പട്ടികയിൽ പേരുണ്ടോ? സ്‌പെഷ്യൽ ക്യാമ്പ് രണ്ടിനും മൂന്നിനും

Posted on: February 25, 2019 11:51 am | Last updated: February 25, 2019 at 11:51 am

തിരുവനന്തപുരം: അന്തിമ വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് ഉറപ്പാക്കാനും ഇല്ലെങ്കിൽ പേര് ചേർക്കാനും അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്‌പെഷ്യൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമനുസരിച്ച് എല്ലാ ജില്ലകളിലും പോളിംഗ് ലൊക്കേഷനുകളിൽ മാർച്ച് രണ്ടിനും മൂന്നിനും ക്യാമ്പുകൾ നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദേശം നൽകി.

സംസ്ഥാനത്തെ 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളിൽ അതത് ബൂത്ത് ലെവൽ ഓഫീസർമാർ വഴി അന്തിമ വോട്ടർ പട്ടിക ഈ ദിവസങ്ങളിൽ പരിശോധിക്കാം. പട്ടികയിൽ പേര് ഇല്ലെങ്കിൽ പോളിംഗ് ലൊക്കേഷനുകളിൽ തന്നെ ഓൺലൈനായി പേര് ചേർക്കാനും സൗകര്യമുണ്ട്. ഇതിനായി പോളിംഗ് സ്റ്റേഷനുകളിൽ കമ്പ്യൂട്ടർ സംവിധാനം ഒരുക്കാൻ ജില്ലാതലങ്ങളിൽ നിർദേശം നൽകി.
എല്ലാ വോട്ടർമാരും ഈ സ്‌പെഷ്യൽ ക്യാമ്പുകളിൽ പങ്കെടുത്ത് തങ്ങളുടെ പേര് പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ ചേർക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.