ഇന്ത്യന്‍ വ്യോമാക്രമണം സ്ഥിരീകരിച്ച് ജയ്‌ഷെ മുഹമ്മദ്
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം തീവ്രവാദി സംഘടനയായ ജയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചു. പരിശീലന കേന്ദ്രത്തില്‍ ഇന്ത്യ ബോംബിട്ടതായി ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാനാ അമര്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു.
അതിനിടെ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ എഫ് 16 യുദ്ധ വിമാനങ്ങള്‍ ഉപോഗിച്ചത് സംബന്ധിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു. പാക്കിസ്ഥാന്‍ എഫ്16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കക്ക് കൈമാറിയിരുന്നു.
ഒരു ദേശീയ മാധ്യമമാണ് മൗലാനാ അമറിന്റെ ശബ്ദരേഖ പുറത്തുവിട്ടത്. അതേസമയം ജയ്ഷ് ആസ്ഥാനത്തില്‍ ആക്രമണം നടന്നിട്ടില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ജയ്‌ഷെ മുഹമ്മദിന്റെ താവളത്തില്‍ ബോംബാക്രമണം നടന്നതായി തദ്ദേശവാസികളും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടന്നു മണിക്കൂറുകള്‍ക്കു ശേഷം 35 ഓളം മൃതദേഹങ്ങള്‍ പ്രദേശത്തുനിന്ന് ആംബുലന്‍സില്‍ പുറത്തേക്കു കൊണ്ടുപോയതായാണു ദൃക്‌സാക്ഷികളും പറയുന്നു.