Connect with us

Editorial

തീപ്പിടിത്തം തുടര്‍ക്കഥയാകുമ്പോള്‍

Published

|

Last Updated

വന്‍തീപ്പിടിത്തങ്ങളുടെ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കേള്‍ക്കാനായത്. കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലും ഹൈക്കോടതിക്കു സമീപമുളള മംഗള വനത്തിലുമുണ്ടായ തീപ്പിടിത്തം രണ്ട് ദിവസത്തോളം നഗരവാസികളെ പരിഭ്രാന്തരാക്കി. എറണാകുളത്ത് സൗത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം ആറ് നില ചെരുപ്പ് ഗോഡൗണ്‍ പട്ടാപ്പകല്‍ തീവിഴുങ്ങി. 20 അഗ്‌നി ശമന സേനാ യൂനിറ്റുകള്‍ നാല് മണിക്കൂറിലധികം നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ബെംഗളൂരു യെലഹങ്ക വ്യോമസേനാ താവളത്തിന് സമീപം ശനിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ നൂറുകണക്കിന് കാറുകള്‍ കത്തിനശിച്ചു. ഉണങ്ങിയ പുല്ലില്‍നിന്നുണ്ടായ അഗ്‌നിബാധയില്‍ മുന്നൂറോളം കാറുകളാണ് നശിച്ചത്. അന്നു തന്നെ മഞ്ചേരിക്കടുത്ത് എടവണ്ണ തുവ്വക്കാട്ട് പെയിന്റ് ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
ഞായറാഴ്ച ചെന്നൈ നഗരത്തില്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജിനടുത്ത പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ ഇരുനൂറിലേറെ കാറുകളാണ് കത്തിനശിച്ചത്. കര്‍ണാടക ബന്ദിപ്പൂര്‍ കടുവസംരക്ഷണ കേന്ദ്രത്തിലും മുതുമല വന്യജീവി സങ്കേതത്തിലും 600 ഏക്കറോളം വനഭൂമി കത്തിനശിച്ചത് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ്. വയനാട് വന്യജീവി സങ്കേതത്തിന് സമീപവും അടുത്ത ദിവസം അഗ്‌നിബാധയുണ്ടായി. കോഴിക്കോട് മിഠായി തെരുവ്, കല്‍പറ്റ സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സ്, തിരുവനന്തപുരം ഫാമിലി പ്ലാസ്റ്റിക്, കൊച്ചി പാരഗണ്‍ ഗോഡൗണ്‍ തുടങ്ങി കഴിഞ്ഞ നവംബര്‍ മുതല്‍ സംസ്ഥാനത്ത് പന്ത്രണ്ട് വന്‍തീപ്പിടിത്തങ്ങളുണ്ടായി. ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 24 വരെയുള്ള 55 ദിവസങ്ങളില്‍ കേരളത്തില്‍ ചെറുതും വലുതുമായ 567 തീപ്പിടിത്തങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് നാസയുടെ ഉപഗ്രഹ സംവിധാനമായ ലാന്‍സ് ഫേംസ്, യൂറോപ്യന്‍ യൂനിയന്റെ കോപ്പര്‍നിക്കസ് സെന്റിനല്‍ എന്നിവയില്‍ നിന്നുള്ള ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്.

പലപ്പോഴും അശ്രദ്ധയാണ് തീപ്പിടിത്തത്തിന് ഇടയാക്കുന്നത്. ബെംഗളൂരുവില്‍ ഉണങ്ങിയ പുല്ലിലേക്ക് വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയാണ് തീപടര്‍ത്തിയതെന്നാണ് പോലീസ് നിഗമനം. ശക്തമായ കാറ്റില്‍ അത് പെട്ടെന്ന് പടര്‍ന്നുപിടിക്കുകയായിരുന്നു. കൊച്ചി മാലിന്യക്കൂമ്പാരത്തിലുണ്ടായ അഗ്‌നിബാധ അട്ടിമറിയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ നാല്തവണയാണ് ഇവിടെ തീപടര്‍ന്നത്. അടിക്കടി ഉണ്ടാകുന്ന തീപ്പിടിത്തത്തില്‍ നഗരസഭാ മേയര്‍ സൗമിനി സന്ദേഹം ഉന്നയിക്കുകയും ആസൂത്രിതമാണോ എന്ന് കണ്ടെത്താന്‍ അടിയന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുള്ള കെട്ടിട നിര്‍മാണമാണ് കെട്ടിടങ്ങളിലെ തീപ്പിടിത്തത്തിനു കാരണമെന്നാണ് സംസ്ഥാന അഗ്‌നിശമന സേനാ മേധാവി ഡി ജി പി. എ ഹേമചന്ദ്രന്റെ പക്ഷം. സംസ്ഥാനത്ത് പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ്. കേരളം പല രംഗത്തും മുന്നേറിയെങ്കിലും ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങള്‍ ഇപ്പോഴും പര്യാപ്തമല്ല. അവ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും അഗ്‌നിശമന സേനാ മേധാവി പറയുന്നു.

