Connect with us

National

സൈനികരുടെ ജീവത്യാഗത്തെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നു; വിമര്‍ശവുമായി പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ സൈനികരുടെ ജീവത്യാഗത്തെ ബിജെപി ലജ്ജയില്ലാതെ രാഷ്ട്രീയവല്‍ക്കരിക്കുന്നതായി പ്രതിപക്ഷം. അതിര്‍ത്തിയില്‍ ഇന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാകാത്തതിനേയും ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം വിമര്‍ശിച്ചു. പാക്കിസ്ഥാന്റെ തടവിലായ വിങ് കമാന്‍ഡറുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കുന്നതിനു പ്രഥമ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു.

21 പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തില്‍, മുതിര്‍ന്ന നേതാക്കളെ ഒപ്പംനിര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സംയുക്ത പ്രമേയം അവതരിപ്പിച്ചത്.രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം ദേശസുരക്ഷ എല്ലാത്തിനും മുകളിലായിരിക്കണം. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ രാജ്യത്തെ വിശ്വാസത്തിലെടുക്കണം. ഇടുങ്ങിയ രാഷ്ട്രീയ ചിന്തയേക്കാള്‍ വലുതാണു രാജ്യസുരക്ഷയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാക്കിസ്ഥാന്റെ അറിവോടെ നടന്ന പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍, ജീവത്യാഗം നടത്തിയ സൈനികര്‍ക്കു ആദരാഞ്ജലി അര്‍പ്പിച്ചു. വ്യോമസേന നടത്തിയ ആക്രമണത്തെയും സൈനികരുടെ ധീരതയെയും അഭിനന്ദിച്ച് പ്രത്യേക പ്രമേയവും അംഗീകരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ത്യാഗത്തെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബിജെപിയുടെ നേട്ടമായി അവതരിപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും പേരെടുത്ത് പറഞ്ഞ് യോഗം വിമര്‍ശിച്ചു. രാജ്യം സൈനികന്റെ ജീവനില്‍ ആശങ്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും രാഷ്ട്രീയ വിഷയങ്ങളില്‍ മുഴുകുന്നതിനെതിരേയും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.