കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗൺസിലുകൾക്ക് ഇന്ന് തുടക്കം

Posted on: February 23, 2019 1:27 pm | Last updated: February 23, 2019 at 1:27 pm

കോഴിക്കോട്: പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടുള്ള കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വാർഷിക കൗൺസിലുകൾക്ക് ഇന്ന് തുടക്കം. മെമ്പർഷിപ്പ് ക്യാമ്പയിനിനെത്തുടർന്ന് യൂനിറ്റ്, സർക്കിൾ, സോൺ കൗൺസിലുകൾ പൂർത്തിയാക്കിയാണ് ജില്ലാതല പുനഃസംഘടനയിലേക്ക് കടക്കുന്നത്. സംസ്ഥാന നേതൃത്വം നിശ്ചയിച്ച റിട്ടേണിംഗ് ഓഫീസർമാരുടെയും നിരീക്ഷകരുടെയും നേതൃത്വത്തിലാണ് ജില്ലാ പുനഃസംഘടന നടക്കുന്നത്.

ഇന്ന് കൊളത്തൂർ ഇർശാദിയ്യയിൽ ചേരുന്ന മലപ്പുറം ജില്ലാ കൗൺസിൽ സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, പ്രൊഫ. യു സി അബ്ദുൽ മജീദ്, പ്രൊഫ. കെ എം എ റഹീം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പേരോട് അബ്ദുർറഹ്മാൻ സഖാഫി പുനഃസംഘടന നിയന്ത്രിക്കും.

നാളെ ആലപ്പുഴ, തൃശൂർ ജില്ലകളിലും കൗൺസിൽ നടക്കും. ആലപ്പുഴയിൽ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എൻ അലി അബ്ദുല്ലയും തൃശൂരിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂരും നേതൃത്വം നൽകും. 27ന് കാസർകോട്ടും മാർച്ച് നാലിന് പാലക്കാട്, കോഴിക്കോട് ജില്ലകളിലും ഏഴിന് നീലഗിരിയിലും എട്ടിന് പത്തനംതിട്ടയിലും ഒമ്പതിന് കണ്ണൂരിലും 10ന് തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലും കൗൺസിലുകൾ നടക്കും. മാർച്ച് 15,16 തീയതികളിൽ മലപ്പുറത്ത് വെച്ചാണ് സംസ്ഥാന കൗൺസിൽ ചേരുന്നത്.