രണ്ട് സീറ്റ് വേണം; തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാര്‍: പിജെ ജോസഫ്

Posted on: February 25, 2019 12:04 pm | Last updated: February 25, 2019 at 6:44 pm

തൊടുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പിജെ ജോസഫ്. കോട്ടയത്തിന് പുറമെ ചാലക്കുടിയോ ഇടുക്കിയോ കേരള കോണ്‍ഗ്രസിന് ലഭിക്കണമെന്നും ഇക്കാര്യം രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും പിജെ ജോസഫ് തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റുകളുണ്ടായിരുന്നു. 1984ല്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ മുസ്്‌ലിം ലീഗിന് രണ്ട് സീറ്റ് മാത്രമാണുണ്ടായിരുന്നത്. അതിനാല്‍ ലീഗിന്റെ സീറ്റുകളുടെ എണ്ണവുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടെന്നും പിജെ ജോസഫ് പറഞ്ഞു.

ആര് മത്സരിക്കുമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് പറഞ്ഞ ജോസഫ് തനിക്ക് മത്സരിക്കാനുള്ള താര്‍പര്യവും വെളിപ്പെടുത്തി. ലോക്‌സഭയില്‍ പോയാല്‍ കൊള്ളാമെന്നുണ്ടെന്നും മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിഷാ ജോസ് കെ മാണി മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണ്. പാര്‍ട്ടിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.