ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി

അഖ്തർ റസാ ഖാൻ ഖാദിരിയുടെ പിൻഗാമിയായി ശൈഖ് അബൂബക്കറിനെ പോലുള്ള വിശ്രുതനായ ഒരു പണ്ഡിതൻ വരുമ്പോൾ, അതുണ്ടാക്കുന്ന അനുരണനങ്ങൾ വളരെ വലുതാണ്. പ്രത്യേകിച്ചും ഇസ്‌ലാമിക നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ മുസ്‌ലിംകളെ അനുവദിക്കുന്ന ഭരണഘടനാദത്തമായ അവകാശങ്ങൾ നിർത്തലാക്കുന്ന നീക്കങ്ങൾക്ക് മേൽകൈ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശൈഖ് അബൂബക്കറിനെ പോലുള്ള ഒരാൾ ഈ പദവിയിലേക്കെത്തുന്നത്. അന്താരാഷ്ട്ര മുസ്‌ലിം വേദികളിൽ ദീർഘകാലമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരാൾ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവ പരിചയങ്ങളും, സാമൂഹിക ബന്ധങ്ങളും സംഘാടനാ മികവും മധ്യമ നിലപാടുകളും സർവോപരി ഇതിനെയൊക്കെ സാധ്യമാക്കുന്ന അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഈ സങ്കീർണ ഘട്ടത്തിൽ ഇന്ത്യൻ മുസ്‌ലിംകൾക്ക് ആത്മവിശ്വാസം നൽകാൻ പര്യാപ്തമാകും.
Posted on: March 1, 2019 11:58 am | Last updated: March 1, 2019 at 1:03 pm
കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍

കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഇന്ത്യയിലെ സുന്നി പണ്ഡിതന്മാരുടെയും സ്ഥാപനങ്ങളുടെയും സംയുക്തയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായുള്ള അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ തിരഞ്ഞെടുപ്പ് പല കാരണങ്ങൾകൊണ്ടും സവിശേഷമായ പ്രാധാന്യം അർഹിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ സുന്നി മുസ്‌ലിംകളുടെ ആത്മീയ നേതാവായ ഹസ്‌റത്ത് മന്നാൻ ഖാൻ രസ്‌വി ബറേൽവി, മർഹൂം മുഹമ്മദ് അഖ്തർ റസാ ഖാൻ ബറേൽവിയുടെ പിൻഗാമിയായി കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ ഇന്ത്യയിലെ മുസ്‌ലിംകളുടെ ഗ്രാൻറ് മുഫ്തിയായി തിരഞ്ഞെടുത്ത തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തെ അമാമ (പരമ്പരാഗതമായ ചുവന്ന തലപ്പാവ്) അണിയിച്ചപ്പോൾ, ദീർഘകാലത്തെ ഇന്ത്യൻ മുസ്‌ലിം സാമൂഹിക ചരിത്രത്തിലെ സവിശേഷമായ ഒരു മുഹർത്തത്തിനു കൂടിയാണ് മുസ്‌ലിം ലോകം സാക്ഷ്യം വഹിച്ചത്. ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാം മത വിശ്വാസി സമൂഹമായ ഇന്ത്യയിലെ സുന്നി മുസ്‌ലിംകളുടെ മത നിയമ സംബന്ധമായ കാര്യങ്ങളിലുള്ള അധികാരിയായി ഇതോടെ ശൈഖ് അബൂബക്കർ മാറുകയാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള മുഫ്തി പദവിയെ ഇന്ത്യയിൽ കൂടുതൽ വിപുലവും വ്യവസ്ഥാപിതവുമാക്കിയത് സെൻട്രൽ ഏഷ്യയിലെ ദക്ഷിണ കാണ്ഡഹാർ പ്രൊവിൻസിൽ നിന്നും ഉത്തരേന്ത്യയിൽ എത്തിയ അഅലാ അഹമദ് രിളാഖാന്റെ പണ്ഡിത കുടുംബ പരമ്പരയിൽ പെട്ട പൂർവസൂരികളാണ്. 1830 കളുടെ തുടക്കത്തിൽ മുഫ്തിയായി പ്രവർത്തിച്ച ഹസ്‌റത്ത് മൗലാനാ റസാ അലി ഖാൻ ആണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. മുഗൾ ഭരണത്തിന്റെ തകർച്ച പൂർത്തിയാകുന്ന ഘട്ടത്തിലാണ് ഇദ്ദേഹം മുസ്‌ലിം പൊതുജീവിതത്തിലേക്കു കടന്നുവന്നത്. മുഗൾ ഭരണകാലത്ത് ദൈനംദിന ഭരണ നിർവഹണത്തിന്റെ സവിശേഷമായ ഭാഗം തന്നെയായിരുന്നു മുഫ്തിയുടെ പദവി. എന്നു മാത്രമല്ല, ഇസ്‌ലാമിക ഭരണ വ്യവസ്ഥയിൽ മുഫ്തികളായ പണ്ഡിതന്മാരുടെ നിലപാടുകൾ ആയിരുന്നു ഭരണകൂടത്തിന്റെ തന്നെ സ്വഭാവം തീരുമാനിച്ചത് എന്നതാണ് ചരിത്രം. മുഗൾ ചക്രവർത്തി അക്ബർ പണ്ഡിതന്മാരുടെ ഈ സവിശേഷ അധികാരം എടുത്തുകളയുകയും മത നിയമങ്ങൾ രൂപവത്കരിക്കുന്ന കാര്യത്തിലും പ്രമാണങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന കാര്യത്തിൽ അവസാന വാക്ക് ഭരണാധികാരിയുടേതാണ് എന്ന നിലക്ക് സമീപനങ്ങൾ ചില രാജാക്കന്മാർ സ്വീകരിച്ചുവെങ്കിലും പ്രമുഖ നഖ്ശബന്ധി പണ്ഡിതനായ ശൈഖ് അഹമ്മദ് സർഹിന്ദിയുടെ നേതൃത്വത്തിൽ ശക്തമായ എതിർപ്പുകൾ രൂപം കൊണ്ടു. ഔറംഗസീബ് അധികാരമേറ്റെടുത്തതോടെ ഭരണനിർവഹണ രംഗത്ത്, പ്രത്യേകിച്ചും സിവിൽ അഡ്മിനിസ്‌ട്രേഷന്റെ കാര്യത്തിൽ പണ്ഡിതന്മാരുടെ പ്രാധാന്യം കൂടിവന്നു. പണ്ഡിതന്മാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിൽ ഔറംഗസേബ് ശ്രദ്ധ പുലർത്തി. പല മുഗൾ ചരിത്രകാരന്മാരും പറയുന്നത്, ഔറംഗസീബിന്റെ ഈ സമീപനം ഭരണ രംഗത്തെ മറ്റുള്ളവർക്കിടയിൽ അസൂയയും ശത്രുതയും ഉണ്ടാക്കി എന്നാണ്. ഫതാവാ ആലംഗീരിയ എന്നറിയപ്പെടുന്ന ഫത്‌വാ സമാഹാരം ഈ സവിശേഷമായ ഘട്ടത്തിന്റെ സംഭാവനയാണ്. ഇസ്‌ലാമിക ഖിലാഫത്തിന്റെ കീഴിൽ പൊതുവെ ഉണ്ടായിരുന്ന മാതൃകകളാണ് ഖാളി, മുഫ്തി തുടങ്ങിയ കാര്യങ്ങളിൽ മുഗൾ രാജാക്കന്മാർ പിന്തുടർന്നു പോന്നതെങ്കിലും, ഈ നിയമ വ്യവസ്ഥയെ നിലവിലുണ്ടായിരുന്ന ബ്യൂറോക്രസിയുമായി കൂട്ടിച്ചേർത്തിയെടുക്കുന്നതിന് ആവശ്യമായ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. ഇന്ത്യയിൽ ഇന്നു നിലനിൽക്കുന്ന നിയമ വ്യവസ്ഥയുടെ പ്രധാന മാതൃക മുഗൾ നീതിന്യായ സ്ഥാപനങ്ങളും സംവിധാനങ്ങളും ആണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നു മാത്രമല്ല, ആധുനിക നിയമവ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ എളുപ്പത്തിലും വേഗത്തിലുമുള്ള മാറ്റത്തിന് വഴിയൊരുക്കിയതും മുഗൾ നിയമ സംവിധാനങ്ങളായിരുന്നു.

