നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം: തിരിച്ചടിച്ച് ഇന്ത്യ

Posted on: February 28, 2019 10:01 am | Last updated: February 28, 2019 at 12:44 pm

ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് വെടിവെപ്പ്. പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെയും പാകിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങളെ വെടിവെച്ചു വീഴ്ത്തിയിരുന്നു. അമേരിക്ക നല്‍കിയ എഫ് 16 ഇനത്തില്‍പ്പെട്ട മൂന്ന് വിമാനങ്ങള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്‍ ആക്രമണത്തിന് ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തി കടക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ പാക് വിമാനങ്ങളെ പ്രതിരോധിക്കുകയായിരുന്നു. ഇന്ത്യന്‍ പ്രതിരോധത്തില്‍ പാക്കിസ്ഥാന്റെ അതിര്‍ത്തിയില്‍ അവരുടെ ഒരു വിമാനം തകര്‍ന്നുവീഴുന്നതായി കണ്ടെന്നും ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. പോര്‍വിമാനങ്ങളില്‍ നിന്ന് നിയന്ത്രണ രേഖക്ക് സമീപം പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ചൊവ്വാഴ്ച മുതല്‍ അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം നടത്തുന്നുണ്ട്. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്. ഇതില്‍ അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റവും പാക് ഭീകരര്‍ ശക്തമാക്കിയിട്ടുണ്ട്. ബലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യവും ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.