വ്യോമസേനയുടെ നടപടി സ്വാഗതാര്‍ഹം: കോടിയേരി; ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം

Posted on: February 27, 2019 1:43 pm | Last updated: February 27, 2019 at 1:43 pm

തിരുവനന്തപുരം: ഇന്ത്യന്‍ വ്യോമസേന ഭീകരതക്കെതിരെ ഫലപ്രദമായ ആക്രമണം നടത്തിയ നടപടി സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുല്‍വാമയില്‍ സി ആര്‍ പി എഫ് വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ഭീകരാക്രമണം ലോകമാകെ പ്രതിഷേധമുയര്‍ത്തിയതാണ്. സ്വയം മനുഷ്യബോംബായി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല്‍പ്പത് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഓര്‍ക്കാപ്പുറത്ത് നടന്ന ഈ ആക്രമണത്തെ എല്ലാവരും അപലപിച്ചതാണ്. ജവാന്മാരെ വീരമൃത്യുവരിപ്പിച്ച ഭീകരരുടെ നടപടി പരമാവധി ശിക്ഷ അര്‍ഹിക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് വ്യോമസേന നടത്തിയ ആക്രമണം ഭീകരതക്കെതിരെ ചിന്തിക്കുന്നവരില്‍ മതിപ്പുളവാക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിന് കൂടെ അണിനിരക്കേണ്ട ഘട്ടമാണിത്. സിപിഎം സൈനിക നടപടിക്ക് പൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഫലപ്രദമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍, മോദി സര്‍ക്കാരിന്റെ മുന്‍കാല പ്രവര്‍ത്തനം പ്രതീക്ഷ നല്‍കുന്നതല്ല. ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഈ സംഭവത്തെ ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നതിനെതിരെ ഏവരും ജാഗ്രത പാലിക്കമെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.