ശൈഖ് അഹമ്മദ് സർഹിന്ദിയുടെ നേതൃത്വത്തിൽ അക്കാലത്തെ പണ്ഡിതന്മാർ സാധ്യമാക്കിയെടുത്ത മതപണ്ഡിതന്മാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യത്തിന്റെ തുടർച്ചയിലാണ് മുഫ്തി റസാ അലി ഖാനെ പോലുള്ളവരുടെ ഇടപെടലുകൾ രൂപം കൊണ്ടത്. മുഗൾ ഭരണത്തിന്റെ തകർച്ചയോടെ സംഭവിച്ച അനിശ്ചിതാവസ്ഥയും ബ്രിട്ടീഷ് ഭരണകൂടം ഉയർത്തിയ പുതിയ വെല്ലുവിളികളും ചേർന്നുണ്ടാക്കിയ സവിശേഷമായ സാഹചര്യം ഈ ഇടപെടലുകളെ കൂടുതൽ ക്രിയാത്മകമാക്കി. മുഫ്തിമാരുടെ സേവനം ജനങ്ങൾക്ക് കൂടുതൽ ആവശ്യമായ ഘട്ടവും ഇതായിരുന്നുവെന്നാണ് നിയമ ചരിത്രകാരന്മാരും പറയുന്നത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മുഗൾ ഭരണത്തിന്റെ പതനത്തോടെ, മുസ്‌ലിം നിയമ വ്യവസ്ഥ നടപ്പിലാക്കാനുള്ള ഒരു ഏജൻസി ഇല്ലാതായി. രണ്ട്, ഈസ്റ്റ് ഇന്ത്യാ കമ്പനി കൊണ്ടുവന്ന, അതുവരെയും അപരിചിതമായ പല മാറ്റങ്ങളും മുസ്‌ലിംകളുടെ സാമൂഹികവും മതപരവുമായ ജീവിതത്തിൽ ഉയർത്തിയ വലിയ വെല്ലുവിളികൾ. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു തന്നെ കാരണമായിത്തീർന്നത് അത്തരമൊരു വെല്ലുവിളിയായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ ജോലി ചെയ്ത സ്വദേശികളായ മുസ്‌ലിംകളെ പന്നിയുടെ കൊഴുപ്പു കൊണ്ടുണ്ടാക്കിയ വെടിയുണ്ട ഉപയോഗിക്കാൻ നിർബന്ധിച്ചതായിരുന്നു പൊടുന്നനെ സമരം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് മതപരമായ ഒരു നിയമ പ്രശ്‌നവും കൂടി ആയിരുന്നല്ലോ.

മുഗൾ ഭരണത്തിന്റെ പതനം പക്ഷേ, ശരീഅത്ത് നിയമങ്ങളെ ദുർബലമാക്കുകയല്ല, മറിച്ച് അവക്ക് പുതിയൊരു ജീവിതം നൽകുകയാണ് ചെയ്തത് എന്ന് കാണാം. വ്യവസ്ഥാപിതമായ ഒരു ഇസ്‌ലാമിക ഭരണകൂടമോ നിയമ വ്യവസ്ഥയോ ഇല്ലാതെ തന്നെ ശരീഅത്ത് നിയമങ്ങൾ അനുസരിക്കാനുള്ള വിശ്വാസികളുടെ സ്വയം സന്നദ്ധതയാണ് മുഫ്തിമാരെ മുസ്‌ലിം സാമൂഹിക ജീവിതത്തിലെ അവിഭാജ്യ ഘടകമായി നിലനിർത്തിയത്. അധികാരത്തിലൂടെയല്ല, വിശ്വാസികളുടെ ധാർമികമായ കർതൃത്വ നിർവഹണത്തിലൂടെയാണ് ഇസ്‌ലാമിക നിയവ്യവസ്ഥ ഇന്ത്യയിൽ പിന്നീട് നിലനിന്നു പോന്നത് എന്നു കാണാം. ഇസ്‌ലാമിക ഭരണകൂടമല്ല മുഫ്തികളെ സാധ്യമാക്കിയത്, മറിച്ച് ഇസ്‌ലാമിക നിയമങ്ങൾക്ക് വഴങ്ങി ജീവിക്കാനുള്ള മുസ്‌ലിംകളുടെ സ്വയം തീരുമാനങ്ങളാണ് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മുഗൾ ഭരണത്തിന് ശേഷം വന്ന ഗ്രാൻഡ് മുഫ്തിയുടെ സ്വീകാര്യതയും ജനകീയതയും. ആധുനിക നിയമ വ്യവസ്ഥയും ഫത്‌വാ കൗൺസിലും പ്രവർത്തിക്കുന്ന ഈജിപ്ത് പോലുള്ള ഇടങ്ങളിൽ ജനങ്ങൾ എന്തുകൊണ്ട് ഫത്‌വാ കൗൺസിലുകളെ, (അവയുടെ വിധികൾ കർക്കശമായിട്ടും) തിരഞ്ഞെടുക്കുന്നു എന്നത് വിശദമാക്കി കൊണ്ട് ഹുസൈൻ അലി ആഗ്രാമയെ പോലുള്ള സാമൂഹിക ശാസ്ത്രജ്ഞർ ഫത്‌വയുടെ അധികാരം, ഭരണകൂടത്തിന്റെ അധികാരത്തിൽ നിന്നും എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് വീശദീകരിക്കുന്നുണ്ട്. 75 ശതമാനത്തോളം വരുന്ന ഇന്ത്യയിലെ അഹ്‌ലുസ്സുന്നയുടെ പ്രയോക്താക്കൾ ഒരു മുഫ്തിയെ തിരഞ്ഞെടുക്കുമ്പോൾ അതിൽ പ്രതിഫലിക്കുന്നതും അറിവിനെയും പണ്ഡിതനെയും അനുസരിക്കാനുള്ള അവരുടെ ധാർമികമായ സ്വയം സന്നദ്ധതയാണ്. നിയമം പുറത്തുനിന്നല്ല, ഒരാളുടെ അകമേ നിന്ന് ഇടപെടുന്ന അവസ്ഥ. ഇത് യഥാർഥത്തിൽ നിയമ വ്യവസ്ഥയെക്കുറിച്ച് തന്നെയുള്ള ചില പുതിയ ആലോചനകൾ മുന്നോട്ടു വെക്കുന്നുണ്ട്.

ആധുനിക ജീവിത വ്യവസ്ഥയുടെ അതി സങ്കീർണമായ സ്വാധീനത്തിനകത്തു നിന്നുകൊണ്ട് ഒരു സമൂഹം ഇങ്ങനെ സ്വയം തീരുമാനമെടുക്കുന്നതിന്റെ ധ്വനിയും അനുമാനങ്ങളും വളരെ വലുതാണ്. മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ കമ്പനിയുടെ കസ്റ്റമർ സർവീസ് വഴി ക്രെഡിറ്റു എടുക്കുകയും പിന്നീട് റീചാർജ് ചെയ്യുമ്പോൾ ഉപഭോക്താവ് കൂടുതൽ തുക ഒടുക്കുകയും ചെയ്യേണ്ടിവരുന്നത് പലിശയുടെ പരിധിയിൽ വരുമോ എന്ന സംശയവുമായി ഒരു വിശ്വാസി മുഫ്തിയെ കാണുന്നതിന്റെ പൊരുൾ മനസ്സിലാകണമെങ്കിൽ വിശ്വാസിയുടെ നൈതിക ബോധത്തെയും കർതൃത്വത്തെയും ഉൾക്കൊള്ളാൻ കഴിയണം. അതിന് കഴിയാതെ വരുമ്പോഴാണ് ടെലഫോൺ റീചാർജ് സിസ്റ്റത്തിനെതിരെ ഫത്‌വ എന്നൊക്കെ ആളുകൾക്ക് ഉദ്വേഗജനകമായ വാർത്തകളും തലക്കെട്ടുകളും എഴുതേണ്ടിവരുന്നത്. രണ്ട് വൃക്കകൾ തകരാറിലായിട്ടും പകരം വൃക്ക ലഭിച്ചിട്ടും അതുമാറ്റിവെക്കാനുള്ള ആരോഗ്യ സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടും, അവയവമാറ്റത്തെ കുറിച്ചുള്ള മസ്അല എന്താണെന്ന് ഞാൻ പള്ളിയിലെ ഉസ്താദിന്റെ കൂടി അഭിപ്രായം ചോദിക്കട്ടെ എന്ന ആ നൈതിക ബോധത്തിൽ നിന്നാണ് മുഫ്തിമാർ ഉണ്ടാകുന്നത്. അതായത്, സമൂഹത്തിൽ ചോദ്യങ്ങൾ, സംശയങ്ങൾ ഉണ്ടാകുമ്പോഴാണ്, സമൂഹം വിശദീകരണം ആവശ്യപ്പെടുമ്പോഴാണ് ഒരു മുഫ്തി ഉണ്ടാകുന്നത്. ആ അർഥത്തിൽ ഇസ്‌ലാമിലെ ജ്ഞാന പാരമ്പര്യത്തിന്റെ സജീവതയെ കൂടിയാണ് ഓരോ മുഫ്തിയും അടയാളപ്പെടുത്തുന്നത്. അതിനെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് മുഫ്തിയുടെ ഉത്തരവാദിത്വം.

