Connect with us

Editorial

കർഷക ആനുകൂല്യങ്ങളിലെ കാലതാമസം ഒഴിവാക്കണം

Published

|

Last Updated

േകരളത്തിൽ കർഷക ആത്മഹത്യാ നിരക്ക് വർധിച്ചു വരുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ട് മാസത്തിനിടെ ഇടുക്കിയിൽ മാത്രം ഏഴ് കർഷക ആത്മഹത്യകൾ നടന്നു. അഞ്ച് മാസത്തിനിടെ ആറ് കർഷക ആത്മഹത്യകൾ നടന്നതായാണ് വയനാട്ടിലെ കണക്ക്. തൃശൂർ മാളയിൽ വെള്ളിയാഴ്ചയാണ് ജിജോ പോൾ എന്ന കർഷകൻ ആത്മഹത്യ ചെയ്തത്. പത്ത് വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം അറുനൂറോളം വരും. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ കൃഷി ഭൂമി വൻതോതിൽ നശിച്ച ശേഷം ഇടുക്കിയിൽ ആത്മഹത്യയുടെ തോത് വർധിച്ചിട്ടുണ്ട്. സാമ്പത്തിക പരാധീനത, കടം പെരുകൽ, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, പ്രതികൂല കാലാവസ്ഥയിൽ കൃഷി നശിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് മിക്ക കർഷകരും ജീവനൊടുക്കുന്നത്.

ബേങ്കുകളുടെയും ചില ഉദ്യോഗസ്ഥരുടെയും കണ്ണിൽചോരയില്ലാത്ത നടപടികളും കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. രാജ്യത്ത് 80 ശതമാനം കർഷകരും ആത്മഹത്യ ചെയ്യുന്നത് വായ്പ തിരിച്ചടക്കാനാകാത്തതുമൂലമാണെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ലോണുകൾ തിരിച്ചു പിടിക്കാൻ ബേങ്കുകൾ “സർഫാസി” നിയമ പ്രകാരം ജപ്തി നോട്ടീസയക്കുന്നത് കർഷകരെ സമ്മർദത്തിലാക്കുകയാണ്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ബേങ്കുകൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം നൽകുന്നതാണ് ഈ നിയമം. കടം തിരിച്ചുപിടിക്കാൻ സിവിൽ നിയമമനുസരിച്ച് സിവിൽ കോടതികളെ ആണ് ബേങ്കുകൾ നേരത്തേ ആശ്രയിച്ചിരുന്നത്. 2002ൽ അടൽ ബിഹാരി വാജ്പയി സർക്കാറാണ് കോടതികളെ ആശ്രയിക്കാതെ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം നൽകിയത്.

വായ്പകൾ തിരിച്ചുപിടിക്കാനാണ് സർഫാസി നിയമം കൊണ്ടുവന്നതെങ്കിലും കുത്തക മൂലധനത്തിന് ലാഭകരമായ വിപണി തുറക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും വിമർശം ഉയർന്നിരുന്നു. കോർപറേറ്റുകളുടെ കിട്ടാക്കടങ്ങളിലേക്ക് സർഫാസിയുടെ കൈകൾ ഇതുവരെ നീങ്ങാറില്ലെന്നതും കർഷകരും സാധാരണക്കാരും മാത്രമാണ് അതിന്റെ ഇരകളെന്നതും ഈ ആരോപണത്തെ ബലപ്പെടുത്തുന്നുണ്ട്. രൂക്ഷമായ പ്രളയവും വരൾച്ചയും അനുഭവിക്കുന്ന ഘട്ടങ്ങളിൽ ജപ്തി നോട്ടീസ് നൽകി കർഷകരെ സമ്മർദത്തിലാക്കരുതെന്ന് സർക്കാർ ബേങ്കുകൾക്ക് നിർദേശം നൽകാറുണ്ടെങ്കിലും പലപ്പോഴും ബേങ്ക് മേലധികാരികൾ അത് മുഖവിലക്കെടുക്കാറില്ല. അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് അനുഭാവപൂർണമായ സമീപനമുണ്ടാകാത്തതും കർഷകരെ മാനസികമായി തളർത്തുന്നു. ഇതിനിടെ കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കോഴിക്കോട് ജില്ലയിലെ ചെമ്പനോട്ട് ജോയി വില്ലേജ് ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചിരുന്നു.

