ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്; 26ല്‍ 24 സീറ്റും തൂത്തുവാരി

Posted on: March 1, 2019 1:58 pm | Last updated: March 1, 2019 at 7:21 pm

മുംബൈ: മഹാരാഷ്ട്രയിലെ സില്ലോഡ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ കുതിപ്പ്. ആകെ 26ല്‍ 24 സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരി. ബിജെപിക്ക് രണ്ട് സീറ്റ് മാത്രം ലഭിച്ചപ്പോള്‍ ശിവസേനക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

മുനിസിപ്പല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ രാജര്‍ഷി നിഖം പതിനായിരത്തിലധം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയിലെ അശോക് തയഡെയെയാണ് രാജര്‍ഷി പരാജയപ്പെടുത്തിയത്. രാജര്‍ഷിയുടെ ഭൂരിപക്ഷത്തിലും താഴെ വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ റാവുസാഹേബ് ധാന്‍വേ പ്രതിനീധീകരിക്കുന്ന ജല്‍ന ലോക്സഭ മണ്ഡലത്തില്‍പ്പെടുന്നതാണ് സില്ലോഡ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം സമ്മാനിക്കുന്നതാണ് വിജയം.

സ്ഥലം എംഎല്‍എയും മഹാരാഷ്ട്ര മന്ത്രിസഭയില്‍ അംഗവും ശിവസേന നേതാവുമായ അര്‍ജുന്‍ കോട്ക്കര്‍ സില്ലോഡിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേരാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.