കീഴാറ്റൂർ ബൈപാസ് വഴി ഡൽഹിയിലേക്ക്

The Issue
Posted on: February 25, 2019 10:11 am | Last updated: February 25, 2019 at 10:11 am

കണ്ണൂർ തളിപ്പറമ്പിനടുത്തുള്ള സി പി എം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ നിന്ന് തുടങ്ങി ദേശീയ രാഷ്ട്രീയത്തിൽ തന്നെ ചർച്ചയായ പ്രാദേശിക സമരം. നെൽവയലുകൾ നികത്തി ദേശീയപാത ബൈപാസ് റോഡ് നിർമിക്കുന്നതിനെതിരെ പ്രദേശത്തെ ഏതാനും പേർ ചേർന്ന് വയൽക്കിളികൾ എന്ന സംഘടന രൂപവത്കരിച്ച് തുടക്കമിട്ട സമരം. ആദ്യഘട്ടത്തിൽ പാർട്ടി വേദികളിൽ മാത്രമായി ഒതുങ്ങിയ കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരം 2017 സെപ്തംബർ പത്തിന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരമായും പൊടുന്നനെ സംസ്ഥാനത്തെ ഇടത് സർക്കാറിനെതിരായ വലിയ പ്രക്ഷോഭമായും വളരുകയായിരുന്നു. രാജ്യമാകെ ചർച്ച ചെയ്ത സമരം ഇന്ന് കാറ്റ് പോയ ബലൂൺ പോലെയാണ്. എന്നാൽ, സംസ്ഥാനത്തെ ഇളക്കിമറിച്ച സമരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്ന കാര്യത്തിൽ തർക്കമില്ല.

പരിസ്ഥിതിയെ തകർത്തുള്ള വികസനത്തിന് ഇടത് സർക്കാർ കൂട്ടുനിന്നു എന്നതിലുപരി സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമരത്തെ ഉപയോഗപ്പെടുത്തിയതാകും തിരഞ്ഞെടുപ്പിൽ ചർച്ചയാകുക. ഒപ്പം പ്രായോഗികമല്ലാത്ത നിർദേങ്ങളുമായി, ജനകീയ സമരങ്ങളിൽ നുഴഞ്ഞുകയറി എസ് ഡി പി ഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകൾ സംസ്ഥാനത്ത് വേരുറപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും ചർച്ചയാകും. സി പി എമ്മിനെ സംബന്ധിച്ചിടത്തോളം കീഴാറ്റൂരിലെ ചുരുക്കം ചില പ്രവർത്തകരെ ഒഴിച്ചാൽ ശേഷിക്കുന്നവരെ കൂടെ നിർത്താൻ കഴിഞ്ഞതിനാൽ വലിയ പോറലേൽക്കില്ല. എന്നാൽ, കീഴാറ്റൂർ സമരത്തിന്റെ തുടർച്ചയായി, റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരി തരുത്തി ദളിത് കോളനികളിലും മറ്റും നടക്കുന്ന ജനകീയ സമരങ്ങൾക്ക് സി പി എം മറുപടി പറയേണ്ടി വരും.

