Connect with us

Ongoing News

ബൈപ്പാസിലൂടെ ഓടുന്ന രാഷ്ട്രീയം

Published

|

Last Updated

സമീപകാലത്ത് ദേശീയ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് കൊല്ലം ബൈപ്പാസ്. പ്രധാനമന്ത്രി ഒരു ബൈപ്പാസ് ഉദ്ഘാടനം ചെയ്തതിന് പിന്നിലെ ഔചിത്യവും അതിനു പിന്നിലെ രാഷ്ട്രീയവും തന്നെയായിരുന്നു പ്രധാന ചർച്ച. കൊല്ലം, ചവറ, ഇരവിപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിലൂടെയും കൊല്ലം ലോക്‌സഭാ മണ്ഡലത്തിലൂടെയും കടന്ന് പോകുന്ന ബൈപാസ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സജീവ ചർച്ചയാകുമെന്നതിൽ തർക്കമില്ല. സംസ്ഥാനത്തെ പ്രധാന പദ്ധതികളിൽ ഒന്നായ ബൈപ്പാസ് മൂന്ന് മുന്നണികളും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുമെന്ന് ഉറപ്പാണ്. യു ഡി എഫും ബി ജെ പിയും തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെടുമ്പോൾ സംസ്ഥാന സർക്കാറിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് കൊല്ലം ബൈപ്പാസെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.
നാലര പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം നിവാസികളുടെ ചിരകാല സ്വപ്‌ന പദ്ധതി പൂർത്തിയായത്. കാലമേറെ കാത്തിരിക്കേണ്ടി വന്നെങ്കിലും ദീർഘദൂരയാത്രക്കാർക്ക് ഉപകാരപ്പെടുന്ന പദ്ധതി കൂടിയായതിനാൽ ബൈപ്പാസിന് പിന്നിലെ രാഷ്ട്രീയം കൊല്ലത്ത് മാത്രമല്ല സമീപമുള്ള മറ്റ് മണ്ഡലങ്ങളിലേക്കും ചർച്ച ചെയ്യപ്പെടും.

കഴിഞ്ഞ യു ഡി എഫ് സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെയും എം പിമാരായ എൻ കെ പ്രേമചന്ദ്രൻ, പീതാംബരക്കുറുപ്പ് എന്നിവരുടെയും ഇടപെടലാണ് മുടങ്ങിക്കിടന്ന പദ്ധതി വീണ്ടും ആരംഭിക്കാൻ കഴിഞ്ഞതെന്നും പദ്ധതിയുടെ ശിൽപ്പികൾ തങ്ങളാണെന്നുമാണ് യു ഡി എഫ് നേതൃത്വം പറയുന്നത്.
എന്നാൽ ഇതൊന്നുമല്ല എൽ ഡി എഫ് അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും നടത്തിയ ചടുലമായ പ്രവർത്തനങ്ങളാണ് പതിറ്റാണ്ടുകളായി മുടങ്ങികിടന്ന പദ്ധതി രണ്ടര വർഷം കൊണ്ട് പൂർത്തീകരിക്കാൻ സാധിച്ചതെന്നാണ് എൽ ഡി എഫ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കേന്ദ്രസർക്കാറിന്റെ വികസന കാഴ്ചപ്പാടാണ് ബൈപ്പാസ് വേഗം പൂർത്തികരിക്കാൻ സാധിച്ചതിന് പിന്നില്ലെന്ന അവകാശവാദവുമായി ബി ജെ പിയും രംഗത്തുണ്ട്.

വികസനവുമായി ബന്ധപ്പെട്ട ഈ വാദങ്ങളൊക്കെ നിരത്തുമ്പോഴും ബൈപ്പാസ് ഉദ്ഘാടനത്തിന് പിന്നിലെ രാഷ്ട്രീയം ഇടത് – വലത് മുന്നണികൾ ഇപ്പോഴും മണ്ഡലത്തിൽ സജീവമാക്കി നിർത്തുകയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ എം പി പീതാംബരക്കുറുപ്പിനും എൻ കെ പ്രേമചന്ദ്രനും യു ഡി എഫ് നേതൃത്വം ബൈപ്പാസിൽ പ്രത്യേക സ്വീകരണം ഒരുക്കിയത് ദിവസങ്ങൾക്ക് മുമ്പാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ബൈപ്പാസ് കഴിഞ്ഞമാസം 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിന് പിന്നിലെ രാഷ്ട്രീയം നേതാക്കൾ അവരവരുടെ താത്പര്യത്തിനനുസരിച്ച് വിവിധ വേദികളിൽ വാക്ശരങ്ങളായി ഉപയോഗിക്കുന്നുണ്ട്.
നരേന്ദ്രമോദിയെ ഉദ്ഘാടനത്തിന് കൊണ്ടുവന്നതിന് പിന്നിൽ മണ്ഡലത്തിലെ എം പി. എൻ കെ പ്രേമചന്ദ്രന്റെ ഇടപെടലാണെന്നും ബി ജെ പിയും പ്രേമചന്ദ്രനും തമ്മിലെ അവിശുദ്ധകൂട്ടുകെട്ടാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും എൽ ഡി എഫ് നേതാക്കൾ ആരോപിക്കുന്നു.

