Connect with us

Kerala

ബി ഡി ജെ എസ് പിളർന്നു; പുതിയ പാർട്ടി ബി ഡി ജെ എസ്(ഡെമോക്രാറ്റിക്)

Published

|

Last Updated

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ എൻ ഡി എ ഘടകകക്ഷിയായ ബി ഡി ജെ എസ് പിളർന്നു, ഒരു വിഭാഗം പുതിയ പാർട്ടി രൂപവത്കരിച്ചു. ബി ഡി ജെ എസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ പാർട്ടിയുടെ പേര്. തിരുവനന്തപുരത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ച ബി ഡി ജെ എസ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ്ചൂഴാൽ ജി നിർമ്മലനാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്.
ബി ഡി ജെ എസിനുള്ളിൽ ജനാധിപത്യം നഷ്ടപ്പെട്ടെന്നാരോപിച്ചാണ് പുതിയ പാർട്ടിയുടെ രൂപവത്കരണം. ചില വ്യക്തികളുടെ താത്പര്യങ്ങൾ മാത്രമാണ് നിലവിൽ ബി ഡി ജെ എസിൽ നടപ്പാകുന്നതെന്നും ജനാധിപത്യം നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപവത്കരിക്കുന്നത്. എല്ലാ ജില്ലകളിലും പാർട്ടിക്കുള്ളിൽ അസ്വസ്ഥരായ നിരവധി പേരുണ്ട്. അവരൊക്കെ പുതുതായി രൂപവത്കരിച്ച പാർട്ടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുധീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബി ഡി ജെ എസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചൂഴാൽ നിർമ്മലനെ ഏകപക്ഷീയമായി മാറ്റിയിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോൾ പുതിയ പാർട്ടി രൂപവത്കരണത്തിൽ എത്തിയത്. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൗനാനുവാദത്തോടെയാണ് യോഗം പാറശാല യൂനിയൻ സെക്രട്ടറി കൂടിയായ നിർമ്മലന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്.

ബി ഡി ജെ എസിനെ എൽ ഡി എഫിലെത്തിക്കാൻ വെള്ളാപ്പള്ളി ശ്രമം ആരംഭിച്ചിരുന്നു. അതിനായി ബി ഡി ജെ എസ് മുന്നണി വിട്ടുവരണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ട് വച്ചെങ്കിലും തുഷാർ വെള്ളാപ്പള്ളി ഇതിനോട് യോജിച്ചിരുന്നില്ല. എന്നാൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും നൽകിയ ഉറപ്പ് പാലിക്കാൻ വെള്ളാപ്പള്ളി നടത്തിയ നീക്കമാണ് ഇതിലൂടെ പുറത്തു വന്നതെന്നാണ് സൂചന. എൻ ഡി എ വിട്ട് പോകുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും എല്ലാ ജില്ലകളിലും കമ്മിറ്റി രൂപവത്കരിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും നിർമ്മലൻ പറഞ്ഞു. ബി ഡി വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചാലക്കുടി സുനിൽ, ബൈജു തോന്നയ് ക്കൽ, ബി ഡി എം എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാരിയമ്മ, ചന്തവിള ചന്ദ്രൻ, വിശ്വനാഥൻ എന്നിവരും പാർട്ടി പ്രഖ്യാപന ചടങ്ങിൽ സംസാരിച്ചു.

Latest