സർക്കാറിനെതിരെ ഉയർന്ന സമരത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോപ്പെടുത്താൻ വിവിധ കക്ഷികൾ ശ്രമിച്ചതാണ് കീഴാറ്റൂർ സമരത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സിംഗൂരിലും നന്ദിഗ്രാമിലുമുണ്ടായ കർഷക പ്രക്ഷോഭങ്ങൾ മൂന്ന് പതിറ്റാണ്ട് നീണ്ട പശ്ചിമ ബംഗാളിലെ ഇടത് ഭരണത്തിന് അന്ത്യംകുറിച്ചത് കേരളത്തിലും ആവർത്തിക്കുമെന്ന് ചിലർ വിധിയെഴുതി. വിത്യസ്ത സമര മാർഗങ്ങളും പോലീസ് നടപടികളുമുണ്ടായി. പാതയുടെ അലൈൻമെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി സമരക്കാരെ ഡൽഹിയിലെത്തിച്ച് രാഷ്ട്രീയ നാടകങ്ങളും അരങ്ങേറി. ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ എല്ലാം കെട്ടടങ്ങി. വയൽക്കിളി നേതാക്കൾ അടക്കമുള്ളവർ ഭൂമി വിട്ടുനൽകാൻ സമ്മതപത്രം അറിയിച്ചു. സമരം തുടരുമെന്ന് വയൽക്കിളി നേതാക്കൾ ഇപ്പോഴും പറയുന്നുണ്ടെങ്കിലും അതിന്റെ നേരിയ സൂചന പോലും ഇന്ന് കീഴാറ്റൂരിലില്ല.

കീഴാറ്റൂർ വയലിലൂടെ ബൈപാസ് വരില്ലെന്ന് പൊതുവേദിയിൽ സമരക്കാരെ പറഞ്ഞ് പറ്റിക്കുകയും ദേശീയപാതാ അതോറിറ്റിയുടെ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ തലത്തിൽ ഇടപെടൽ നടത്താതിരിക്കുകയും ചെയ്ത ബി ജെ പിയുടെ നിലപാടാകും ഇതിൽ കൂടുതൽ വിമർശത്തിനിടയാക്കുക. സി പി എമ്മിന്റെ സ്വാധീനമേഖലയിലേക്ക് നുഴഞ്ഞുകയറാനുള്ള കുറുക്കുവഴിയായാണ് ബി ജെ പി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ കീഴാറ്റൂർ സമരത്തെ കണ്ടത്. തുടക്കത്തിൽ സമരമുഖത്തുണ്ടായിരുന്ന പ്രവർത്തകരിലും അനുഭാവികളിലും വലിയ വിഭാഗം സി പി എം സമ്മർദത്തെ തുടർന്ന് പിന്തിരിഞ്ഞെങ്കിലും നേതൃത്വം നൽകിയ സുരേഷ് കീഴാറ്റൂരും സംഘവും പാർട്ടി വിലക്ക് ലംഘിച്ച് മുന്നോട്ട് പോയതോടെ ഇവർക്ക് പിന്തുണയുമായി ബി ജെ പി എത്തുകയായിരുന്നു. വിജ്ഞാപനം മരവിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബി ജെ പി രംഗപ്രവേശം. അലൈൻമെന്റ് നിശ്ചയിക്കുന്നത് ദേശീയപാതാ അതോറിറ്റിയും കേന്ദ്ര സർക്കാറുമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരനും സി പി എം നേതൃത്വവും വ്യക്തമാക്കിയെങ്കിലും ഗൗനിക്കാതെ സമരം തുടങ്ങി. കീഴാറ്റൂർ പ്രദേശത്തുകൂടെ ബൈപാസ് വരില്ലെന്ന് കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസും അടക്കമുള്ള നേതാക്കൾ സമരക്കാരെ വിശ്വസിപ്പിച്ചു.

