ഗുജ്ജാർ പ്രക്ഷോഭവും ജാതി രാഷ്ട്രീയവും

ജാതി രാഷ്ട്രീയത്തിന്റെ വൈരുധ്യങ്ങളിൽ ഒന്നാണ് ഗുജ്ജാർ പ്രക്ഷോഭം എന്ന് കാണാനാകും. ദളിത് സംഘടനകൾക്കുള്ള സ്വത്വബോധമൊന്നും എല്ലാ ജാതി സമുദായങ്ങൾക്കും കാണില്ല. അതുകൊണ്ടുതന്നെ ആവശ്യാനുസരണം ജാതി മാറാനുള്ള 'വകുപ്പു'കളും ചില സമുദായങ്ങൾക്കെങ്കിലുമുണ്ട്. എസ് ടി വിഭാഗത്തിൽ പെടുത്തി സംവരണമില്ലെങ്കിൽ എസ് സി വിഭാഗത്തിൽ സംവരണം മതിയെന്ന് പറയാൻ ഗുജ്ജാറുകൾക്ക് എളുപ്പം കഴിയുന്നത് അതുകൊണ്ടാണ്. കാലങ്ങൾക്ക് മുൻപ് എപ്പോഴോ സംസ്‌കൃതവത്കരണത്തിലൂടെയോ തൊഴിൽഘടന മാറ്റങ്ങൾക്കനുസരിച്ച് ബ്രിട്ടീഷുകാർ പട്ടികപ്പെടുത്തിയതിലൂടെയോ ജാതി മാറി ഉയർന്ന ജാതിയാവുകയും സമൂഹത്തിൽ കുറെ കാലം ഒരുവിധം നല്ല നില സമ്പാദിക്കുകയും ചെയ്ത മിക്ക സമുദായങ്ങൾക്കും തിരികെ 'താഴ്ന്ന ജാതികളായി' മാറണമെന്ന് താല്പര്യമുണ്ട്. സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഒ ബി സി വിഭാഗങ്ങൾക്കിടയിൽ നിന്നുകൊണ്ട് അനുഭവിക്കുന്ന സമുദായങ്ങൾ തന്നെയാണ് കൂടുതൽ സംവരണത്തിന് വേണ്ടി എസ് സി/ എസ് ടി വിഭാഗങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിക്കുന്നത്
Posted on: February 26, 2019 10:39 am | Last updated: February 26, 2019 at 10:39 am

ബി ജെ പിയിൽ നിന്ന് അധികാരം പിടിച്ചെടുത്ത കോൺഗ്രസിന് രാജസ്ഥാനിൽ ഗുജ്ജാർ പ്രക്ഷോഭം ഒരു കീറാമുട്ടിയായി മാറുകയാണ്. സർക്കാർ സ്ഥാപനങ്ങളിലും സർവീസുകളിലും അഞ്ച് ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഗുജ്ജാറുകൾ കരൗലിയിൽ റെയിൽ തടയൽ സമരം ആരംഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് അന്നത്തെ പി സി സി പ്രസിഡന്റും നിലവിൽ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഗുജ്ജാറുകൾക്ക് അഞ്ച് ശതമാനം സംവരണം ഉറപ്പു വരുത്തുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇതേ ആവശ്യത്തിന് സമരം നടത്തുന്ന ഗുജ്ജാറുകൾക്ക് ഇത് വലിയ പ്രതീക്ഷ നൽകി.

കോൺഗ്രസ് അധികാരത്തിൽ വന്ന ഉടനെ ഗുജ്ജാർ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്ന കിരോരി സിംഗ് ബൈൻസൽ സംവരണ ബിൽ കൊണ്ടുവരാനുള്ള നിയന്ത്രണ രേഖയും പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിന് അതവസാനിക്കുമ്പോഴും സച്ചിൻ പൈലറ്റോ അശോക് ഗെഹ്‌ലോട്ടോ ബിൽ കൊണ്ട് വരുന്നതിനെ പറ്റി ആലോചിച്ചില്ല. അതോടെ ഗുജ്ജാറുകൾ സമരവും തുടങ്ങി. സമരം തുടങ്ങിയതിൽ പിന്നെ ഗുജ്ജാറുകളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. സർക്കാറുമായി ഒരു വിധേനയുമുള്ള ചർച്ചക്കുമില്ലെന്നാണ് ബൈൻസലിൻെറ തീരുമാനം.

