വോട്ടിനുള്ള കൈക്കൂലി: മോദി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ പദ്ധതിക്കെതിരെ പി ചിദംബരം

Posted on: February 24, 2019 4:21 pm | Last updated: February 24, 2019 at 5:48 pm

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ പദ്ധതിയായ ‘പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി’ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ പി ചിദംബരം. വോട്ടിനു വേണ്ടിയുള്ള കൈക്കൂലിയല്ലാതെ മറ്റൊന്നുമല്ല പദ്ധതിയെന്നും തിരഞ്ഞെടുപ്പു കമ്മീഷന് ഇത് തടയാനാകാത്തത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ലഭിക്കാനായി കര്‍ഷക കുടുംബങ്ങള്‍ക്ക് ആനുകൂല്യം പ്രഖ്യാപിക്കുകയാണ്. വോട്ട് കിട്ടാന്‍ കൈക്കൂലി കൊടുക്കുന്നതിലും അപമാനകരമായ മറ്റൊരു കാര്യം ജനാധിപത്യ സമൂഹത്തിലില്ലെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചിദംബരം വ്യക്തമാക്കി.

പദ്ധതി കര്‍ഷകര്‍ക്ക് ഭിക്ഷ നല്‍കുന്നതിന് തുല്യമാണെന്ന ആരോപണവുമായി ബി എസ് പി നേതാവ് മായാവതിയും രംഗത്തെത്തി. വര്‍ഷം 6000 രൂപ നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്ക് മാസത്തില്‍ ആകെ ലഭിക്കുക 500 രൂപയാണ്. ദിവസം 17 രൂപയും. ബി ജെ പിയുടെയും മോദിയുടെയും കര്‍ഷക സ്‌നേഹം കപടമാണെന്നതിന് ഇതില്‍പരം തെളിവെന്തു വേണം- മായാവതി ചോദിച്ചു.

രാജ്യത്തെ 12 കോടി വരുന്ന കര്‍ഷകര്‍ക്ക് ബേങ്ക് അക്കൗണ്ട് മുഖാന്തരം ആറായിരം രൂപ മൂന്നു ഗഡുക്കളായി നല്‍കുന്നതാണ് കിസാന്‍ സമ്മാന്‍നിധി. രണ്ട്‌ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ അംഗമാകാം. ഇന്ന് യു പിയിലെ ഗോരക്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.