് വിട്ടുനിൽക്കുക, മദ്യപിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ മടിക്കാതെ ചികിത്സക്ക് തയ്യാറാകുക. ചികിത്സക്ക് ശേഷം ആറ് മാസം മുതൽ ഒരു വർഷം വരെ ഡോക്ടറുടെ ഉപദേശനിർദേശങ്ങൾ തേടുന്നത് ഒഴിവാക്കരുത്.

ഡോ. പി എൻ സുരേഷ്കുമാർ
(പ്രൊഫസർ ഓഫ് സൈക്യാട്രി, കെ എം സി ടി മെഡി. കോളജ്, കോഴിക്കോട്)
.