സർക്കാറിൽ നിന്നുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്തതും കർഷകരെ പ്രയാസത്തിലാക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടന്ന പ്രളയത്തിലും വരൾച്ചയിലും കൃഷി നശിച്ചവർക്കുള്ള ആനുകൂല്യം ലഭിക്കാത്തവർ ഇപ്പോഴുമുണ്ട് നിരവധി. ഈയിനത്തിൽ കൃഷി വകുപ്പ് നൽകാനുള്ള കുടിശ്ശിക 110 കോടി രൂപ വരും. 2012 മുതൽ 2016 വരെയുള്ള കുടിശ്ശിക പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ഏറെക്കുറെ കൊടുത്തു തീർത്തിരുന്നു. 2017-18 വർഷത്തെ കുടിശ്ശികയാണ് ഇനി കൊടുത്തു തീർക്കാനുള്ളത്.

അതേസമയം കർഷക ആത്മഹത്യ തടയാൻ കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ കേരളം പാഴാക്കുകയുമാണ്. 2005-06ൽ 126.32 കോടിയും 2007-08ൽ 64 കോടിയും കേരളം ഉപയോഗിക്കാതെ തിരിച്ചു നൽകിയതായി അഡ്വ. ഡി ബി ബിനുവിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. കർഷക ആത്മഹത്യകൾ കൃത്യമായി കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്യുന്നതിലും സംസ്ഥാനം വീഴ്ച വരുത്തുന്നതായി പരാതിയുണ്ട്. എന്നാൽ ചില വർഷങ്ങളിൽ ഈ വിഷയത്തിൽ കേന്ദ്രം അനുവദിച്ചതിനേക്കാൾ കൂടുതൽ പണം കേരളം ചെലവഴിക്കുകയുമുണ്ടായി. 2012-13ൽ 133.87 കോടിയും 2008-09ൽ 103.85 കോടിയും അതത് വർഷം അനുവദിച്ചതിനേക്കാൾ കൂടുതലായി വിനിയോഗിച്ചിട്ടുണ്ട്. വിളനാശത്തിന് ഒരു വാഴക്ക് 5.20 രൂപയും ഒരു തെങ്ങിന് 75 രൂപയുമാണ് നഷ്ടപരിഹാരമായി കേന്ദ്രം അനുവദിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ അത് തീർത്തും അപര്യാപ്തമായതിനാൽ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേർത്താണ് മിക്ക വർഷങ്ങളിലും വിതരണം ചെയ്യാറുള്ളത്.

വില ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്ക് കൊടുക്കാനുള്ളത് ഉൾപ്പെടെ കുടിശ്ശികകളെല്ലാം മാർച്ച് 31നകം കൊടുത്തു തീർക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഒരു ലക്ഷം രൂപക്ക് മുകളിലുള്ള ബിൽ പാസ്സാക്കുന്നതിനുള്ള ട്രഷറി നിയന്ത്രണമാണ് ഇത് കൊടുത്തു തീർക്കുന്നതിനുള്ള തടസ്സം. നേരത്തേ ഒരു കോടി രൂപ വരെയുള്ള ബില്ലുകൾ പാസ്സാക്കിയിരുന്നു. ഇപ്പോൾ ഒരു ലക്ഷത്തിനു മുകളിലുള്ള തുകക്ക് ധനമന്ത്രാലയത്തിലെ വെയ്‌സ് ആൻഡ് മീൻസ് വിംഗിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. പലപ്പോഴും ഇക്കാര്യത്തിൽ കാലതാമസം അനുഭവപ്പെടുന്നു. സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വകുപ്പുകൾ തമ്മിൽ സഹകരിച്ച് സാങ്കേതിക തടസ്സങ്ങൾ നീക്കി കർഷകർക്കുള്ള ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് കൊടുത്തു തീർക്കാൻ നടപടി സ്വീകരിക്കണം. കാർഷികവിളകളുടെ സംഭരണവില കൃത്യസമയത്ത് ലഭ്യമാക്കുക, കാർഷികോത്പന്നങ്ങൾക്ക് ന്യായവിലയും വിപണിയും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളിലും സജീവ ശ്രദ്ധപതിയേണ്ടതുണ്ട്.
.

---- facebook comment plugin here -----

Latest