തെങ്ങില്‍ നിന്ന് വീണെന്നു പറഞ്ഞ് ഒരു സംഘം ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു; കൊണ്ടുവന്നവര്‍ മുങ്ങി

Posted on: March 1, 2019 12:05 am | Last updated: March 1, 2019 at 12:05 am

തിരുവനന്തപുരം: തെങ്ങില്‍ നിന്ന് വീണതായി പറഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് എഫ് സി ഐ ഗോഡൗണിനു സമീപം താമസിക്കുന്ന വിഷ്ണു (21) ആണ് മരിച്ചത്.

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് യുവാവിനെ മൂന്നം സംഘം ആശുപത്രിയിലേക്കു കൊണ്ടുവന്നത്. വിശദ പരിശോധനയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വിഷ്ണു മരിച്ചതായി കണ്ടെത്തി. ഇതിനിടെ, യുവാവുമായി എത്തിയവരെ കാണാതാവുകയും ചെയ്തു.

വിഷ്ണുവിനെ കൊണ്ടുവന്ന ഓട്ടോറിക്ഷ ചിറയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആശുപത്രിയിലേക്കു കൊണ്ടുവരും മുമ്പ് വിഷ്ണുവിന് ക്രൂരമായ മര്‍ദനമേറ്റിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.