Connect with us

Editorial

പാക്കിസ്ഥാൻ പഠിക്കുമോ?

Published

|

Last Updated

പുൽവാമ തീവ്രവാദി ആക്രമണത്തിന് രാഷ്ട്രീയ തിരിച്ചടികൾക്കു പുറമെ സൈനിക തിരിച്ചടിയും തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. തിങ്കളാഴ്ച പുലർച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ജയ്‌ഷെ കമാൻഡർമാരും പരിശീലനം സിദ്ധിച്ച തീവ്രവാദികളുമടക്കം ഇരുന്നൂറിലേറെ ഭീകരർ കൊല്ലപ്പെടുകയും മൂന്ന് തീവ്രവാദ താവളങ്ങൾ തകർന്നതായുമാണ് റിപ്പോർട്ട്. ജയ്‌ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ ഭാര്യാ സഹോദരൻ യൂസുഫ് അസ്ഹറാണ് ഈ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം നൽകിയിരുന്നത്. അദ്ദേഹം കൊല്ലപ്പെട്ടതായാണ് വിവരം.

പാക്കിസ്ഥാന്റെ ഉറി ആക്രമണത്തിന് പകരം 2016ൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തേക്കാൾ അതിശക്തമായിരുന്നു ഇപ്പോഴത്തേത്. 1971 ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ പോർവിമാനങ്ങൾ നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തുന്നത്. പുൽവാമക്ക് പിന്നാലെ ഇന്ത്യക്ക് നേരെ വീണ്ടും ആക്രമണം നടത്താൻ ഭീകരർക്ക് പദ്ധതികളുണ്ടായിരുന്നുവെന്നും ഇത് മുന്നിൽ കണ്ടാണ് ഇന്ത്യയുടെ നീക്കമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കുന്നു. നിയന്ത്രണരേഖക്ക് 50 കിലോമീറ്ററോളം കടന്നു ചെന്ന 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബ് വർഷിച്ചുവെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്തത്. ഇത്രയും ദൂരം കടന്നുവന്ന് ഇന്ത്യ പ്രത്യാക്രമണം നടത്തുമെന്ന് തീവ്രവാദികളോ പാക് ചാരസംഘടനകളോ പ്രതീക്ഷിച്ചതല്ല. പുലർച്ചേ തീവ്രവാദികൾ ഉറങ്ങിക്കൊണ്ടിരിക്കെയായിരുന്നു ബോംബ്‌വർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്ത്യയുടെ പ്രത്യാക്രണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ലേസർ ഘടിപ്പിച്ച ബോംബുകളാണ് സൈന്യം ഉപയോഗിച്ചത്. ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നതായി ട്വിറ്ററിലൂടെ പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ തിങ്കളാഴ്ച ആരോപിച്ചിരുന്നു. മുസഫറാബാദ് സെക്ടറിലാണ് ഇന്ത്യൻ വിമാനങ്ങൾ കടന്നുകയറിയതെന്നും പാക്കിസ്ഥാൻ തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങൾ തിരിച്ചു പറന്നെന്നും ആസിഫ് ഗഫൂർ അവകാശപ്പെട്ടു. അതിനു പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി സംബന്ധിച്ച വാർത്തകളും ഫോട്ടോകളും പുറത്തു വന്നത്. ബലാക്കോട്ട്, ചകോതി, മുസഫറാബാദ് മേഖലകളിലായിരുന്നു ഇന്ത്യയുടെ കടന്നുകയറ്റം. ഇന്ത്യ-പാക് നിയന്ത്രണ രേഖയിലെ നിർണായക മേഖലയായ ബലാക്കോട്ട് പാക്കിസ്ഥാനിലെ അതിർത്തി പ്രദേശമായ ഖെബർപക്തുൻക്വ പ്രവിശ്യയിലാണ.് ജയ്‌ഷെ മുഹമ്മദിന്റെ പ്രധാന പരിശീലന കന്ദ്രം പ്രവർത്തിക്കുന്നത് ഇവിടെയാണ്. 2001ൽ മസൂദ് അസ്ഹറാണ് ഈ ക്യാമ്പ് സ്ഥാപിച്ചത്. ജമ്മു കശ്മീർ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ഇന്ത്യക്കെതിരായ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഇവിടെ നിന്നാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പല തവണ ഈ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടിട്ടുണ്ട്.
മസൂദ് അസ്ഹറിനെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. എന്നാൽ തിരിച്ചടി മുൻകൂട്ടി കണ്ട് മസൂദ് അസ്ഹറിനെയും അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുൽ റഊഫ് അസ്ഹറിനെയും മറ്റു പ്രമുഖ നേതാക്കളെയും ജയ്‌ഷെ മുഹമ്മദ് നേതൃത്വം സുരക്ഷിത താവളത്തിലേക്ക് മാറ്റിയിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരമനുസരിച്ച് റാവൽപിണ്ടിയിലെ ഒരു ആശുപത്രിയിലായിരുന്നു മസൂദ് അസ്ഹർ അടുത്ത ദിവസം വരെ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പ് ഇവിടെ നിന്ന് ഭാവൽപൂരിനടുത്തുള്ള കൊട്ഘാനിയിലേക്ക് അയാളെ മാറ്റിയെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. അബ്ദുൽ റഊഫ് അസ്ഹറിനെ പഞ്ചാബിലേക്കാണ് മാറ്റിയത്. ചില തീവ്രവാദ ഭീകര സംഘടനകൾ തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി 1994ൽ ശ്രീനഗറിലെത്തിയപ്പോൾ ഇന്ത്യ മസൂദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. വാജ്പയിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാറാണ് 1999ൽ അയാളെ വിട്ടയച്ചത.്