പി കെ കൃഷ്ണദാസ് കർഷകരക്ഷക്കെന്ന പേരിൽ കീഴാറ്റൂരിൽനിന്ന് കണ്ണൂരിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രധാനമന്ത്രിയെ വരെ ഇടപെടുവിച്ചിട്ടാണെങ്കിലും പാതയുടെ അലൈൻമെന്റ് മാറ്റുമെന്ന് സുരേഷ് ഗോപി എം പി ഉറപ്പ് നൽകി. കീഴാറ്റൂർ ക്ഷേത്രവും ക്ഷേത്രക്കുളവും മണ്ണിനടിയിലാകുമെന്ന് പ്രചരിക്കപ്പെട്ടു. കേരളം കീഴാറ്റൂരിലേക്ക് എന്നുപറഞ്ഞ് വലിയ പ്രവർത്തക കേന്ദ്രീകരണം നടത്തി. വഴിമുട്ടിയ വയൽക്കിളികൾക്ക് വഴികാട്ടാൻ ബി ജെ പി എന്ന ക്യാമ്പയിന് തുടക്കമിട്ടു. ബി ജെ പിയുടെ ബംഗാളുകാരനായ കേന്ദ്ര സഹമന്ത്രി കീഴാറ്റൂരിൽ പ്രസംഗിച്ചു. ബംഗാളിൽ ഇടതുപക്ഷം അധികാരത്തിലുള്ള സമയത്ത് സമരം നടന്ന സിംഗൂരിൽ നിന്നുള്ള മണ്ണ് ഇയാൾ വയൽക്കിളികൾക്ക് കൈമാറി. പാളത്തൊപ്പിയൊക്കെ വെച്ചായിരുന്നു ബി ജെ പി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തത്. കുമ്മനം രാജശേഖരൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകി.

ഇതിനിടെ പദ്ധതിയുടെ ത്രി ഡി നോട്ടിഫിക്കേഷൻ ഇറങ്ങി. ക്ഷേത്രത്തിനും ക്ഷേത്രക്കുളത്തിനും മാത്രമല്ല, ഇതുവഴി ഒഴുകുന്ന തോടിനുപോലും ഒരു കോട്ടവും സംഭവിക്കില്ലെന്നും ആറ് ഏക്കൽ ഭൂമി നെൽവയൽ മാത്രമാണ് നഷ്ടപ്പെടുന്നതെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഇതിനിടെ അറുപത് ഭൂവുടമകളിൽ ഭൂരിഭാഗം പേരും ഭൂമി ഏറ്റെടുക്കുന്നതിന് രേഖാമൂലം സമ്മതപത്രവും നൽകി. ഒടുവിൽ നിർദിഷ്ട പ്രദേശത്തുകൂടെ തന്നെ ബൈപാസ് നിർമിക്കുമെന്ന അന്തിമ വിജ്ഞാപനം ഇറങ്ങിയതോടെ ബി ജെ പിയുടെ രാഷ്ട്രീയ നാടകങ്ങളെല്ലാം തകർന്നടിയുകയായിരുന്നു.
അലൈൻമെന്റ് മാറ്റുന്നത് പ്രായോഗികമല്ലെന്ന് ദേശീയപാതാ അതോറിറ്റി പല തവണ പറഞ്ഞിട്ടും എന്തിന് ഇത്തരം ഒരു കളി കളിച്ചൂവെന്ന ജനങ്ങളുടെ ചോദ്യത്തിന് ബി ജെ പി നേതൃത്വം തിരഞ്ഞെടുപ്പിൽ മറുപടി പറയേണ്ടി വരും. കീഴാറ്റൂരിലെയും ശബരിമലയിലെയും ബി ജെ പി നിലപാടുകൾ ചേർത്തുവെച്ചുള്ള വിമർശനമാകും സി പി എം തിരഞ്ഞെടുപ്പിൽ നടത്തുക.

ബൈപ്പാസ് അനിവാര്യമാണെന്നും നിലവിലുള്ള അലൈൻമെന്റ് ഏറ്റവും പ്രായോഗിക മാർഗമാണെന്നുമുള്ള അഭിപ്രായമായിരുന്നു കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്ക് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ ഇവർ സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ രാഷ്ട്രീയ നേട്ടം ബി ജെ പി കൈക്കലാക്കുമെന്ന് മനസ്സിലാക്കി പിന്നീട് കൊടിപിടിച്ചെത്തുകയായിരുന്നു. അന്നത്തെ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ കീഴാറ്റൂരിലെത്തി പിന്തുണ അറിയിച്ചിരുന്നു. ഇതിനെല്ലാം കോൺഗ്രസും മറുപടി പറയേണ്ടി വരും.