എന്നാൽ നിലവിലെ എം പി എൻ കെ പ്രേമചന്ദ്രൻ ഇതിനെ ശക്തമായ ഭാഷയിലാണ് പ്രതിരോധിക്കുന്നത്. എൽ ഡി എഫ് നേതാക്കൾ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നതെന്നും സി പി എമ്മിനെ എതിർക്കുന്നവരെല്ലാം ബി ജെ പിയാക്കുന്നത് ഇവരുടെ പതിവ് രീതിയാണെന്നുമാണ് ആർ എസ് പി നേതാവ് കൂടിയായ എൻ കെ പ്രേമചന്ദ്രൻ പറയുന്നത്. ഇരുമുന്നണികളും പരസ്പരം പോരടിക്കുമ്പോഴും തങ്ങളുടെ പദ്ധതിയാണെന്ന് സ്ഥാപിക്കാനുള്ള ബി ജെ പിയുടെ നീക്കത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്നതോടെ ഒരുപരിധിവരെ വിജയം നേടാനായി എന്ന് വിലയിരുത്തുന്നവരും ചെറുതല്ല.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ഇടത് മുന്നണി നേതാക്കളും പ്രവർത്തകരും ബൈപ്പാസിലൂടെ റോഡ് ഷോ നടത്തിയിരുന്നു. ഇതിൽ മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന രാജ്യസഭാ മുൻ എം പി കെ എൻ ബാലഗോപാൽ ഉൾപ്പെടെ സജീവമായി പങ്കെടുത്തിരുന്നു. ഈ റാലിക്ക് പിന്നാലെ എൻ കെ പ്രേമചന്ദ്രൻ എം പി , ഡി സി സി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ യു ഡി എഫ് പ്രവർത്തകരും റോഡ് ഷോ നടത്തി. ഇതിന്റെ എല്ലാം പിന്നിൽ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയം തന്നെയായിരുന്നു.

ഇടത് എം എൽ എൽമാർ പ്രതിനിധാനം ചെയ്യുന്ന മൂന്ന് മണ്ഡലങ്ങളിലൂടെയാണ് ബൈപ്പാസ് കടന്ന് പോകുന്നത്. ഇതിൽ ചവയിലെ വിജയൻപിള്ളയെയും, കൊല്ലത്തെ എം മുകേഷിനെയും ബൈപ്പാസ് ഉദ്ഘാടന വേദിയിൽ പ്രവേശിക്കാൻ അനുമതി നൽകിയപ്പോൾ മറ്റൊരു മണ്ഡലമായ ഇരവിപുരം എം എൽ എ എം നൗഷാദിനും കൊല്ലം മേയർ അഡ്വ. വി രാജേന്ദ്ര ബാബുവിനും അനുമതി നിഷേധിച്ചതും വലിയ രാഷ്ട്രീയ വിവാദമായിരുന്നു. മുടങ്ങിക്കിടക്കുന്ന ബൈപ്പാസ് പൂർത്തീകരി ക്കുമെന്ന വാഗ്ദാനമാണ് മുന്നണികൾ മുൻകാലങ്ങളിൽ നൽകിയിരുന്നതെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ പദ്ധതി പൂർത്തിയാക്കിയതിന് പിന്നിൽ തങ്ങളാണെന്ന് സ്ഥാപിക്കാനാകും അവർ ഇനി ശ്രമിക്കുക. എന്നാൽ, കൊല്ലം ബൈപ്പാസിലൂടെ ഓടുന്ന രാഷ്ട്രീയ വണ്ടികൾ ജനങ്ങളെ സ്വാധീനിക്കുമോയെന്നത് പ്രവചനാതീതമാണ്.

മുനീർ കുമരംചിറ