നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് കെട്ടിടം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി

Posted on: February 28, 2019 7:35 pm | Last updated: February 28, 2019 at 7:35 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസായി പ്രവര്‍ത്തിച്ച ന്യൂഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി വീണ്ടും ഉത്തരവിട്ടു.

ഓഫീസ് ഒഴിയണമെന്ന ഡിസംബറിലെ ഉത്തരവിനെതിരെ പത്രത്തിന്റെ പ്രസാധകന്‍ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പത്തു വര്‍ഷത്തോളമായി കെട്ടിടത്തില്‍ പത്രം പ്രവര്‍ത്തിക്കുന്നില്ലെന്നും വാണിജ്യ ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഓഫീസ് ഉപയോഗപ്പെടുത്തുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസാധകന്റെ 56 വര്‍ഷക്കാലത്തെ പാട്ടക്കരാര്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് 2018 ഡിസംബര്‍ 21ന് രണ്ടാഴ്ചക്കകം ഓഫീസ് കെട്ടിടം ഒഴിയണമെന്നും അല്ലാത്തപക്ഷം ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.