ബംഗാളിൽ സി പി എം-കോൺഗ്രസ് സീറ്റ് ചർച്ച ബുധനാഴ്ച

Posted on: February 25, 2019 1:08 pm | Last updated: February 25, 2019 at 1:09 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച സി പി എമ്മും കോൺഗ്രസും തമ്മിലുള്ള ഔദ്യോഗിക സീറ്റ് വിഭജന ചർച്ച ബുധനാഴ്ച തുടങ്ങും. കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ സോമൻ മിത്രയും സി പി എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്രയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുക. ആകെയുള്ള 42 മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് ഇരുപത്തഞ്ച് സീറ്റ് വേണമെന്നാണ് സി പി എമ്മിന്റെ നിലപാട്. ഇരുപത് സീറ്റെങ്കിലും വേണമെന്ന ആവശ്യത്തിൽ കോൺഗ്രസും ഉറച്ചുനിൽക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി പി എം വിജയിച്ച മുർഷിദാബാദ്, റായ്ഗഞ്ച് മണ്ഡലങ്ങളിൽ അവകാശവാദമുന്നയിച്ച് ഇരുകക്ഷികളും രംഗത്തെത്തിയത് തുടക്കത്തിലെ കല്ലുകടിയായി. ഇരു പാർട്ടികളും സീറ്റ് വിഭജനത്തിൽ അനൗദ്യോഗിക ചർച്ചകൾ നേരത്തേ തുടങ്ങിയിരുന്നു.


റായ്ഗഞ്ചിൽ നിന്ന് പി ബി അംഗം മുഹമ്മദ് സലീമിനെയും മുർഷിദാബാദിൽ നിന്ന് ബദറുദ്ദേസ ഖാനെയും ഇത്തവണയും മത്സരിപ്പിക്കണമെന്നാണ് സി പി എമ്മിന്റെ നിലപാട്. ഇത് കോൺഗ്രസിന്റെ ശക്തികേന്ദ്രമാണെന്നും കഴിഞ്ഞ തവണ നടന്ന ചതുഷ്‌കോണ മത്സരത്തിൽ മണ്ഡലം നഷ്ടപ്പെടുകയായിരുന്നുവെന്നുമാണ് പാർട്ടി നേതൃത്വം പറയുന്നത്. 2004ലും 2009ലും കോൺഗ്രസിനൊപ്പം നിന്ന മുർഷിദാബാദിൽ കഴിഞ്ഞ തവണയാണ് സി പി എം വിജയിച്ചത്. 99ലും 2004ലും പ്രിയരഞ്ജൻദാസ് മുൻഷിയും 2009ൽ ഭാര്യ ദീപദാസ് മുൻഷിയുമാണ് റായ്ഗഞ്ചിൽ നിന്ന് ലോക്‌സഭയിലെത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് 34 സീറ്റ് നേടിയിരുന്നു. കോൺഗ്രസിന് നാലും സി പി എമ്മിനും ബി ജെ പിക്കും രണ്ട് വീതം സീറ്റുമാണ് ലഭിച്ചത്.