ഭീകരവിരുദ്ധ പോരാട്ടം: ഇന്ത്യക്ക് പിന്തുണയുമായി ചൈന

Posted on: February 27, 2019 6:10 pm | Last updated: February 27, 2019 at 9:16 pm

ബീജിംഗ്: ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണച്ച് ചൈന. റഷ്യ, ഇന്ത്യ, ചൈന എന്നീ രാഷ്ട്രങ്ങളിലെ വിദേശമന്ത്രിമാരുടെ 16ാമത് സംയുക്ത സമ്മേളനത്തിലാണ് ചൈന പ്രതികരണമറിയിച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ഭീകര പ്രവര്‍ത്തനത്തെ ഒരുതരത്തിലും പിന്തുണക്കരുതെന്നും രാഷ്ട്രീയത്തില്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ചൈന വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് സമ്മേളനം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു. രാജ്യങ്ങളുടെ പരമാധികാരം പരസ്പരം ആദരിച്ചുകൊണ്ട് അന്താരാഷ്ട്ര നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കണം.

ഭീകര ഗ്രൂപ്പുകളുമായി പോരാടിക്കൊണ്ടിരിക്കുന്ന ലിബിയക്കും മൂന്നു രാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ പിന്തുണ അറിയിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ഇയും, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും സമ്മേളനത്തില്‍ സംബന്ധിച്ചു.