സ്‌കൂളുകളില്‍ ‘സെന്റ് ഓഫ്’ തുടങ്ങി; നെഞ്ചിടിപ്പോടെ അധ്യാപകര്‍

Posted on: March 3, 2019 8:57 am | Last updated: March 3, 2019 at 8:57 am
ഫയല്‍ ചിത്രം

തിരൂര്‍: അധ്യയന വര്‍ഷം അവസാനിക്കാറായതോടെ വിദ്യാലയങ്ങളില്‍ സെന്റ് ഓഫുകള്‍ എന്ന വിടപറയല്‍ പരിപാടി ആരംഭിച്ചു. നേരത്തെ മികച്ച രീതിയിലും സ്‌നേഹപൂര്‍വമുള്ള അധ്യാപക വിദ്യാര്‍ഥി ബന്ധത്തിന്റെ അടയാളങ്ങളോടെയായിരുന്നു എല്ലായിടത്തും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.

ഈയിടെയായി പല സ്ഥാപനങ്ങളിലും വിടപറയല്‍ പരിപാടി അധ്യാപകര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസം കൂട്ടായിയിലെ കോളജില്‍ നടത്തിയ സെന്റ് ഓഫ് പരിപാടി സംഘര്‍ഷത്തിലാണ് കലാശിച്ചത്. കുട്ടികള്‍ ആഘോഷപൂര്‍വം അധ്യാപകര്‍ക്ക് നേരെ തിരിഞ്ഞ ഇവിടുത്തെ പരിപാടി ഏവരിലും ഞെട്ടലുണ്ടാക്കി. ന്യൂ ജനറേഷന്‍ രീതിയുള്ള ആഘോഷമാണ് പലയിടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ഫയല്‍ ചിത്രം

കഴിഞ്ഞ ദിവസം ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്തെ മെയിന്‍ റോഡില്‍ ഗതാഗതം തടയുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ കുത്തിയിരുന്ന് തങ്ങളുടെ ഗ്രൂപ്പിന്റെ പേര് വിവരങ്ങള്‍ റോഡില്‍ വരച്ചത് വാക്കേറ്റത്തിനിടയാക്കിയിരുന്നു. നേരത്തെ മുതിര്‍ന്ന കുട്ടികളിലാണ് ഇത്തരം ആഭാസങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറിയ ക്ലാസുകളിലും ആഘോഷത്തിന്റെ പേരില്‍ പലതും കാട്ടിക്കൂട്ടുകയാണ്.
പലപ്പോഴും അധ്യാപകര്‍ക്ക് പോലും ഇത് നിയന്ത്രിക്കാനാകുന്നില്ല. ചില സ്ഥാപനങ്ങളുടെ സെന്റ് ഓഫുകള്‍ കഴിഞ്ഞ വര്‍ഷം പോലീസ് സ്റ്റേഷനില്‍ വരെ എത്തിയിട്ടുണ്ട്.