ഒ ഐ സി സമ്മേളനത്തിന് അബൂദബിയില്‍ തുടക്കം

Posted on: March 1, 2019 10:25 pm | Last updated: March 2, 2019 at 12:06 am

അബൂദബി: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒ ഐ സി) 46ാമത് സമ്മേളനത്തിന് അബൂദബിയില്‍ തുടക്കമായി. യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ മന്ത്രിമാരെ യു എ ഇയിലേക്ക് സ്വാഗതം ചെയ്യുന്നതായി ശൈഖ് അബ്ദുല്ല പറഞ്ഞു. ഒ ഐ സി അംഗരാജ്യങ്ങളുടെ താത്പര്യങ്ങള്‍ മുന്നോട്ടുവക്കുന്ന സഹകരണ പരിപാടികള്‍ സ്ഥാപിക്കാന്‍ ഫലപ്രദവും സൃഷ്ടിപരവുമായ ചര്‍ച്ചകളുമായി മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് മുസ്ലിം ലോകം സ്വീകരിക്കണമെന്ന് ശൈഖ് അബ്ദുല്ല ആഹ്വാനം ചെയ്തു.
ഒ ഐ സിയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അബൂദബി സമ്മേളനം ഏറെ പ്രാധാന്യത്തോടെയാണ് രാജ്യാന്തര സമൂഹവും ഉറ്റുനോക്കുന്നത്. മുസ്‌ലിം രാജ്യങ്ങളിലെ സമാധാനവും സുസ്ഥിരതയും കൂടാതെ രാഷ്ട്രീയ, സാമ്പത്തിക, മത, സാമൂഹിക പ്രശ്‌നങ്ങളും സമ്മേളനത്തില്‍ മുഖ്യ അജന്‍ഡയായി ചര്‍ച്ച ചെയ്യുന്നുണ്ട്. അറബ് ലോകത്തിന് പുറത്തുള്ള മുസ്ലിംകളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. മ്യാന്‍മറിലെ റോഹിന്‍ഗ്യ അഭയാര്‍ഥികളുടെ ദുരിതവും ചര്‍ച്ചാ വിഷയമാകും.

അര്‍മീനിയ, അസര്‍ബൈജാന്‍, ജിബൂത്തി, എരിത്രിയ, കൊസോവൊ എന്നീ രാജ്യങ്ങളിലെ പ്രതിസന്ധിയും വിഷയമാകും. മേഖലയുടെ സുരക്ഷിതത്വത്തിനായിരിക്കും സമ്മേളനത്തില്‍ പ്രധാന പരിഗണനയെന്ന് ഒ ഐ സി സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് ബിന്‍ അഹ്മദ് അല്‍ ഒതൈമാന്‍ പറഞ്ഞു. ഫലസ്തീന്‍ വിഷയവും ഭീകരവാദത്തെ സംയുക്തമായി നേരിടുന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടാകുമെന്ന് സെക്രട്ടറി ജനറല്‍ സൂചിപ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രത്യേകം ക്ഷണിതാവായാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മുസ്‌ലിം രാജ്യങ്ങളിലെ സമാധാനത്തിനും സുസ്ഥിരതക്കും ഒ ഐ സി മന്ത്രിമാര്‍ ആഹ്വാനം ചെയ്തു.