മസൂദ് അസ്ഹറിന്റെ സഹോദരൻ ഉൾപ്പെട്ട ഭീകരർ, നേപ്പാളിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച ഇന്ത്യൻ എയർലൈൻസ് വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടു പോവുകയും യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്തതിനു പിന്നാലെ അവരെ മോചിപ്പിക്കുന്നതിന് പകരമായിട്ടായിരുന്നു അസ്ഹറിന്റെ മോചനം. അന്ന് ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കാൻ ഭീകരരുമായി വിലപേശൽ ചർച്ചക്ക് നിയോഗിക്കപ്പെട്ടത് അന്ന് ഇന്റലിജൻസ് മേധാവിയും ഇന്ന് പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവുമായ അജിത് ഡോവലാണ്. മസൂദ് അസ്ഹർ അടക്കം മൂന്ന് ഭീകരരെ വിട്ടയക്കുക, വൻ തുക പണമായി നൽകുക തുടങ്ങിയ വിമാനറാഞ്ചികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയായിരുന്നു ഡോവലും സംഘവും. ഇന്ത്യാ ഗവൺമെന്റിന്റെ ഏറ്റവും വലിയ ഇന്റലിജൻസ് പിഴവുകളിലൊന്നായി കാണ്ഡഹാർ വിമാന റാഞ്ചൽ കൈകാര്യം ചെയ്ത രീതി പിന്നീട് വിമർശിക്കപ്പെടുകയുണ്ടായി.
തിങ്കളാഴ്ചത്തെ വ്യോമസേനയുടെ ആസൂത്രിത ആക്രമണത്തിനു മുന്നിൽ പാക്കിസ്ഥാനും തീവ്രവാദ കേന്ദ്രങ്ങളും പകച്ചു പോയതായാണ് വിവരം. ഇന്ത്യൻ നീക്കത്തെ എഫ് 16 വിമാനങ്ങളുമായി പ്രതിരോധിക്കാൻ പാക് സൈന്യം ശ്രമിച്ചെങ്കിലും ഇന്ത്യയുടെ വിപുലമായ സൈനിക സന്നാഹം കണ്ട് പിന്മാറുകയായിരുന്നു. അതിർത്തി കടന്ന് തീവ്രവാദ ക്യാമ്പുകൾക്ക് ഇന്ത്യ ഏൽപ്പിച്ച കനത്ത നാശനഷ്ടങ്ങൾ പാക്കിസ്ഥാന് ഒരു പാഠമാകേണ്ടതാണ്. തീവ്രവാദികൾക്ക് സംരക്ഷണം നൽകുന്ന നിലപാടിൽ നിന്ന് പാക്കിസ്ഥാൻ ഇനിയും പിന്തിരിയുന്നില്ലെങ്കിൽ ഇതിനേക്കാൾ വലിയ തിരിച്ചടിയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക. പുൽവാമ പ്രശ്‌നത്തിൽ ലോകരാഷ്ട്രങ്ങളും ഇന്ത്യയുടെ പക്ഷത്താണെന്ന കാര്യം പാക്കിസ്ഥാൻ ഓർത്തിരിക്കണം.

---- facebook comment plugin here -----

Latest