അഅലാ ഹസ്രത് ഇമാം അഹ്മദ് റ സാ ഖാൻ ഗ്രാൻഡ് മുഫ്തിയായി വന്ന ശേഷമാണ് ഇന്ത്യയിലെ അഹ്‌ലു സ്സുന്ന മൂവ്‌മെന്റ് ഭൂമിശാസ്ത്രപരമായ അതിന്റെ പ്രവർത്തന പരിധി വിപുലപ്പെടുത്തുന്നത്. അഅലാ ഹസ്‌റത്തിന്റെ വിപുലമായ വൈജ്ഞാനിക ബന്ധങ്ങളോടൊപ്പം സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ചും അവിഭക്ത ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും ഉണ്ടായ കുടിയേറ്റങ്ങൾ ആണ് ഇതിനു പ്രധാനമായും സഹായിച്ചത്. സൗത്ത് ഏഷ്യയിൽ ഇന്ന് കാണുന്ന ദേശരാഷ്ട്ര വിഭജനം ഉണ്ടാകുന്നതിനും ഏറെ മുമ്പേ രൂപം കൊണ്ട സംവിധാനം എന്ന നിലയിൽ ഇന്ത്യയിൽ നിന്നുള്ള ഗ്രാന്റ് മുഫ്തിയുടെ അധികാര പരിധി ഇപ്പോഴും വിപുലമാണ്. അതുകൊണ്ടു തന്നെ ശൈഖുൽ അസ്ഹറിന്റെ പദവി കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം സമൂഹത്തിന്റെ ഗ്രാൻഡ് മുഫ്തിയാണ് ഇന്ത്യയിലേത്. സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്കു പുറമെ, ബ്രിട്ടൻ, ഹോളണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ, സൗത്ത് ആഫ്രിക്ക, എന്നിവിടങ്ങളിലെ സൗത്ത് ഏഷ്യൻ മുസ്‌ലിം കുടിയേറ്റ സമൂഹങ്ങൾ തങ്ങളുടെ മതകാര്യങ്ങളിലെ അതോറിറ്റിയായി കണക്കാക്കുന്നത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെയാണ്. ലോക മുസ്‌ലിം ജന സംഖ്യയുടെ മൂന്നിൽ ഒന്ന് വരും ഈ സമൂഹം. ഏതാണ്ട് 30 വർഷത്തോളം ഗ്രാൻഡ് മുഫ്തിയായി പ്രവർത്തിച്ച താജു ശരീഅ, മുഹമ്മദ് അഖ്തർ റസാ ഖാൻ ഖാദിരിയുടെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ലക്ഷക്കണക്കിന് വിശ്വാസികൾ ആ വലിയ സമൂഹത്തിന്റെ പരിച്ഛേദമാണ്.

