ബിരുദ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാന്‍ ‘ധനുസ്സ്’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

Posted on: February 26, 2019 8:10 pm | Last updated: February 27, 2019 at 9:27 am

കോഴിക്കോട്: ബിരുദ വിദ്യാര്‍ഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നു വര്‍ഷം നീളുന്ന സൗജന്യ പരിശീലന പദ്ധതി ആവിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. ധനുസ്സ് എന്ന പേരിലുള്ള പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യ സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് രണ്ടിന് പത്തു മണിക്ക് കോഴിക്കോട്ടെ പേരാമ്പ്രയില്‍ നടക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനത്തിലേക്ക് പ്രവേശനം ലഭിക്കുക. മൂന്നു വര്‍ഷ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതു വരെ പരിശീലനം നല്‍കും. 200 വിദ്യാര്‍ഥികളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുക. ഇവര്‍ക്ക് പോഷകാഹാരം ഉള്‍പ്പടെ സൗജന്യമായി നല്‍കാനും പദ്ധതിയുണ്ട്.

സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോളജിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ 40 വീതം വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക് പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യത നിര്‍ണയിക്കുക.

അവധി ദിവസങ്ങളില്‍ പേരാമ്പ്ര സി കെ ജി കോളജില്‍ വച്ചു നല്‍കുന്ന പരിശീലനത്തിന് ഗവ. കോളജ് അധ്യാപകര്‍ നേതൃത്വം നല്‍കും. സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിലാണ് പേരാമ്പ്രയില്‍ ആരംഭിക്കുന്നത്. വിജയകരമായാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ പേര്, വിലാസം, പഠിക്കുന്ന കോളജിന്റെ പേര്, വിഷയം, ബിരുദാനന്തര ബിരുദത്തിന് പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനം, വിഷയം, എസ് എസ് എല്‍ സി, പ്ലസ്ടു എന്നിവയുടെ മാര്‍ക്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്വയം തയാറാക്കിയ അപേക്ഷ ‘സെന്റര്‍ മാനേജര്‍, കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍, മിനി സിവില്‍ സ്റ്റേഷന്‍, പേരാമ്പ്ര-673525 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ cdc.perambra എന്ന ഫെയ്‌സ് ബുക്ക് ലിങ്കിലൂടെയോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496 2615500.