ഗുജ്ജാർ പ്രക്ഷോഭം പലപ്പോഴും രക്തരൂക്ഷിതമാവുകയാണ് പതിവ്. 2006ൽ നടന്ന ട്രെയിൻ തടയൽ സമരത്തെ സംസ്ഥാന സർക്കാർ അടിച്ചമർത്തി. വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടു. 2008ൽ ഉണ്ടായ വെടിവെപ്പിൽ 36 പ്രക്ഷോഭകാരികൾ കൊല്ലപ്പെടുകയുണ്ടായി. 2006ലെ സംഭവത്തോടെ, അന്നത്തെ രാജസ്ഥാൻ സർക്കാർ ഗുജ്ജാറുകളുടെ ആവശ്യത്തെ കുറിച്ച് പഠിച്ച്റിപ്പോർട്ട് അവതരിപ്പിക്കാൻ ജസ്റ്റിസ് ജസ്‌റജ് ചോപ്ര കമ്മിറ്റിയെ നിയോഗിച്ചു. എന്നാൽ, ഗുജ്ജാറുകളുടെ ആവശ്യം ഈ കമ്മിറ്റി തള്ളുകയാണുണ്ടായത്. നിലവിൽ ഒ ബി സി സംവരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഗുജ്ജാറുകൾക്ക് പ്രത്യേക സംവരണം കൊടുക്കേണ്ടതില്ലെന്ന് കമ്മിറ്റി കണ്ടെത്തി. പട്ടിക വർഗത്തിൽ പെടുത്തി സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട ബൈൻസല ഇതോടെ പട്ടിക ജാതികളിൽ ഉൾപ്പെടുത്തി പ്രത്യേകം സംവരണം നൽകണമെന്ന ആവശ്യമുന്നയിക്കാനാരംഭിച്ചു. 2008ലെ സംഭവത്തോടെ അശോക് ഗഹ് ലോട്ട് സർക്കാർ ഒരു ശതമാനം സംവരണം ഏർപ്പെടുത്തി.
പിന്നീട് 2015ൽ വീണ്ടും അഞ്ച് ശതമാനം സംവരണം എന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭ പരിപാടികൾ തുടങ്ങി. ഇത്തവണ അത് സമാധാനപരമായി അവസാനിച്ചു. പ്രത്യേക പിന്നാക്ക വർഗത്തിൽ പെടുത്തി അഞ്ച് ശതമാനം സംവരണത്തിനുള്ള നീക്കം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വസുന്ദരരാജെ നടത്തി. പക്ഷേ, സംവരണത്തിന്റെ 50 ശതമാനം എന്ന പരമാവധി കണക്കിനെ മറികടന്നെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാൻ ഹൈക്കോടതി ആ നീക്കം തടഞ്ഞു വെച്ചു. 2017ൽ ഒ ബി സി ക്വാട്ട 21 ശതമാനത്തിൽ നിന്ന് 26 ശതമാനത്തിലേക്ക് ഉയർത്തി ഗുജ്ജാറുകൾക്ക് സംവരണം ഉറപ്പുവരുത്താമെന്ന രാജെയുടെ കണക്കുകൂട്ടലുകളും ഹൈക്കോടതി തടഞ്ഞുവെച്ചു. അതോടെ സമരം തുടർന്നു. ഗുജ്ജാർ പ്രക്ഷോഭത്തെ വസുന്ദരരാജെ ഭരണത്തിന്റെ പരാജയമായി ഉയർത്തികാട്ടുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം.

