ഓസ്‌കര്‍ പ്രഖ്യാപിച്ചു; ഗ്രീന്‍ ബുക്ക് മികച്ച ചിത്രം, നടന്‍ റമി മാലേക്, നടി ഒലീവിയ കോള്‍മാന്‍

Posted on: February 25, 2019 11:02 am | Last updated: February 25, 2019 at 1:10 pm

ലോസ് ആഞ്ജലസ്: 91മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പീറ്റര്‍ ഫെരേലി സംവിധാനം ചെയ്ത ഗ്രീന്‍ ബുക്ക് ആണ് മികച്ച ചിത്രം. റോമയുടെ സംവിധായകനായ അല്‍ഫോണ്‍സോ ക്വാറോണ്‍ മികച്ച സംവിധായകനായും തിരഞ്ഞെടുത്തു. ദ് ഫേവറിറ്റിലെ ഒലീവിയ കോണ്‍മാനാണ് മികച്ച നടി. മികച്ച നടനായി ബൊഹീമിയന്‍ റാപ്‌സഡയിലെ റമി മാലേക്കും തിരഞ്ഞെടുക്കപ്പെട്ടു .

മികച്ച നടന്‍, മികച്ച ശബ്ദലേഖനം, ശബ്ദ മിശ്രണം, ചിത്ര സംയോജനം എന്നീ വിഭാഗങ്ങളില്‍ ബൊഹീമിയന്‍ റാപ്‌സഡി പുരസ്‌കാരം നേടി. പശ്ചാത്തല സംഗീതം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ എന്നീ വിഭാഗങ്ങളില്‍ ബ്ലാക്ക് പാന്തര്‍ നേട്ടം കൊയ്തു. അല്‍ഫോണ്‍സോ ക്വാറോണ്‍ സംവിധാനം ചെയ്ത റോമയും പീറ്റര്‍ ഫെരേലി സംവിധാനം ചെയ്ത ഗ്രീന്‍ ബുക്കും മൂന്ന് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സംവിധായകന്‍, മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ക്യാമറ എന്നീ വിഭാഗത്തിലും മികച്ച ചിത്രം, ഒറിജിനല്‍ തിരക്കഥ, മികച്ച സഹനടന്‍ എന്നീ വിഭാഗങ്ങളിലുമാണിത്. ഇന്ത്യ പശ്ചാത്തലമായി ചിത്രീകരിച്ച പീരിയഡ്, എന്‍ഡ് ഓഫ് സെന്റന്‍സ് മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തു. ഉത്തര്‍പ്രദേശിലെ ഹോപുരിലെ സ്ത്രീകള്‍ ആര്‍ത്തവകാലത്ത് നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രമേയം.