രാജ്യസ്‌നേഹം രാജാവിനോടുള്ള സ്‌നേഹമാകരുത്

ഇന്നത്തെ കാലത്ത് യുദ്ധത്തിലൂടെ ശത്രുരാജ്യത്തെ തോൽപ്പിച്ചു കീഴടക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് ആർക്കുമറിയാം. അതുകൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ അനാവശ്യമായ യുദ്ധഭ്രമം ഉണ്ടാക്കുന്നതിനെ ദേശസ്‌നേഹമായി കണക്കാക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ നമ്മുടെ ചില രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും നടത്തുന്ന ഇടപെടലുകളെ വിമർശനാത്മകമായി കണ്ടേ പറ്റൂ. ഇന്ന് യുദ്ധതന്ത്രങ്ങൾ തീരുമാനിക്കുന്നതും അത് നയിക്കുന്നതും ഭരണാധികാരികൾ അല്ല, മറിച്ച് പരിണിതപ്രജ്ഞരായ സൈനിക മേധാവികളാണ്. അതിൽ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾ കടന്നു വരുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.
Posted on: March 3, 2019 9:18 am | Last updated: March 3, 2019 at 9:19 am

ഇന്ത്യൻ അതിർത്തിയിലുരുണ്ടു കൂടിയ യുദ്ധ സാഹചര്യം ഒഴിവായി എന്ന ഒരു സമാധാനം ഉണ്ടായ ഘട്ടത്തിലാണ് ഇതെഴുതുന്നത്. നമ്മുടെ മണ്ണിൽ, പുൽവാമയിൽ കടന്നു വന്ന് ഒരു ഭീകരാക്രമണം നടത്തിയവർക്കെതിരെ അവരുടെ താവളത്തിൽ കയറി തിരിച്ചടി നൽകിയതാണല്ലോ ആദ്യഘട്ടം. ഇക്കാര്യത്തിൽ ഇന്നാട്ടിലെ മുഴുവൻ മനുഷ്യരും കക്ഷി രാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ ആഹ്ലാദിച്ചു. ഭീകരവാദികളുടെ താവളമായി ലോകമാകെ അറിയപ്പെടുന്ന പാക്കിസ്ഥാനിൽ നിന്നുമാണ് ഈ ഭീകരവാദികളും എത്തിയതെന്ന് എല്ലാവർക്കും അറിയാം. അത്തരക്കാരെ നിയന്ത്രിക്കാൻ പാക്കിസ്ഥാൻ ഭരണകൂടത്തിന് കഴിയുന്നില്ല എന്ന് അഫ്ഗാനിസ്ഥാനും ഇറാനും എന്തിന് പാക്കിസ്ഥാന്റെ അടുത്ത സുഹൃദ് രാജ്യമായ ചൈനക്ക് പോലും അഭിപ്രായമുണ്ട്. അതുകൊണ്ടെല്ലാം തന്നെ അതിർത്തി കടന്നാണെങ്കിൽ പോലും ഭീകരത്താവളത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒരക്ഷരം പറഞ്ഞില്ല.

