ട്രെയിനില്‍ നിന്നു വീണ യുവാവിനെ ചുമലിലെടുത്ത് പോലീസുകാരന്‍ ഓടിയത് രണ്ടു കിലോമീറ്റര്‍; വൈറലായി വീഡിയോ

Posted on: February 24, 2019 1:25 pm | Last updated: February 24, 2019 at 2:51 pm

ഹോഷിംഗബാദ്: ട്രെയിനില്‍ നിന്ന് പുറത്തേക്കു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ചുമലിലേറ്റി പോലീസുകാരന്‍ ഓടിയത് രണ്ടു കിലോമീറ്റര്‍. കോണ്‍സ്റ്റബിള്‍ പൂനം ബില്ലോറിന്റെ സമയോചിത ഇടപെടല്‍ അജിത്ത് എന്ന ഇരുപതുകാരന്റെ ജീവന്‍ രക്ഷിച്ചു.
മധ്യപ്രദേശിലെ മലാല്‍വയിലാണ് സംഭവം.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഒരാള്‍ പുറത്തേക്കു തെറിച്ചു വീണതായി പ്രദേശവാസിയില്‍ നിന്ന് വിവരം ലഭിച്ചതോടെയാണ് പൂനം ബില്ലോറും പോലീസ് ഡ്രൈവര്‍ രാഹുല്‍ സക്കാലെയും സംഭവ സ്ഥലത്തെത്തിയത്.

റെയില്‍വേ ഗേറ്റില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അജിത്ത് വീണത്. വാഹനമെത്തിക്കാന്‍ കഴിയുന്നിടത്തായിരുന്നല്ല ഈ സ്ഥലം. കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ അജിത്തിനെയും ചുമലിലെടുത്ത് പൂനം ജീപ്പ് നിര്‍ത്തിയിട്ടിരുന്ന റെയില്‍വേ ഗേറ്റിനു സമീപത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

തലക്കു സാരമായി പരുക്കേറ്റ അജിത്ത് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.