അഖ്തർ റസാ ഖാൻ ഖാദിരിയുടെ പിൻഗാമിയായി ശൈഖ് അബൂബക്കറിനെ പോലുള്ള വിശ്രുതനായ ഒരു പണ്ഡിതൻ വരുമ്പോൾ, അതുണ്ടാക്കുന്ന അനുരണനങ്ങൾ വളരേ വലുതാണ്. പ്രത്യേകിച്ചും ഇസ്‌ലാമിക നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ മുസ്‌ലിംകളെ അനുവദിക്കുന്ന ഭരണഘടനാദത്തമായ അവകാശങ്ങൾ നിർത്തലാക്കുന്ന നീക്കങ്ങൾക്ക് മേൽകൈ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശൈഖ് അബൂബക്കറിനെ പോലുള്ള ഒരാൾ ഈ പദവിയിലേക്കെത്തുന്നത്. അന്താരാഷ്ട്ര മുസ്‌ലിം വേദികളിൽ ദീർഘകാലമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരാൾ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവ പരിചയങ്ങളും, സാമൂഹിക ബന്ധങ്ങളും സംഘാടനാ മികവും മധ്യമ നിലപാടുകളും സർവോപരി ഇതിനെയൊക്കെ സാധ്യമാക്കുന്ന അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഈ സങ്കീർണ ഘട്ടത്തിൽ ഇന്ത്യൻ മുസ്‌ലിംകൾക്ക് ആത്മവിശ്വാസം നൽകാൻ പര്യാപ്തമാകും. ചുമതല ഏറ്റെടുത്തുകൊണ്ട് ഉസ്താദ് കാന്തപുരം രാംലീല മൈതാനിയിൽ നടത്തിയ പ്രസംഗം ഇക്കാര്യത്തിൽ അദ്ദേഹത്തിനുള്ള വ്യക്തമായ ചില സമീപനങ്ങളിലേക്കും നിലപാടുകളിലേക്കുമുള്ള സൂചന നൽകുന്നുണ്ട്. കർമശാസ്ത്രപരമായ വൈവിധ്യങ്ങളെ വൈജ്ഞാനികമായി സമീപിക്കണമെന്നും ശാഖാപരമായ വ്യത്യാസങ്ങളെ ആദർശപരമായ സമാനതകൾ കണ്ടെത്തുന്നതിനുള്ള തടസ്സമായി മാറ്റിക്കൂടാ എന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യൻ മുസ്‌ലിം സമൂഹത്തിലേക്ക് പാരസ്പര്യത്തിന്റെ പുതിയ കീഴ്‌വഴക്കങ്ങൾ കൊണ്ടുവരാതിരിക്കില്ല.

ചിലരെങ്കിലും കരുതുന്നത് പോലെ, ഭൂരിപക്ഷം വരുന്ന ഉത്തരേന്ത്യൻ മുസ്‌ലിംകളുടെ കൂടി ലീഗൽ അതോറിറ്റിയായി ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു പണ്ഡിതൻ വരുന്നു എന്നതിലല്ല പ്രാധാന്യം. പേർഷ്യൻ, ഉർദു ഭാഷകളിലൂടെ രൂപപ്പെട്ട ഉത്തരേന്ത്യയിലെ ജനകീയ മുസ്‌ലിം സാംസ്‌കാരിക പരിസരത്തേക്ക് ഒരു മലയാളി വരുന്നു എന്നതിലുമല്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തിടം വെച്ച ‘മദിരാശി’കളോടുള്ള നോർത്ത് ഇന്ത്യക്കാരുടെ വിദ്വേഷാത്മകവും വംശീയത നിറഞ്ഞതുമായ സമീപനത്തോടുള്ള മുസ്‌ലിം സമുദായത്തിനകത്ത് നിന്നുള്ള തിരുത്ത് എന്ന തരത്തിലൊക്കെയുള്ള വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് മുസ്‌ലിം വിഷയങ്ങളെ പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങളാക്കി ചുരുക്കിക്കെട്ടാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് എളുപ്പത്തിലും സൗകര്യത്തിലും നൽകാവുന്ന വിശദീകരണങ്ങൾ മാത്രമാണ്. അതാകട്ടെ ഫലത്തിൽ ഇസ്‌ലാമിക സമൂഹത്തിൽ ഫത്‌വ, മുഫ്തി തുടങ്ങിയ തീരുമാനങ്ങൾക്കും പദവികൾക്കുമുള്ള