അടുത്ത ദിവസങ്ങളിൽ ഇന്ത്യയുടെ സൈനിക താവളങ്ങൾക്കു നേരെ പക്കിസ്ഥാൻ പട്ടാളം ആക്രമിച്ചതിനെ നാം പ്രതിരോധിച്ചു. ആ ശ്രമത്തിൽ നമുക്ക് ഒരു വിമാനം നഷ്ടമായി. അഭിനന്ദൻ എന്ന വായുസേനാ ഓഫീസർ പാക്കിസ്ഥാൻ പട്ടാളത്തിന്റെ പിടിയിലുമായി. അന്താരാഷ്ട്രനിയമം അനുസരിച്ച് യുദ്ധത്തടവുകാർക്ക് നൽകുന്ന പരിഗണനകൾ പാക്കിസ്ഥാൻ നൽകിയില്ല എന്ന പരാതികൾ ആദ്യഘട്ടത്തിൽ ഉയർന്നുവെങ്കിലും പിന്നീട് അക്കാര്യം അവർക്കു ബോധ്യപ്പെട്ടു എന്നും അദ്ദേഹത്തെ വിട്ടയക്കുവാൻ സമ്മതമാണെന്നും അറിയിച്ചു. ഒടുവിൽ അദ്ദേഹം മോചിതനായി ഇന്ത്യയിലെത്തി. ഇതോടെ യുദ്ധത്തിനുള്ള സാധ്യതക്ക് അയവ് വന്നിരിക്കുകയാണ്. ഭീകരവാദം, അത് എന്തിന്റെ പേരിലായാലും ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. ഒരു തരം സംവാദവും സാധ്യമല്ലാത്ത വിധത്തിൽ വാതിലുകൾ അടക്കുന്നു. അതിന്റെ ഇരകൾ സാധാരണ മനുഷ്യരാണ്. ആരുടെ ഭാഗത്ത് നിന്നായാലും അത് തടയണമെന്ന് പരിഷ്‌കൃത സമൂഹം ആഗ്രഹിക്കുന്നു. അതിന് സൈനിക നടപടി മാത്രം പോരെന്നും ഇന്നെല്ലാവർക്കും ബോധ്യമായിട്ടുണ്ട്. അക്കാര്യത്തിൽ അവർ ഇന്ത്യക്കൊപ്പമാണ്. പാക്കിസ്ഥാന് മേൽ സമ്മർദം ഉണ്ടായിട്ടുമുണ്ട്.

യുദ്ധം താത്കാലിക ലാഭം ഉണ്ടാകുന്ന ഒരു ചെറിയ വിഭാഗമൊഴിച്ചുള്ള ഒരു സമൂഹവും ആഗ്രഹിക്കുന്നില്ല. ആധുനിക സാങ്കേതിക വിദ്യകൾ, ദീർഘദൂര മിസൈലുകളും ശക്തമായ വിമാനങ്ങളും റഡാറുകളും ആണവായുധശേഷിയുമെല്ലാം യുദ്ധത്തെ കാലദൂരങ്ങൾക്കപ്പുറമുള്ള ദുരന്തമാക്കാൻ കഴിയുന്ന ഒന്നാക്കിയിരിക്കുന്നു. അതിർത്തിയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള ഇടങ്ങളിൽ ജീവിക്കുന്നവരും ഇന്ന് സുരക്ഷിതരല്ല. ഒരു ആക്രമണത്തിന്റെ ദുരന്തഫലം അനേകവർഷങ്ങൾ നീണ്ടു നിൽക്കാം. നമുക്ക് ഉണ്ടാകുന്ന നാശങ്ങൾക്ക് അതിനേക്കാൾ കനത്ത തിരിച്ചടി നൽകാൻ കഴിയും. പക്ഷേ, അതുകൊണ്ട് നമ്മുടെ നാശം കുറയില്ലല്ലോ. ഒരു മനുഷ്യജീവന് പോലും ഇന്ന് ഏറെ വിലയുള്ളതായി പരിഷ്‌കൃത ജനാധിപത്യ സമൂഹം കണക്കിലെടുക്കുന്നു. പുൽവാമയിൽ കൊല്ലപ്പെട്ട പട്ടാളക്കാർ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണല്ലോ. യുദ്ധം സൈനികരെ മാത്രമല്ല ഇന്ന് ബാധിക്കുന്നത്. രാജ്യത്തെ മുഴുവൻ പേരെയും അത് ഏതെങ്കിലും തരത്തിൽ ദോഷകരമായി ബാധിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായുള്ള സമ്പത്താണല്ലോ നശിക്കുന്നത്. അതുകൊണ്ടാണ് യുദ്ധങ്ങൾ ഒഴിവാക്കണമെന്ന് ലോകത്തിലെ എല്ലാ നല്ല മനുഷ്യരും ആവശ്യപ്പെടുന്നതും.

