Connect with us

National

പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യൻ നീക്കം മോദിയുടെ പേരിലാക്കി ബി ജെ പി

Published

|

Last Updated

ന്യൂഡൽഹി: പാക്കിസ്ഥാനെതിരെയുള്ള രാജ്യത്തിന്റെ നീക്കങ്ങളെ പ്രധാനമന്ത്രിയുടെ മാത്രം നേട്ടമാക്കിയുള്ള പ്രചാരണവുമായി ബി ജെ പി. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി സൈന്യം നടത്തിയ തിരിച്ചടിയേയും പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടെ പാക് പിടിയിലായിരുന്ന വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ തിരിച്ചെത്തിച്ചതും പ്രധാനമന്ത്രിയുടെ അക്കൗണ്ടിലേക്ക് വരവു വെക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി കേന്ദ്രങ്ങൾ.

സൈന്യത്തിന്റെ ഇടപെടലും വിംഗ് കമാൻഡറുടെ തിരിച്ചുവരവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപടലിന്റെ മാത്രം നേട്ടം കൊണ്ടാണെന്നാണ് ബി ജെ പി നേതാക്കൾ പ്രചരിപ്പിക്കുന്നത്. ബി ജെ പി പ്രചാരണങ്ങൾക്കുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ഇതിനോടകം തന്നെ അഭിനന്ദിന്റെ തിരിച്ചുവരവ് പ്രധാനമന്ത്രിയുടെ വിജയമാണെന്ന് വ്യക്തമാക്കിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

ഇന്നലെ മധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷായും പാക്കിസ്ഥാനെതിരെയുള്ള നീക്കങ്ങൾ പ്രധാനമന്ത്രിയുടെ വിജയമാണെന്ന രീതിയിലാണ് പ്രസംഗിച്ചത്. അന്തർദേശീയമായി പാക്കിസ്ഥാൻ ഒറ്റപ്പെട്ടു. ആരും പാക്കിസ്ഥാനെ പിന്തുണക്കുന്നില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ നയതന്ത്ര വിജയമാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും പാക്കിസ്ഥാനെതിരെയും തീവ്രവാദത്തിനെതിരെയുമുള്ള നീക്കങ്ങൾ പ്രധാനമന്ത്രിയുടെ വിജയമായാണ് പരാമർശിച്ചത്. അതേസമയം, സൈന്യത്തിന്റെ നേട്ടങ്ങളെ രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Latest