ബാബരി കേസ്: മധ്യസ്ഥ ശ്രമം വേണമെന്ന് സുപ്രീം കോടതി

Posted on: February 26, 2019 1:03 pm | Last updated: February 26, 2019 at 8:10 pm

ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ശ്രമം വേണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് മാര്‍ച്ച് അഞ്ചിന് ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി. ബാബരി കേസ് വെറും സ്വകാര്യ വസ്തുവിലുള്ള തര്‍ക്കമല്ല. ഇത് കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. കോടതി മധ്യസ്ഥതക്കുള്ള ഒരവസരം നല്‍കുകയാണെന്നും ജസ്റ്റിസ് ബോബ്‌ഡേ പറഞ്ഞു.

മധ്യസ്ഥ ശ്രമത്തിലൂടെയുള്ള പ്രശ്‌നപരിഹാരത്തിന് സാധ്യത വിരളമാണ്. എന്നാലും അത് ഉപയോഗപ്പെടുത്തണമെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡേ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. 1992ല്‍ കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ ഭൂമി യഥാര്‍ഥ അവകാശികളായ സുന്നി വഖഫ് ബോര്‍ഡിന് പുറമെ നിര്‍മോഹി അഖാഡ, രാം ലാല എന്നിവര്‍ക്ക് കൂടി പകുത്ത് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.