പക്ഷേ, ചത്തീസ്ഗഢിലും മധ്യപ്രദേശിലും സർക്കാറുകൾ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ടിരിക്കെ രാജസ്ഥാൻ സർക്കാറിന് ഗുജ്ജാറുകളുടെ ആവശ്യം പരിഗണിക്കാതിരിക്കാൻ നിവൃതിയില്ലാത്ത സ്ഥിതിയായി. കോടതി തടയുമെന്നറിഞ്ഞിട്ടും സഭയിൽ ബില്ലിറക്കി നാടകം കളിക്കാനൊന്നും ഇനി വകുപ്പില്ല; അതൊക്കെ വസുന്ധര സർക്കാർ കളിച്ചു കഴിഞ്ഞതാണ്. 50 ശതമാനം മാത്രമേ സംവരണം പാടുള്ളൂ എന്ന സുപ്രീം കോടതി വിധിയെ മറികടക്കാൻ കഴിയാത്തതിനാലാണ് ഗുജ്ജാറുകളുടെ ആവശ്യം അംഗീകരിക്കാൻ പറ്റാതെ പോകുന്നത് എന്ന് പറഞ്ഞു തുടങ്ങിയ സംസ്ഥാന സർക്കാറിന് തലവേദനയായത്, സാമ്പത്തികമായി പിന്നാക്കമുള്ള മുന്നാക്ക ജാതികൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ബിൽ വന്നതാണ്.
മേൽ ജാതിക്കാർക്ക് വേണ്ടി ’50 ശതമാനം നിയന്ത്രണ രേഖ’ മുറിച്ചുകടക്കാമെങ്കിൽ എന്തുകൊണ്ട് ഗുജ്ജാറുകളുടെ ആവശ്യത്തിന് മുമ്പിൽ ഇത് വിലങ്ങാകുന്നു എന്നാണ് കിരോരി സിംഗ് ബൈൻസല ചോദിക്കുന്നത്. കോൺഗ്രസ് സർക്കാർ ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജ്ജാറുകൾ പാർട്ടിയെ പിന്തുണക്കില്ലെന്നും അവർ പറയുന്നു. സവായ് മദൗപുർ പ്രവിശ്യയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിലെങ്കിലും തരക്കേടില്ലാത്ത സ്വാധീനം ഗുജ്ജാറുകൾക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ജാതി രാഷ്ട്രീയം സങ്കീർണമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്ത് ജാതിസമുദായ സംഘടനകളുടെ ഇത്തരം ആവശ്യങ്ങളും പ്രക്ഷോഭങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടേൽ വിഭാഗം നടത്തിയ ബി ജെ പി സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് തിരഞ്ഞെടുപ്പിനെ വൻതോതിൽ സ്വാധീനിച്ച വലിയൊരു ഘടകം എന്നത് സമീപകാലത്തെ ചെറിയൊരു ഉദാഹരണം.
ജാതി രാഷ്ട്രീയത്തിന്റെ വൈരുധ്യങ്ങളിൽ ഒന്നാണ് ഗുജ്ജാർ പ്രക്ഷോഭം എന്ന് കാണാനാകും. ദളിത് സംഘടനകൾക്കുള്ള സ്വത്വബോധമൊന്നും എല്ലാ ജാതി സമുദായങ്ങൾക്കും കാണില്ല. അതുകൊണ്ടുതന്നെ ആവശ്യാനുസരണം ജാതി മാറാനുള്ള ‘വകുപ്പു’കളും ചില സമുദായങ്ങൾക്കെങ്കിലുമുണ്ട്. എസ് ടി വിഭാഗത്തിൽ പെടുത്തി സംവരണമില്ലെങ്കിൽ എസ് സി വിഭാഗത്തിൽ സംവരണം മതിയെന്ന് പറയാൻ ഗുജ്ജാറുകൾക്ക് എളുപ്പം കഴിയുന്നത് അതുകൊണ്ടാണ്. കാലങ്ങൾക്ക് മുന്പ് എപ്പോഴോ സംസ്‌കൃതവത്കരണത്തിലൂടെയോ തൊഴിൽഘടനാ മാറ്റങ്ങൾക്കനുസരിച്ച് ബ്രിട്ടീഷുകാർ പട്ടികപ്പെടുത്തിയതിലൂടെയോ ജാതി മാറി ഉയർന്ന ജാതിയാവുകയും സമൂഹത്തിൽ കുറെ കാലം ഒരുവിധം നല്ല നില സമ്പാദിക്കുകയും ചെയ്ത മിക്ക സമുദായങ്ങൾക്കും തിരികെ ‘താഴ്ന്ന ജാതികളായി’ മാറണമെന്ന് താത്പര്യമുണ്ട്. സംവരണത്തിന്റെ ആനുകൂല്യങ്ങൾ ഒ ബി സി വിഭാഗങ്ങൾക്കിടയിൽ നിന്നുകൊണ്ട് അനുഭവിക്കുന്ന സമുദായങ്ങൾ തന്നെയാണ് കൂടുതൽ സംവരണത്തിന് വേണ്ടി എസ് സി/ എസ് ടി വിഭാഗങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിക്കുന്നത്. ജാട്ടുകൾ അത്തരത്തിൽ ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന വിഭാഗമാണ്. ഉത്തരേന്ത്യയിലെ കർഷക പ്രമുഖരായ അറിയപ്പെട്ടിരുന്ന ജാട്ടുകൾ കാർഷിക രംഗത്തുണ്ടായ തകർച്ചയോടെ അസംതൃപ്തരായതാണ് ഇതിനു പ്രധാന കാരണം.

