റാഫേൽ: ഹർജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും

Posted on: March 3, 2019 9:07 am | Last updated: March 3, 2019 at 12:38 pm

ന്യൂഡൽഹി: റാഫേൽ കേസിലെ പുനപ്പരിശോധനാ ഹർജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

യശ്വന്ത് സിൻഹ, അരുൺ ഷൂറി, പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ പുനപ്പരിശോധനാ ഹർജിയോടൊപ്പം കേന്ദ്രസർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി, കോടതിയിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന് ഉദ്യോഗസ്ഥർക്കെതിരേ കള്ളസാക്ഷ്യത്തിന് കേസെടുക്കണമെന്ന ഹർജി എന്നിവയും സുപ്രീം കോടതി പരിഗണിക്കും.

നേരത്തെ ചേംബറിലാണ് കേസ് പരിഗണിച്ചിരുന്നതെങ്കിലും പുനപ്പരിശോധനാ ഹർജിയിൽ തുറന്ന കോടതിയിലാണ് വാദം കേൾക്കുക.
ദി ഹിന്ദു, കാരവൻ മാഗസിനുകളിൽ വന്ന റിപ്പോർട്ടുകളും ഹർജിക്കാർ പുനപ്പരിശോധനാ ഹർജിയിൽ പ്രതിപാദിക്കുന്നുണ്ട്.