Connect with us

Ongoing News

ഓഡിഷന്‍ സ്റ്റാര്‍ട്ട് ! ഇന്ത്യ-ആസ്‌ത്രേലിയ ആദ്യ ട്വന്റി20 ഇന്ന്

Published

|

Last Updated

വിശാഖപട്ടണം: ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ സി സി ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ഓഡിഷന്‍ ഇന്നാരംഭിക്കും ! ആസ്‌ത്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇന്ന് വിശാഖപട്ടണത്ത് ട്വന്റി20 മത്സരത്തോടെ തുടക്കം. മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്റാണിത്. രണ്ട് ട്വന്റി20കള്‍ക്ക് ശേഷം അഞ്ച് ഏകദിനങ്ങളും കങ്കാരുപ്പട ഇന്ത്യക്കെതിരെ കളിക്കും.

മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ പരമ്പരയിലെ പ്രധാന ആകര്‍ഷണം റിഷഭ് പന്തും വിജയ് ശങ്കറുമാണ്. ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിക്കാന്‍ മത്സരിക്കുന്ന രണ്ട് പ്രതിഭകളാണിവര്‍.

ലോകകപ്പ് സ്‌ക്വാഡില്‍ ദിനേശ് കാര്‍ത്തിക്കിന് സ്ഥാനമുണ്ടാകില്ലെന്ന് സൂചന നല്‍കിയ സെലക്ടര്‍മാര്‍ റിഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കാനാണ് ശ്രമിക്കുന്നത്. ആള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വിജയ് ശങ്കറിന് മികവ് തെളിയിക്കാനുള്ള അവസരമാണിത്. അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള കഴിവ് ശങ്കര്‍ തെളിയിച്ചതാണ്. അറിയാനുള്ളത് പന്തെടുക്കുമ്പോഴുള്ള വിജയ് ശങ്കറിന്റെ മികവാണ്.

ഏകദിന സ്‌ക്വാഡില്‍ നിന്ന് തഴയപ്പെട്ട ദിനേശ് കാര്‍ത്തിക്കിന് ലോകകപ്പ് ടീമിലിടം കണ്ടെത്താനുള്ള അവസാന സാധ്യതയാണ് ട്വന്റി20 പരമ്പര. ന്യൂസിലാന്‍ഡിനെതിരെ നിര്‍ണായകമായ ടി20യില്‍ ഇന്ത്യ നാല് റണ്‍സിന് തോറ്റപ്പോള്‍ ഏറെ പഴികേട്ടത് ദിനേശ് കാര്‍ത്തിക്കായിരുന്നു. ക്രുനാല്‍ പാണ്ഡ്യക്ക് സ്‌െ്രെടക്ക് നല്‍കാന്‍ മടികാണിച്ച ദിനേശ് കാര്‍ത്തിക്കിന് വിജയ റണ്‍സ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
നമ്പര്‍ വണ്‍ പേസര്‍ ജസ്പ്രീത് ബുമ്‌റയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ക്യാമ്പിന് പുത്തന്‍ ആത്മവിശ്വാസം നല്‍കുന്നു. ന്യൂസിലാന്‍ഡിനെതിരെ ബുമ്‌റക്ക് വിശ്രമമായിരുന്നു. ടി20 ക്രിക്കറ്റില്‍ അമ്പത് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ബുമ്‌റക്ക് രണ്ട് വിക്കറ്റുകള്‍ കൂടി മതി.
ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ലെഗ് ബ്രേക്ക് ബൗളര്‍ മായങ്ക് മാര്‍കണ്ഡെ സ്‌ക്വാഡിലുണ്ട്. എന്നാല്‍, ആദ്യ ഇലവനില്‍ ഇടം ലഭിച്ചേക്കില്ല. യുവേന്ദ്ര ചഹലും ക്രുനാല്‍ പാണ്ഡ്യയും മികച്ച ഫോമിലാണെന്നത് തന്നെ കാരണം.