ഇന്നത്തെ കാലത്ത് യുദ്ധത്തിലൂടെ ശത്രുരാജ്യത്തെ തോൽപ്പിച്ചു കീഴടക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് ആർക്കുമറിയാം. അതുകൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ അനാവശ്യമായ യുദ്ധഭ്രമം ഉണ്ടാക്കുന്നതിനെ ദേശസ്‌നേഹമായി കണക്കാക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ നമ്മുടെ ചില രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും നടത്തുന്ന ഇടപെടലുകളെ വിമർശനാത്മകമായി കണ്ടേ പറ്റൂ. ഇന്ന് യുദ്ധതന്ത്രങ്ങൾ തീരുമാനിക്കുന്നതും അത് നയിക്കുന്നതും ഭരണാധികാരികൾ അല്ല, മറിച്ച് പരിണിതപ്രജ്ഞരായ സൈനിക മേധാവികളാണ്. അതിൽ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾ കടന്നു വരുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. സ്വതന്ത്രമായി തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ അത് അവരുടെ രാഷ്ട്രീയവത്കരണത്തിന് ഇടവരുത്തും. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ ഒട്ടു മിക്ക ദക്ഷിണേഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലും സംഭവിച്ചത് അതാണ്. ഇക്കാലമത്രയും നാം അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ പ്രധാനമന്ത്രിയുടെയും ബി ജെ പി നേതാക്കളുടെയും പ്രസ്താവനകൾ ഒരു നയം മാറ്റത്തിന്റെ സൂചന നൽകുന്നു. പാക് ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയ ഉടനെ തന്നെ പ്രധാനമന്ത്രി ഒരു തിരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞത് ഇതിന്റെ പേരിൽ തനിക്ക് ഒരു വട്ടം കൂടി അധികാരം നൽകണം എന്നാണ്. ഏതു കക്ഷി ഭരണത്തിൽ ഉണ്ടായാലും ആര് പ്രധാനമന്ത്രി ആയാലും രാജ്യരക്ഷക്കു വേണ്ടത് ചെയ്യാൻ സൈന്യത്തിന് കഴിയും എന്നതാണ് ഒരു രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന ഉറപ്പ്. ഈ പ്രസ്താവന വഴി അതില്ലാതാക്കുകയാണ് ചെയ്യുന്നത്.

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന ഓരോ ഭടന്മാരും നൂറ്റി മുപ്പത് കോടി ജനങ്ങൾക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്യുന്നത്. അവരുടെ പടം വെച്ച് വോട്ടു പിടിക്കുന്നത് എങ്ങനെ നോക്കിയാലും രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണ്. പ്രത്യേകിച്ചും ഒരു പൊതു തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഇത് ഒഴിവാക്കപ്പെടണം. ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിനകത്ത് തന്നെ ശത്രുവിനെ സൃഷ്ടിക്കുന്ന ഒന്നാണ്. പാക്കിസ്ഥാൻ, കശ്മീരികൾ, അതുവഴി ഒരു മതവിഭാഗം എന്നിങ്ങനെ പുതിയ വ്യാഖ്യാനങ്ങൾ വലിച്ചു നീട്ടി തങ്ങളുടെ വർഗീയ അജൻഡകൾക്ക് ശക്തിപകരുന്ന നയമാണിത്.