അടിക്കടിയുണ്ടാകുന്ന തീപ്പിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച് സംസ്ഥാനത്ത് പരിശോധനയും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 600ഓളം കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പകുതിയിലേറെയും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. കൊച്ചിയില്‍ തീവിഴുങ്ങിയ ചെരുപ്പ് ഗോഡൗണ്‍ കെട്ടിടത്തില്‍ ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് പുതുക്കിയിരുന്നില്ല. സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതവുമായിരുന്നു. 2018 ജനുവരിയില്‍ അഗ്‌നിശമന സേനയുടെ “ഓപറേഷന്‍ അഗ്‌നിസുരക്ഷ” റെയ്ഡിലും വന്‍ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന തീപ്പിടിത്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനം സ്ഥാപിക്കുന്നതില്‍ സംസ്ഥാനത്തെ ആശുപത്രികള്‍, മാളുകള്‍, തിയേറ്ററുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെട്ട വന്‍കിട കെട്ടിടങ്ങള്‍ വീഴ്ചവരുത്തുകയാണ്.
ഒരു ബഹുനില കെട്ടിടത്തിന് ഫയര്‍ഫോഴ്‌സ് അനുമതി നല്‍കണമെങ്കില്‍ ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം, പുക പുറത്തേക്ക് തള്ളാനുള്ള സംവിധാനം, തീയണക്കാനുള്ള വെള്ളം സംഭരിക്കുന്നതിന് പ്രത്യേക വാട്ടര്‍ ടാങ്ക്, എല്ലാ നിലയിലും വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈന്‍ സംവിധാനം, അലാറം, ലിഫ്റ്റിന് സുരക്ഷിത വാതില്‍, കെട്ടിടത്തിനുള്ളിലെ കോണികള്‍ കൂടാതെ പുറത്തേക്ക് പ്രത്യേകമായ കോണി തുടങ്ങിയ സജ്ജീകരണങ്ങള്‍ ആവശ്യമാണ്. പലതിലും ഈ സംവിധാനങ്ങളൊന്നുമില്ല. ചില കെട്ടിടങ്ങളില്‍ ചുരുക്കം സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്ന ജീവനക്കാരില്ല. കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ അനുമതി ലഭിക്കാന്‍ തുടക്കത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും പിന്നീട് ഇവ ശ്രദ്ധിക്കാതെ അവഗണിക്കുകയും ചെയ്യുന്നവരുമുണ്ട്.
ചില കെട്ടിടങ്ങളില്‍ താഴേ നിലകളില്‍ അഗ്‌നിശമന സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും മുകളിലത്തെ നിലകളില്‍ സ്ഥാപിച്ചിട്ടില്ല. ഇവ പരിഹരിച്ചില്ലെങ്കില്‍ തീപ്പിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമെന്നും അഗ്‌നി ശമന സേന മുന്നറിയിപ്പ് നല്‍കുന്നു. ഒരു തീപ്പിടിത്തമുണ്ടാകുമ്പോഴാണ് ഈ വീഴ്ചയുടെ ഗുരുതര പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുന്നത്. അപകടം സംഭവിച്ച ശേഷം ഉണര്‍ത്തേണ്ടതല്ല ഇത്തരം സംവിധാനങ്ങളുടെ ആവശ്യകത. നേരത്തേ തന്നെ അത് ബോധ്യപ്പെടുത്തേണ്ടതും പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് ഒരു തരത്തിലും അനുമതി നല്‍കാതിരിക്കേണ്ടതുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാനത്ത് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാത്ത ബഹുനില കെട്ടിടങ്ങള്‍ക്കും മാളുകള്‍ക്കും തിയേറ്ററുകള്‍ക്കുമെല്ലാം അനുമതി ലഭിക്കുന്നത്? സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഇക്കാര്യത്തില്‍ കടുത്ത അനാസ്ഥയുണ്ട്.