Connect with us

International

മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ട്; ശക്തമായ തെളിവുകള്‍ കൈമാറിയാല്‍ ഉചിതമായ നടപടി: പാക്ക് വിദേശകാര്യ മന്ത്രി

Published

|

Last Updated

ലാഹോര്‍: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രിയുടെ സ്ഥിരീകരണം. തനിക്ക് ലഭ്യമായ വിവരമനുസരിച്ച് മസൂദ് അസ്ഹര്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം അസുഖബാധിതനാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറൈശി പറഞ്ഞു. പാക്കിസ്ഥാന്‍ കോടതി അംഗീകരിക്കുന്ന തരത്തിലുള്ള ശക്തമായ തെളിവുകള്‍ ഇന്ത്യ കൈമാറിയാല്‍ അസ്ഹറിനെതിരെ നടപടി സ്വീകരിക്കുമെന്നും ഖുറൈശി പറഞ്ഞു. തെളിവുകളുണ്ടെങ്കില്‍ ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ പറയുക. ഉചിതമായ നടപടി സ്വീകരിക്കാം.

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനം സമാധാന സന്ദേശമാണ്. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സന്നദ്ധമാണെന്ന പാക്കിസ്ഥാന്റെ സന്ദേശമാണിത്. ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ യുഎസ് പ്രസിഡന്റ് നല്ല പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോട് നന്ദി പറയുന്നു. ദശകങ്ങളായി യുഎസും പാക്കിസ്ഥാനും നല്ല ബന്ധം തുടരുകയാണ്. യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യ -പാക്ക് പ്രശ്‌നപരിഹാരത്തിന് യുഎസ് നടത്തിയ ശ്രമങ്ങളില്‍ പാക്ക് സര്‍ക്കാറിന് സന്തുഷ്ടിയുണ്ട്- ഖുറൈശി പറഞ്ഞു.

Latest