ആദിവാസികളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Posted on: February 28, 2019 11:15 pm | Last updated: March 1, 2019 at 9:17 am

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ആദിവാസികളെയും ഗോത്രവര്‍ഗക്കാരെയും വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, വനത്തില്‍ അതിക്രമിച്ചു കയറി താമസിക്കുന്നവരെ ഒഴിപ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ 11 ലക്ഷത്തിലധികം വരുന്ന ആദിവാസികള്‍ക്ക് താത്കാലിക ആശ്വാസം പകരുന്നതാണ് ഉത്തരവ്. വനാവകാശ നിയമ പ്രകാരം അപേക്ഷ നിരസിക്കാനെടുത്ത നടപടിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള വിശദവിവരങ്ങളടങ്ങിയ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നാലുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

അനധികൃതമായി വനഭൂമി കയ്യേറിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പടെ കോടതിയെ സമീപിച്ചിരുന്നു. പാവപ്പെട്ടവരും വിദ്യാഭ്യാസം ലഭിക്കാത്തവരും വനത്തിന്റെ ഉള്‍ഭാഗങ്ങളില്‍ താമസിക്കുകയും ചെയ്യുന്നവരായതിനാല്‍ അനധികൃതരെന്നു മുദ്രകുത്തപ്പെട്ടവര്‍ക്ക് അവകാശം തെളിയിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം വാദിച്ചു. എന്നാല്‍, ഈ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഒരു പ്രദേശം വനത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ അവിടം അനധികൃതമായി കൈവശം വച്ചിരിക്കുന്നവരെല്ലാം പുറത്തുപോകണം. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് കേന്ദ്രം റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതേവരെ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും കോടതി വ്യക്തമാക്കി.

വനഭൂമിയില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കണമെന്ന ഫെബ്രുവരി 13ലെ കോടതി ഉത്തരവ് 21 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 11 ലക്ഷത്തോളം വനവാസികളെ പ്രത്യക്ഷമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ഇടതു പാര്‍ട്ടികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.