എറണാകുളത്ത് ആരെത്തിയാലും പാർട്ടി ചിഹ്നം നിർബന്ധം

Posted on: February 25, 2019 12:59 pm | Last updated: February 25, 2019 at 12:59 pm

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കേണ്ട സ്ഥാനാർഥിയെപ്പറ്റി സി പി എമ്മിനുള്ളിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. കഴിഞ്ഞ തവണ മത്സരിച്ചതുപോലെ പൊതു സ്വതന്ത്രനാണ് വരുന്നതെങ്കിൽ പോലും ഇത്തവണ പാർട്ടി ചിഹ്നത്തിൽ തന്നെയാണ് മത്സരിക്കേണ്ടതെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുമുണ്ട്.

ചാലക്കുടി എം പി യായ ഇന്നസെന്റ് ഇത്തവണ എറണാകുളത്ത് മത്സരിച്ചേക്കുമെന്നും പ്രചാരണമുണ്ട്. ചാലക്കുടിയിൽ നിന്ന് ജനവിധി തേടാൻ ഇന്നസെന്റിനെ പരിഗണിക്കണമെന്ന് ആദ്യം പാർട്ടിയിൽ ആവശ്യം ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ എറണാകുളത്ത് പരിഗണിക്കുന്നത് വിജയസാധ്യത കൂട്ടുമെന്നാണ് വിലരയിരുത്തപ്പെടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന തൃപ്പൂണിത്തുറയും കൊച്ചിയും തിരിച്ചുപിടിച്ചതിന്റെ ആത്മവിശ്വാസത്തിൽ മത്സരത്തിനിറങ്ങുന്ന എറണാകുളത്ത് ഇക്കുറി നല്ല ഒരു പോരാട്ടം നടത്തിയാൽ ജയം ഉറപ്പിക്കാനാകുമെന്ന വിലയിരുത്തലും സി പി എമ്മിനുണ്ട്. മുൻ മന്ത്രി എസ് ശർര, സംവിധായകൻ ആഷിക് അബു, നടി റിമ കല്ലിങ്കൽ തുടങ്ങിയവരും സി പി എം സ്ഥാനാർഥികളായി പറഞ്ഞുകേൾക്കുന്നുണ്ട്.