നോള്‍ കാര്‍ഡുകളില്‍ നോള്‍ പ്ലസ് ലോയല്‍റ്റി

Posted on: February 27, 2019 7:25 pm | Last updated: February 27, 2019 at 7:25 pm

ദുബൈ: നോള്‍ കാര്‍ഡുകളില്‍ നോള്‍ പ്ലസ് ലോയല്‍റ്റി പോയിന്റ് സംവിധാനമൊരുക്കി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി. പൊതു ഗതാഗത സംവിധാനങ്ങളുടെ ടിക്കറ്റുകള്‍, പാര്‍കിംഗ് ഫീസുകള്‍, പൊതു ഉദ്യാനങ്ങളിലെ പ്രവേശന നിരക്ക്, ഇത്തിഹാദ് മ്യൂസിയത്തിലേക്കുള്ള പ്രവേശന നിരക്ക് എന്നിവ ഒടുക്കുന്നതിനും റീടെയ്ല്‍ ഷോപ്പുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ ഓരോ തവണ കാര്‍ഡ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വാങ്ങുകയോ സേവനങ്ങള്‍ക്ക് ഫീസ് ഒടുക്കുകയോ ചെയ്താല്‍ പ്രത്യേകമായി ലോയല്‍റ്റി പോയിന്റ് നേടാവുന്ന സംവിധാനമാണ് ആര്‍ ടി എ ഒരുക്കിയത്. ആര്‍ ടി എയുടെ സ്മാര്‍ട് മൊബൈല്‍ ഫോണ്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുക.

പണമിടപാടുകളില്‍ കൂടുതല്‍ ഡിജിറ്റലൈസേഷന്‍ ഏര്‍പെടുത്തുക എന്ന നയത്തിനൊപ്പം 2021 ഓട് കൂടി ദുബൈ ഗവെര്‍ന്മെന്റിന്റെ വ്യവഹാരങ്ങള്‍ കൂടുതല്‍ സ്മാര്‍ടാക്കുക എന്ന ആശയത്തിന് കരുത്തേകുന്നതാണ് പുതിയ പദ്ധതി. പേപ്പര്‍ രഹിത വ്യവഹാരങ്ങളെ കൂടുതലായി പിന്തുണക്കുകയെന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം.
രണ്ട് വിധത്തിലാണ് നോള്‍ കാര്‍ഡുകള്‍ ഉള്ളത്. വ്യക്തിഗതമായി ഉപയോഗിക്കാവുന്ന നീല നിറത്തിലുള്ളതും വ്യക്തിഗതമല്ലാത്ത സില്‍വര്‍ നിറത്തിലുള്ളതും. നീല നിറത്തിലുള്ള കാര്‍ഡുകള്‍ക്ക് ഓരോ ദിര്‍ഹം ചിലവഴിക്കുമ്പോഴും ഒരു പോയിന്റ് ലോയല്‍റ്റിയായി ലഭിക്കും. അതേസമയം, സില്‍വര്‍ നിറത്തിലുള്ള കാര്‍ഡുകള്‍ക്ക് ഓരോ രണ്ട് ദിര്‍ഹം ചിലവഴിക്കുമ്പോഴാണ് ഒരു പോയിന്റ് കരസ്ഥമാക്കാനാകുക.

നോള്‍ കാര്‍ഡ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ലോയല്‍റ്റി പ്രോഗ്രാമിന് അപേക്ഷിക്കാന്‍ കഴിയുന്നതാണ്. ആര്‍ ടി എയുടെ വെബ് സൈറ്റ് വഴി പ്രോഗ്രാമിനായി അപേക്ഷിക്കാം. 1.4 കോടി ദിര്‍ഹമിന്റെ പ്രത്യേക ഇളവുകളും ഗുണങ്ങളും രജിസ്റ്റര്‍ ചെയ്ത മെംബര്‍മാര്‍ക്ക് ലഭിക്കും. പോയിന്റുകള്‍ നോള്‍ കാര്‍ഡ് വീണ്ടും റീചാര്‍ജ് ചെയ്യും നേരം ഉപയോഗിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ആര്‍ ടി എ ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി സന്തോഷദായക പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഒരൊറ്റ പ്രോഗ്രാം കൊണ്ട് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കാനാകുക എന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംതൃപ്തി പകരുമെന്ന് ആര്‍ ടി എ അധികൃതര്‍ വ്യക്തമാക്കി.