പങ്കിനെയും പ്രാധാന്യത്തെയും ചെറുതാക്കുകയും ചെയ്യും. ഒരു പക്ഷേ, ഈ പറയപ്പെട്ട പ്രതിനിധാനങ്ങളേക്കാൾ ഇസ്‌ലാമിനെ ഗൗരവത്തോടെ സമീപിക്കുന്നവരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ഒരു കാര്യം ഉത്തരേന്ത്യയിലെ മഹാ ഭൂരിപക്ഷം വരുന്ന ഹനഫീ മുസ്‌ലിംകൾ ആണ് ഒരു ശാഫിഈ പണ്ഡിതനെ ഈ പദവിയിലേക്ക് കൊണ്ടുവരാൻ മുൻകൈ എടുത്തത് എന്നതായിരിക്കും. പക്ഷേ അത്തരം വിശകലനങ്ങൾ പോലും ഫലത്തിൽ അറിവിനോടുള്ള ഇസ്‌ലാമിന്റെ വിശാലമായ സമീപനത്തെ മനസ്സിലാക്കാതെയുള്ള നിഗമനങ്ങൾ മാത്രമായിരിക്കും. മദിരാശികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ മദിരാശി, സ്ത്രീകളുടെ ആവശ്യങ്ങൾ മനസ്സിലാക്കാൻ സ്ത്രീ എന്നിങ്ങനെയുള്ള പ്രതലത്തിൽ നിന്നല്ല അറിവുമായി ബന്ധപ്പെട്ട അധികാരം ഇസ്‌ലാമിൽ പ്രവർത്തിക്കുന്നത്. അറിവിൽ മെച്ചപ്പെട്ടവർ ആരോ അവർ ആണ് ഇസ്‌ലാമിലെ അധികാരികൾ. അറിവിന്റെ പരിമിതികളെ ഭൂമിശാസ്ത്രപരമോ ഭാഷാ പരമോ ലിംഗ പരമോ ആയ പ്രതിനിധാനങ്ങൾ കൊണ്ട് പരിഹരിക്കാവുന്നതുമല്ല.
പുതിയ പദവി, ഉത്തരേന്ത്യൻ മുസ്‌ലിംകൾക്കിടയിൽ കേരളത്തിലെ വിവിധ മുസ്‌ലിം സാമുദായിക സന്നദ്ധ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകമായി ഏകോപിപ്പിക്കാൻ സഹായിക്കും എന്നത് എല്ലാവർക്കും ഒരുപോലെ സന്തോഷിക്കാവുന്ന കാര്യമാണ്. കേരളത്തിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ഏകോപനവും ജാഗ്രതയും ആവശ്യപ്പെടുന്നതാണ് ഉത്തരേന്ത്യയിലെ മുസ്‌ലിംകൾക്കിടയിലെ സേവന സന്നദ്ധ പ്രവർത്തനങ്ങൾ. ഇതിന്റെ അഭാവം പലപ്പോഴും സേവന പ്രവർത്തനങ്ങൾ അവരുടെ നിത്യജീവിതത്തിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കിയ അനുഭവങ്ങൾ പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഒപ്പം ഉത്തരേന്ത്യയിലെ കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലും സാമൂഹിക മൂലധനത്തിലും വളർന്നുവന്ന മുസ്‌ലിംകൾ നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ എന്ന നിലയിൽ നിന്നും തുല്യ പങ്കാളികളായി അവരെ കാണാനും പദ്ധതികളിൽ പങ്കാളികളാക്കാനുമുള്ള മനോഭാവം നമ്മളും വളർത്തിയെടുക്കണം. ഉസ്താദിനെ പോലുള്ള ഒരാളുടെ മധ്യസ്ഥ സാന്നിധ്യത്തിന് ഇക്കാര്യത്തിൽ ക്രിയാത്മകമായ ഒരുപാട് പങ്കാളിത്തം വഹിക്കാനുണ്ടാകും. മുസ്‌ലിംകളുടെയും അവരുടെ പ്രശ്‌നങ്ങളുടെയും മുഖ്യധാരാവത്കരണത്തിലേക്ക് ഇതെത്തുകയാണെങ്കിൽ വലിയ മാറ്റങ്ങൾക്കുള്ള തുടക്കത്തിനായിരിക്കും ഇതു വഴിയൊരുക്കുക. അതിനു നേതൃത്വം നൽകാൻ ഉസ്താദ് കാന്തപുരത്തിന്റെ അറിവിനും അനുഭവത്തിനും സംഘാടനത്തിനും കഴിയുക തന്നെ ചെയ്യും എന്നാണ് പ്രതീക്ഷ.

(കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർഥിയാണ് ലേഖകൻ)