Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് വനിതാ ജഡ്ജിയെ അനുവദിച്ചു

Published

|

Last Updated

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് വനിതാ ജഡ്ജിയെ അനുവദിച്ച് ഹൈകോടതി ഉത്തരവ്. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി ഉത്തരവ്. ഇതിനെതിരെ കേസിലെ പ്രതികളായ നടന്‍ ദിലീപും പള്‍സര്‍ സുനിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി പരിഗണിച്ചില്ല. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് ഇനി കേസില്‍ വാദം കേള്‍ക്കുക.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് നടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും എറണാകുളത്ത് വനിതാ ജഡ്ജിയില്ലെന്ന കാരണത്താല്‍ ആവശ്യം തള്ളിയിരുന്നു.ഇതേ തുടര്‍ന്ന് നടി ഹൈകോടതിയെ സമീപിക്കുകയും സ്വകാര്യത സംബന്ധിച്ച വിഷയമായതിനാല്‍ തന്റെ ആവശ്യം അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. കേസിന്റെ സാഹചര്യം പരിഗണിച്ച് പ്രത്യേക കോടതിയെന്ന ആവശ്യവും വനിതാജഡ്ജിയെ അനുവദിക്കണമെന്ന അപേക്ഷയും പരിഗണിക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

വിചാരണ നടപടികള്‍ എറണാകുളം സി.ബി.ഐ കോടതിയില്‍ നടക്കും. വിചാരണ ഒന്‍പത് മാസത്തിനുള്ളില്‍പൂര്‍ത്തിയാക്കാനും ഹൈകോടതി ഉത്തരവിലുണ്ട്. ഇതോടെ ഏറെ നാളായി ഹൈക്കോടതിക്കു മുന്നിലുള്ള നടിയുടെ ആവശ്യമാണ് ഫലം കണ്ടത്. നിരവധി പരാതികള്‍ നല്‍കി ദിലീപ് കേസ് വൈകിപ്പിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഹൈക്കോടതി നിര്‍ദേശം വന്നതോടെ നവംബര്‍ മാസത്തോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കേണ്ടിവരും. അതിനാല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള കേസ്ഫയലുകള്‍ ഉടന്‍തന്നെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റേണ്ടിവരും. എന്നാല്‍ സുപ്രീംകോടതിയിലടക്കം ഇതേ കേസില്‍ നിരവധി ഹര്‍ജികള്‍ പരിഗണനയിലുണ്ട്. നടന്‍ ദിലീപ് നല്‍കിയ നിരവധി ഹര്‍ജികള്‍ വിവിധ കോടതികള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതിവേഗത്തില്‍ കേസില്‍ എങ്ങനെ വാദം കേള്‍ക്കുമെന്ന കാര്യം വ്യക്തമല്ല.

Latest