പുല്‍വാമ: ആക്രമണത്തിന് ഉപയോഗിച്ച വാഹനവും ഉടമയെയും തിരിച്ചറിഞ്ഞതായി എന്‍ ഐ എ

Posted on: February 25, 2019 8:46 pm | Last updated: February 26, 2019 at 1:30 pm

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു ഭീകരര്‍ ഉപയോഗിച്ച വാഹനവും അതിന്റെ ഉടമയെയും തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) വെളിപ്പെടുത്തി. മാരുതി ഈകോ എന്ന വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അനന്ത്‌നാഗ് ജില്ലയിലെ ബിജ്ബഹ്‌റ സ്വദേശിയായ സജ്ജാദ് ഭട്ടിന്റെതാണ് ഈ വാഹനമെന്നും എന്‍ ഐ എയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ഓട്ടോമൊബൈല്‍ വിദഗ്ധരുടെയും ഫോറന്‍സിക് സംഘത്തിന്റെയും സഹായത്തോടെയാണ് വാഹനം തിരിച്ചറിഞ്ഞത്.

ആക്രമണം നടത്തിയ ജയ്ഷ്വ മുഹമ്മദ് ഭീകര സംഘടനയിലെ അംഗമായ ഭട്ട് ഷോപ്പിയാനിലെ സിറാജുല്‍ ഉലൂം എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. ആയുധങ്ങളുമായി ഇയാള്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവെന്നും എന്‍ ഐ എ അറിയിച്ചു.

2011ല്‍ അനന്ത്‌നാഗ് സ്വദേശിയായ മുഹമ്മദ് ജലീല്‍ അഹ്മദ് ഹഖ്‌ന് എന്നയാളായിരുന്നു ആക്രമണത്തിനുപയോഗിച്ച വാഹനത്തിന്റെ ആദ്യ ഉടമ. ഇയാളില്‍ നിന്ന് ഏഴോളം പേരിലൂടെ കൈമാറി വന്നാണ് വാഹനം സജ്ജാദ് ഭട്ടിന്റെ കയ്യിലെത്തിയത്. ഫെബ്രുവരി നാലിനാണ് ഭട്ട് ഇത് വാങ്ങിയത്.