മോദിയുടെ പ്രസ്താവന രാജ്യ താത്പര്യത്തിന് ഗുണകരമല്ല: മുഖ്യമന്ത്രി

Posted on: March 3, 2019 10:15 am | Last updated: March 3, 2019 at 10:15 am
തൃശൂർ തേക്കിൻകാട് മൈതാനിയിൽ എൽ ഡി എഫ് കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: രാജ്യം അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തെ നേരിടുന്ന അവസരത്തിൽ, ഭീകരതക്കെതിരെ ഒരുമിച്ച് പോരാടേണ്ട സമയത്ത് കേന്ദ്രത്തിലെ ഭരണകക്ഷി നേതാക്കളുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ ജനതയെ ഭിന്നിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തൃശുർ തേക്കിൻകാട് മൈതാനിയിൽ എൽ ഡി എഫ് ജനസംരക്ഷണയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ എസ് എസ് നേതാവ് മോഹൻ ഭാഗവത് സൈന്യത്തെ അവഹേളിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനുമായുണ്ടായസംഘർഷത്തെ തുടർന്ന് ബി ജെ പി അധ്യക്ഷൻ രാജ്‌നാഥ് സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിയവർ നടത്തിയ പ്രസ്താവനകൾ രാജ്യ താത്പര്യത്തിന് ഗുണകരമല്ല. പാക് സൈന്യത്തിന്റെ പിടിയിൽ നിന്നും മോചിതനായ അഭിനന്ദൻ വർധമാന് ബിഗ് സല്യൂട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സി ബി ഐ, ജുഡീഷ്യറി, റിസർവ് ബേങ്ക്, സെൻട്രൽ വിജിലൻസ് കമ്മീഷൻ തുടങ്ങിയ സുപ്രധാന ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ അജൻഡകൾ നടപ്പാക്കുന്നതിന് കേന്ദ്രം ഉപയോഗപ്പെടുത്തുകയാണ്.

പാർലിമെന്ററി ജനാധിപത്യം രാജ്യത്തിന് വേണ്ട, ജനാധിപത്യമേ രാജ്യത്തിന് വേണ്ട എന്ന നിലയിലേക്ക് രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങൾ ഒരു വശത്ത് നടക്കുന്നു. മറ്റൊരു ഭാഗത്ത് വർഗീയത അഴിച്ചുവിടുന്നു. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരാണെന്നു കണ്ടാൽ അവരെ കൊലപ്പെടുത്തണമെന്ന വികാരമുണ്ടാകുന്നു. പശുവിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നു.

ഇത്തരം സാഹചര്യത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ബി ജെ പി അധികാരത്തിൽ വരികയാണെങ്കിൽ രാജ്യത്തിന്റെ നിലനിൽപ്പും പാർലിമെന്ററി ജനാധിപത്യവും അപകടത്തിലാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സർക്കാർ ആയിരം ദിനങ്ങൾ പൂർത്തിയാക്കിയ അവസരത്തിൽ സംസ്ഥാനത്തിന് നഷ്ടപ്പെട്ട അന്തസും അഭിമാനവും വീണ്ടെടുക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വാഗതസംഘം ചെയർമാൻ സി എൻ ജയദേവൻ എം പി അധ്യക്ഷനായിരുന്നു. സി പി എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. കേരള സംരക്ഷണജാഥ വടക്കൻ മേഖല ജാഥാ ക്യാപ്റ്റൻ കാനം രാജേന്ദ്രൻ, തെക്കൻ മേഖലാ ജാഥാ ക്യാപ്റ്റൻ കോടിയേരി ബാലകൃഷ്ണൻ, അഡ്വ. പ്രകാശ്ബാബു, അഡ്വ.സതീദേവി, എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രിമാരായ എ സി മൊയ്തീൻ, കെ കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, ഘടക കക്ഷി നേതാക്കളായ ആർ ബാലകൃഷ്ണപിള്ള, ഫ്രാൻസിസ് ജോർജ്, ഷെയ്ഖ് പി ഹാരിസ്, സി കെ നാണു തുടങ്ങിയവർ പങ്കെടുത്തു.