ഒ ബി സി വിഭാഗങ്ങൾക്ക് സംവരണം കൊണ്ട് വരാൻ വേണ്ടി 1980കളിൽ മണ്ഡൽ കമ്മീഷൻ തീരുമാനിക്കുന്നത് 1931ലെ ജാതി സെൻസസ് മുൻനിർത്തിയാണ്. രാജ്യത്തെ ആകെ ജനസംഖ്യയിൽ 52 ശതമാനം പേരും പിന്നാക്ക സമുദായക്കാരാണെന്ന് കമ്മീഷൻ നിരീക്ഷിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 3763 ജാതികളെ കമ്മീഷൻ പട്ടികയാക്കിയിരുന്നു. എന്നാൽ, 2016ൽ എത്തുമ്പോൾ അത് 5013 ആയിരിക്കുന്നു. മണ്ഡൽ കമ്മീഷന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സംവരണം ഉറപ്പു വരുത്തുന്ന 15(4), 16(4) വകുപ്പുകൾ വിശദീകരിച്ചു കൊണ്ട് 50 ശതമാനം എന്നത് സംവരണത്തിന്റെ പരിധി, 1992ൽ സുപ്രീം കോടതി നിശ്ചയിച്ചത്. സർക്കാർ സർവീസുകളുടെ ഏകദേശം മുക്കാൽ ഭാഗവും കൈയാളുന്ന മുന്നാക്കക്കാർ എന്തായാലും ജനസംഖ്യയുടെ 50 ശതമാനത്തിൽ നിന്നും എത്രയോ കുറവാണെന്നുള്ള കണക്കും ഇതിനു മാനദണ്ഡമായിക്കാണണം.

2011ൽ വീണ്ടും ഒരു ജാതി സെൻസസ് നടത്തിയെങ്കിലും അതിന്റെ വിശദാശാംശങ്ങൾ പുറത്തുവിട്ടില്ല. സെൻസസിലെ വിവരശേഖരണത്തിൽ ചില സാങ്കേതിക പരിമിതികൾമൂലം വേണ്ട ഗുണമേന്മ ഉറപ്പുവരുത്താൻ സാധിച്ചില്ലെന്ന കാരണം പറഞ്ഞ് തടഞ്ഞുവെച്ച ആ റിപ്പോർട്ടിൽ മുന്നാക്ക സമുദായക്കാരും കീഴ് ജാതികളും തമ്മിലുള്ള ജനസംഖ്യാനുപാതം വർധിച്ചു കാണുമെന്നും ജനസംഖ്യയിൽ കൂടുതലായി മാറിയ പിന്നാക്കക്കാർക്ക് ആനുപാതികമായി ഇനിയും സംവരണം കൂട്ടേണ്ടി വരുമെന്നും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ പേടിക്കുന്നുണ്ടാകണം.
പക്ഷേ, കണക്കുകൾ പുറത്തു വരാത്തിടത്തോളം തത്കാലം അത്തരം അനുമാനങ്ങൾ മാറ്റി വെച്ച് യാഥാർഥ്യ ബോധത്തോടെ ജാതി രാഷ്ട്രീയത്തെ നിരീക്ഷിക്കാം.

എൻ എസ് അബ്ദുൽ ഹമീദ്