ഒരു പൊതു തിരഞ്ഞെടുപ്പിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭരണകർത്താവിനെ തിരഞ്ഞെടുക്കുമ്പോൾ ആദ്യപരിഗണനക്കു വരേണ്ട വിഷയം ഇതാണോ? കഴിഞ്ഞ അഞ്ച് വർഷം നാട്ടിൽ എന്ത് നടന്നു, അത് തങ്ങളെ എങ്ങനെ ബാധിച്ചു എന്നെല്ലാം ജനങ്ങൾ വിലയിരുത്തുമല്ലോ. ഭരണകക്ഷി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്ര പാലിച്ചു എന്നവർ നോക്കുമല്ലോ. വിദേശത്തുള്ള കള്ളപ്പണം പിടിച്ച് എത്ര പേരുടെ അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം വന്നു, രണ്ട് കോടി പുതിയ തൊഴിലവസരങ്ങൾ ഉണ്ടായോ, നിലവിലുള്ള തൊഴിൽ എത്ര നഷ്ടമായി, മൂന്നിൽ രണ്ട് ഭാഗം വരുന്ന ഗ്രാമീണ കർഷക ജനതയുടെ ജീവിതം ആത്മഹത്യാമുനമ്പിലായതെങ്ങനെ, രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളായ സുപ്രീം കോടതി, റിസർവ് ബേങ്ക്, സി ബി ഐ, യു ജി സി, ആസൂത്രണ കമ്മീഷൻ തുടങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ വരെ നശിച്ചതെങ്ങനെ, നാട്ടിലെ ജനങ്ങളിൽ ജാതിമത സ്പർധ വളർത്തി അസമാധാനം സൃഷ്ടിച്ചതാര്….നീണ്ട പട്ടികയാണിത്. ഓരോ സംസ്ഥാനത്തും സമാന വിഷയങ്ങൾ ഉണ്ടാകും. ഇതെല്ലാം മറന്നു കൊണ്ട് യുദ്ധനായകനായ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും വീണ്ടും അധികാരം നൽകണമെന്ന പ്രചാരണം തെറ്റാണ്. രാജ്യത്തിനു മുഴുവൻ ഭീഷണിയുള്ള ഘട്ടങ്ങളിൽ തിരഞ്ഞെടുപ്പടക്കമുള്ള കക്ഷി രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തുന്നത് തന്നെ തെറ്റല്ലേ?

ഇക്കാര്യത്തിൽ സർക്കാറിനോളമോ അതിലേറെയോ തെറ്റുകാരാണ് കപടദേശസ്‌നേഹമുയർത്തി ജനങ്ങളെ കബളിപ്പിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും. യുദ്ധത്തിൽ ഏറ്റവുമധികം നാശമുണ്ടാകുന്നത് സത്യത്തിനാണ് എന്ന ആഗോള പഴമൊഴി ഇവിടെയും ബാധകമാണ്. പഴയ കാലങ്ങളിലെ യുദ്ധത്തിന്റെ വാർത്തകൾ സർക്കാർ നിയന്ത്രിത മാധ്യമങ്ങളിൽ കൂടി മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. തീർത്തും അസത്യമായ വാർത്തകൾ എന്ത് ദേശസ്‌നേഹത്തിന്റെ പേരിലാണെങ്കിലും പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. അത് അവകാശലംഘനമാണ്.

നമ്മുടെ മാധ്യമങ്ങൾ പറയുന്നത് പോലെ ഒരു സംഘർഷാത്മക സാഹചര്യം ഇന്ത്യയുടെ അതിർത്തിയിൽ ഉണ്ടെന്ന് ഒരു അന്താരാഷ്ട്ര മാധ്യമങ്ങളിലും കാണുന്നില്ല. അപ്പോൾ ഇതിൽ എത്ര സത്യമുണ്ട്? ജനങ്ങളിൽ ആത്മവിശ്വാസം വളർത്തണം എന്ന ലക്ഷ്യം നല്ലതു തന്നെ. പക്ഷേ, അത് കപട വാർത്തകളിൽ കൂടി ആകരുത്. മറ്റു രീതികളിൽ ശരിയായ വാർത്തകൾ അറിയുന്ന ജനങ്ങൾ സർക്കാറിനെയോ അവരെ അന്ധമായി പിന്തുണക്കുന്ന മാധ്യമങ്ങളെയോ വിശ്വസിക്കില്ല. ഇത് ജനങ്ങൾക്കിടയിൽ അനൈക്യം ഉണ്ടാക്കാനേ വഴി വെക്കൂ. പക്ഷേ, കൃത്യമായ കക്ഷി രാഷ്ട്രീയ താത്പര്യങ്ങൾ ഒളിപ്പിക്കുന്ന മാധ്യമങ്ങൾക്ക് മറ്റൊരു രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ലല്ലോ. സത്യസന്ധരായ മാധ്യമങ്ങൾ പോലും രാജ്യദ്രോഹി എന്ന പ്രചാരണം ഭയന്ന് സത്യം പറയാൻ മടിക്കുന്നു എന്നതാണ് പ്രശ്നം.

സി ആർ നീലകണ്ഠൻ