ആസ്‌ത്രേലിയക്കെതിരെ ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ട്. പതിനൊന്ന് ജയം ഇന്ത്യ നേടിയപ്പോള്‍ ഓസീസിന് ആറ് ജയം മാത്രം. അവസാനം കളിച്ച രണ്ട് പരമ്പരകളും സമനിലയായി. 2017 ല്‍ ഇന്ത്യയില്‍ വെച്ചും 2018ല്‍ ആസ്‌ത്രേലിയയില്‍ വെച്ചുമായിരുന്നു ഈ സമനില പരമ്പരകള്‍. 2016 ല്‍ എം എസ് ധോണിയുടെ ടീം 30ന് പരമ്പര നേടി.
വിരാട് കോലിയുടെ ഫോം ആണ് എതിരാളികള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി 38 മത്സരങ്ങളാണ് കോലി കളിച്ചത്. നേടിയത് 2735 റണ്‍സ്. ഏകദിനത്തില്‍ പതിനാല് ഇന്നിംഗ്‌സുകളില്‍ 133.55 ശരാശരിയില്‍ അടിച്ച് കൂട്ടിയത് 1202 റണ്‍സ്. ആറ് സെഞ്ച്വറികളും മൂന്ന് അര്‍ധസെഞ്ച്വറികളും കോലി നേടിയിരുന്നു. പതിമൂന്ന് ട്വന്റി20 മത്സരങ്ങളില്‍ നിന്ന് കോലി നേടിയത് അഞ്ച് അര്‍ധസെഞ്ച്വറികള്‍.

ആസ്‌ത്രേലിയയെ നയിക്കുന്നത് ആരോണ്‍ ഫിഞ്ചാണ്. മൂന്ന് മാസം മുമ്പ് ഇന്ത്യക്കെതിരെ ട്വന്റി20 പരമ്പര കളിച്ചതിന് ശേഷം ഇപ്പോഴാണ് ട്വന്റി20 കളിക്കുന്നത്. അന്താരാഷ്ട്ര മത്സരം കുറഞ്ഞ് പോയെങ്കിലും ഓസീസിനെ അത് അലട്ടുന്നില്ല. ബിഗ് ബാഷ് ലീഗിലായിരുന്നു ഭൂരിഭാഗം കളിക്കാരും. മെല്‍ബണ്‍ ക്ലബ്ബുകള്‍ ഫെബ്രുവരി 17ന് ഏറ്റുമുട്ടിയ ഫൈനലില്‍ കളിച്ച ആറ് പേര്‍ ഓസീസ് ടീമിലുണ്ട്. ഇന്ത്യന്‍ ക്യാമ്പിനെ അസ്വസ്ഥമാക്കുന്നതും ഇതാണ്.
പ്ലെ

യര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയ ഡാര്‍സി 15 ബിബിഎല്‍ മത്സരത്തില്‍ നിന്ന് 53.08 ശരാശരിയില്‍ 637 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ബിഗ് ബാഷില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ കാന്‍ റിചാര്‍ഡ്‌സനും ഓസീസ് നിരയിലുണ്ട്.

സ്‌ക്വാഡ് ഇന്ത്യ : വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈ.ക്യാപ്റ്റന്‍, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്്, ദിനേശ് കാര്‍ത്തിക്ക്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യെ, വിജയ് ശങ്കര്‍, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബുമ്‌റ, ഉമേഷ് യാദവ്, സിദ്ധാര്‍ഥ് കൗള്‍, മായങ്ക് മാര്‍കണ്ഡെ.

ആസ്‌ത്രേലിയ സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്, പാറ്റ് കുമിന്‍സ്, അലക്‌സ് കാരെ, ജാസണ്‍ ബെഹ്‌റെന്‍ഡോഫ്, നാഥതന്‍ കോള്‍ട്ടര്‍ നീല്‍, പീറ്റര്‍ ഹാന്‍സ്‌കോംപ്, ഉസ്മാന്‍ ഖ്വാജ, നഥാന്‍ ലിയോണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ജെയ് റിചാര്‍ഡസന്‍, കാന്‍ റിചാര്‍ഡ്‌സന്‍, മാര്‍കസ് സ്‌റ്റോയിനിസ്, ആഷ്ടന്‍ ട്രര്‍ണര്‍, ആദം സാംപ.

Latest