സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് സഹിതം യുവതി പിടിയില്‍

Posted on: February 27, 2019 6:36 pm | Last updated: February 27, 2019 at 11:04 pm

കോഴിക്കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി ജംഷീനയാണ് ഫറോക്കില്‍വെച്ച് ഫറോക്ക് റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍നിന്നും ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രധാന ഏജന്റായ ഫറോക്ക് സ്വദേശി സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകവെയാണ് യുവതി പിടിയിലായത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സലീമിനൊപ്പം തമിഴ്‌നാട്ടിലെ മധുരയില്‍നിന്നും ജംഷീന വന്‍തോതില്‍ കഞ്ചാവ് എത്തിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. പലപ്പോഴും ഭാര്യ ഭര്‍ത്താക്കന്‍മാരായി അഭിനയിച്ചാണ് ഇവര്‍ പരിശോധനകളില്‍നിന്നും രക്ഷപ്പെടാറുള്ളത്. സ്വന്തം വീട്ടില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യപ്രകാരം സലീമിന് എത്തിച്ചു നല്‍കിവരികയായിരുന്നു. സലീമാണ് ജില്ലയിലെ മറ്റ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പനക്ക് നല്‍കുന്നത്. സംഭവത്തില്‍ സലീമിനെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്‌സൈസ്.