സര്‍വകലാശാലകളില്‍ സംവാദ അന്തരീക്ഷം നിലനിര്‍ത്തണം: എസ്എസ്എഫ്

Posted on: February 24, 2019 9:27 pm | Last updated: February 24, 2019 at 9:27 pm

ന്യൂഡല്‍ഹി: ബഹുസ്വരത ഇല്ലാതാക്കും വിധം രാജ്യത്തെ സര്‍വകലാശാലകളില്‍ നില നില്‍ക്കുന്ന ഭയവും അരക്ഷിതാവസ്ഥയും കലാലയത്തിലെ സര്‍ഗാത്മക സംവാദാന്തരീക്ഷം തകരാനിടയാക്കുന്നുവെന്ന് എസ്എസ്എഫ് ദേശീയ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തെ സംവാദാത്മകമായി നിലനിര്‍ത്തുന്നതിലും വികസിപ്പിക്കുന്നതിലും രാജ്യത്തെ സര്‍വകലാശാലകള്‍ വലിയ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്.ക്യാമ്പസുകളില്‍ നിന്നുയര്‍ന്ന സര്‍ഗാത്മ ചര്‍ച്ചകളും ചിന്തകളും ചരിത്രരൂപീകരണത്തിനു നല്‍കിയ പങ്ക് ചെറുതല്ല. വിരുദ്ധ ആശയങ്ങളെ ജനകീയ സംവാദങ്ങളിലൂടെ ക്രിയാത്മകമായി മിനുക്കിയെടുത്താകണം നവഭാരത സ്വപ്നങ്ങള്‍ രൂപീകരിക്കേണ്ടത്.ഭിന്നസ്വരങ്ങളെ കായികപരമായി അടിച്ചമര്‍ത്തുന്നവരെ യൂണിവേഴ്‌സിറ്റികളുടെ ഔദ്യോഗിക തലപ്പത്ത് നിയോഗിക്കരുത്.രാജ്യത്തെ വ്യത്യസ്ത മതജാതിപ്രദേശ അസ്ഥിത്വങ്ങളുടെ പ്രകാശന വേദിയായ കലാലയങ്ങളില്‍ സംവാദാന്തരീക്ഷം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുക തന്നെ വേണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. റിട്ടേണിംഗ് ഓഫീസര്‍ ആര്‍ പി ഹുസൈന്‍ കൗണ്‍സില്‍ നിയന്ത്രിച്ചു. ദേശീയ അധ്യക്ഷന്‍ ഷൗക്കത്ത് ബുഖാരി അധ്യക്ഷത വഹിക്കുകയും സെക്രട്ടറി സിദ്ദിഖ് കര്‍ണാടക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു